Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തൊൻപതു വയസ്സുകാരൻ അറുപതുകാരനെപ്പോലെ

oldage

ആറും അറുപതും ഒരുപോലെ എന്ന ചൊല്ലുണ്ട്. പത്തൊൻപതും അറുപതും എന്ന് അത് തിരുത്താമെന്നു തോന്നുന്നു. ചടഞ്ഞു കൂടിയിരിക്കുന്ന കാര്യത്തിൽ 19 വയസുകാർ 60 കാർക്ക് തുല്യമെന്ന് പഠനം.

പൊണ്ണത്തടിയുള്ളവരുടെ എണ്ണം പകർച്ചവ്യാധിപോലെ കൂടിവരുന്ന ഈ കാലത്ത് വ്യായാമം ഇല്ലായ്മയാണ് അതിനു പ്രധാനകാരണം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കുട്ടികളിലും കൗമാരക്കാരിലും ശാരീരിക പ്രവർത്തനങ്ങളുടെ അളവ് വളരെ കുറവാണെന്നു കണ്ടു. ഇരുപതു വയസു കഴിഞ്ഞവരിൽ മാത്രമാണ് അൽപ്പമെങ്കിലും ശരീരം അനങ്ങി പ്രവൃത്തിയെടുക്കുന്നതായി കണ്ടത്. 35 വയസാകുമ്പോഴേക്കും ശാരീരിക പ്രവർത്തനങ്ങളുടെ അളവ് കുറഞ്ഞു വരുന്നു. മധ്യവയസ്സിലും വാർധക്യത്തിലും ഇതുപോലെ കുറഞ്ഞ ശാരീരിക പ്രവർത്തനങ്ങളാണ് തുടരുന്നതെന്ന് ജോൺസ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകനായ വാദിം സിപുന്നിക്കോവിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കണ്ടു.

കൗമാര പ്രായം കഴിയുമ്പോഴേക്കും ശാരീരിക പ്രവർത്തനങ്ങളുടെ അളവ്  വളരെ കുറഞ്ഞ് 19 വയസ്സ് ആകുമ്പോഴേക്കും അവർ 60 വയസ്സുകാരെപ്പോലെയാകുന്നുവെന്ന് പ്രവന്റീവ് മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

2003 മുതൽ 2006 വരെ കാലയളവിലെ നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷന്‍ സർവേയുടെ വിവരങ്ങളാണ് ഗവേഷകർ പഠനത്തിനുപയോഗിച്ചത്.

പഠനത്തിൽ പങ്കെടുത്ത 12529 പേരും ഒരു ഉപകരണം ഏഴു ദിവസം ധരിച്ചു. ഉറങ്ങുമ്പോഴും കളിക്കുമ്പോഴും മാത്രമാണ് ഇവ ഊരിവച്ചത്. എത്ര സമയം വെറുതെയിരിക്കുന്നു എന്നും. ലളിതമായതു മുതൽ കഠിന വ്യായാമത്തിൽ എത്രസമയം മുഴുകുന്നു എന്നതും ഈ ഉപകരണം രേഖപ്പെടുത്തി.

വിവിധ പ്രായത്തിൽപ്പെട്ടവരെ അഞ്ചു വിഭാഗങ്ങൾ ആക്കിയാണ് പഠനഫലം അവതരിപ്പിച്ചത്. 6 മുതൽ 11 വയസു വരെ ഉള്ളവർ കുട്ടികൾ, 20 മുതൽ 29 വയസുവരെ ഉള്ളവര്‍ ചെറുപ്പക്കാർ, 31 മുതൽ 59 വയസ്സു വരെ മധ്യവയസ്കരായവർ, 60 മുതൽ 84 വരെ മുതിർന്ന പൗരന്മാർ എന്നിങ്ങനെ തരംതിരച്ചു. പഠനത്തിൽ പങ്കെടുത്തവരിൽ 51% സ്ത്രീകളും 49 ശതമാനം പുരുഷന്മാരും ആയിരുന്നു.

20 വയസ്സുകാരിൽ മാത്രമാണ് ശാരീരിക പ്രവർത്തനങ്ങൾ കൂടുതലായി കണ്ടത്. കൗമാരക്കാരെ അപേക്ഷിച്ച് രാവിലെയാണ് ഇവര്‍ ആക്ടീവ് ആകുന്നത്. ശാരീരിക പ്രവർത്തനങ്ങളുടെ അളവ് (Activity level) സ്ത്രീകളെക്കാൾ പുരുഷന്മാരിലാണ് കണ്ടത്. എന്നാൽ മധ്യവയസ്സിനു ശേഷം പുരുഷന്മാരിൽ സ്ത്രീകളെ അപേക്ഷിച്ച് പ്രവർത്തനങ്ങൾ കുറയുന്നു.

60 വയസ്സിനു മുകളിലുള്ള പുരുഷന്മാർ കൂടുതലും ചടഞ്ഞു കൂടിയിരിക്കുന്നവരും സ്ത്രീകളെക്കാൾ കുറഞ്ഞ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ആണെന്നു കണ്ടു.

സ്കൂൾ കുട്ടികൾക്ക് ഉച്ചയ്ക്ക് 2 മുതൽ 6 മണി വരെയാണ് ശാരീരിക പ്രവർത്തനത്തിന് പറ്റിയ സമയം. എന്നാൽ ദിവസവും ഉള്ള സ്കൂൾ പ്രവർത്തനങ്ങളെ എങ്ങനെ മോഡിഫൈ ചെയ്യാം എന്നത് ഒരു ചോദ്യമാണ്.

5 മുതൽ 17 വയസ്സുവരെ ഉള്ളവർ ദിവസവും ഒരു മണിക്കൂറെങ്കിലും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടണം എന്നാണ് ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. എന്നാൽ 6 മുതൽ 11 വയസുവരെ പ്രായമുള്ള ഇരുപത്തഞ്ചു ശതമാനത്തിലധികം ആൺകുട്ടികളും 12 മുതൽ 19 വയസ്സുവരെയുള്ള കൗമാരക്കാരിൽ 50 ശതമാനം ആൺകുട്ടികളും 75 ശതമാനം പെൺകുട്ടികളും ഈ നിർദേശം പാലിക്കുന്നില്ല എന്നു കണ്ടു.

Read more : ആരോഗ്യവാർത്തകൾ