Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷാദരോഗം: ചില അബദ്ധധാരണകൾ

stress

നമുക്കിടയിൽത്തന്നെയുള്ള ചിലർ വിഷാദരോഗത്തിന് അടിമപ്പെട്ടവരാണ് എന്ന കാര്യം എപ്പോഴെങ്കിലും ശ്രദ്ധിക്കാറുണ്ടോ? മറ്റു പല മാനസിക–ശാരീരിക രോഗാവസ്ഥകൾ പോലെയല്ല വിഷാദം. പലപ്പോഴും ഈ രോഗം ബാധിച്ചവർക്കോ അവരുമായി അടുത്തിടപഴകുന്നവർക്കോ വിഷാദരോഗം തിരിച്ചറിയാൻ കഴിയണമെന്നില്ല. ഈ രോഗാവസ്ഥയെക്കുറിച്ചുള്ള അജ്ഞതയാണ് പ്രധാനകാരണം. എപ്പോഴും മൂഡ് ഓഫാണെന്നു പരാതി പറയുന്നവരെയും തനിച്ചിരിക്കാൻ താൽപര്യപ്പെടുന്നവരെയും മറ്റുള്ളവരിൽ നിന്ന് ഒഴിഞ്ഞുമാറുന്നവരെയും പ്രത്യേകം ശ്രദ്ധിക്കണം. അവർ ഒരുപക്ഷേ വിഷാരോഗത്തിന്റെ പിടിയിൽ ആയിരിക്കാം. എന്നുവച്ച് എല്ലാവരും അങ്ങനെയാകണമെന്നില്ല. ചിലപ്പോൾ അതവരുടെ സ്വഭാവത്തിന്റെ ഭാഗവുമായേക്കാം. വിഷാദരോഗത്തെക്കുറിച്ച് നമുക്കുള്ള ചില മിഥ്യാധാരണകൾ ചുവടെ പറയാം. അതു മാറ്റിയെടുക്കുകയാണ് ആദ്യം വേണ്ടത്. 

∙മനക്കരുത്തില്ലാവർക്കാണ് വിഷാദരോഗം പിടിപെടുന്നത്. തെറ്റാണിത്. എത്ര മനക്കരുത്തുള്ളവരും പതറിപ്പോകുന്നതായി മനശ്ശാസ്ത്രപഠനങ്ങൾ സൂചിപ്പിക്കുന്നു. അതുകൊണ്ട് മനക്കരുത്തുള്ളവനാണ്, തനിയെ ശരിയായിക്കോളൂം എന്ന് രോഗിയെക്കുറിച്ച് മുൻവിധി അരുത്

∙ഏതെങ്കിലും സംഭവത്തിന്റെ ഷോക്കിൽനിന്നാണ് വിഷാദം പിടിപെടുന്നത്. ഇതും തെറ്റായ കാര്യമാണ്. ജീവിതത്തിൽ പെട്ടെന്നൊരുനിമിഷത്തെ ഷോക്ക് കൊണ്ടുമാത്രമാകണമെന്നില്ല വിഷാദം. ജീവിതസാഹചര്യങ്ങളോടുള്ള പ്രതിഷേധസൂചകമായി മനസ്സ് സ്വയം കണ്ടെത്തുന്ന ഒരു ഒളിച്ചോട്ടവുമായേക്കാം. അതുകൊണ്ട് വിഷാദരോഗിക്ക് ഷോക്ക് സമ്മാനിച്ച സംഭവം തേടി പോകേണ്ട കാര്യമില്ല.

∙വിഷാദം ഒരു ഗുരുതര രോഗമല്ല– ഇതും തെറ്റാണ്. കൃത്യമായ പരിചരണവും മരുന്നും ലഭിച്ചില്ലെങ്കിൽ വിഷാദം കടുത്ത മാനസിക രോഗത്തിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് വിഷാദത്തെ തീരെ നിസ്സാരമായി കാണരുത്. 

∙സ്ത്രീകൾക്കാണ് വിഷാദം ബാധിക്കുക. – തെറ്റിദ്ധാരണയാണിത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ അവസ്ഥ പിടിപെടാൻ സാധ്യതയുണ്ട്. മനസ്സിൽ പ്രശ്നങ്ങൾ അടക്കിപ്പിടിച്ച് ജീവിക്കുന്നത് സ്ത്രീയായാലും പുരുഷനായാലും ശരിയല്ല.

∙നല്ല ഭക്ഷണവും വസ്ത്രവും സാമ്പത്തികശേഷിയും ഉള്ളവർക്ക് വിഷാദം പിടിപെടില്ല എന്നു കരുതരുത്. മനസ്സിന്റെ സന്തോഷം നഷ്ടപ്പെടുമ്പോഴാണ് വിഷാദത്തിന് അടിമപ്പെടുക. സാമ്പത്തികഭദ്രത മനസ്സിനെ സന്തോഷിപ്പിക്കണമെന്നില്ല

∙വിഷാദത്തിന് മരുന്ന് കഴിച്ചാൽ ഭ്രാന്ത് പിടിപെടുമെന്നത് അബദ്ധധാരണയാണ്. കൃത്യമായി മരുന്നുകഴിച്ചില്ലെങ്കിലാണ് കുഴപ്പമാകുക. മരുന്നു മാത്രം പോര, സന്തോഷമുള്ള ജീവിതപശ്ചാത്തലം രോഗിക്ക് സമ്മാനിക്കുകയും വേണം.

Read more : Health News