Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടിക്കാലത്തെ ആസ്ത്‌മ ഹൃദ്രോഗസാധ്യത കൂട്ടും

childhood-asthma

കുട്ടിക്കാലത്ത് ആസ്ത്‌മയുള്ളവർ മുതിരുമ്പോൾ നെഞ്ചുവേദന, ബോധക്കേട് തുടങ്ങി ക്രമേണ ഹൃദയത്തിനു തകരാറു സംഭവിക്കാമെന്നു ഗവേഷകർ മുന്നറിയിപ്പ് നല്‍കുന്നു. ലോകത്ത് ദശലക്ഷക്കണക്കിനു പേരാണ് ആസ്ത്‌മ മൂലം വിഷമിക്കുന്നത്. 

കുട്ടിക്കാലത്തെ ആസ്ത്‍മ ഹൃദയത്തിന്റെ ഇടതു വെൻട്രിക്കിളിനു കട്ടികൂട്ടുന്നതിലേക്കു നയിക്കാമെന്നും അത് ലെഫ്റ്റ് വെൻട്രിക്കുലർ ഹൈപ്പർ ട്രോഫി (LVH) എന്ന അവസ്ഥയിലെത്തിക്കുമെന്നും പഠനം പറയുന്നു. (ഹൃദയത്തിന്റെ നാല് അറകളിൽ ഒന്നായ ഇടതു വെൻട്രിക്കിൾ ആണ് ശരീരകലകളിലേക്ക് ശുദ്ധ രക്തം  പമ്പു ചെയ്യുന്നത്.) ഹൃദയപേശികളുടെ ഇലാസ്റ്റികത നഷ്ടപ്പെട്ട് രക്തം പമ്പ് ചെയ്യാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ് എൽ വി എച്ച്. ജനസംഖ്യയിൽ 14.9 ശതമാനം പുരുഷന്മാർക്കും 9.1 ശതമാനം സ്ത്രീകൾക്കും എൽ. വി. എച്ച്  വരാൻ സാധ്യതയുണ്ട്.

മറ്റു ഹൃദ്രോഗസാധ്യതാ ഘടകങ്ങൾ ഒന്നുമില്ലെങ്കിലും കുട്ടിക്കാലത്ത് ആസ്ത്‌മയുണ്ടായിരുന്ന മുതിർന്ന ചെറുപ്പക്കാരിൽ ലെഫ്റ്റ് വെൻട്രിക്കുലാർ മാസ് ഇൻഡക്സിന് സാധ്യത വളരെ കൂടുതലാണെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ യു എസിലെ ടുലെൻ സർവകലാശാല ഡയറക്ടറായ ടുലേൻ സർവകലാശാല ഡയറക്ടറായ ലു ക്വി പറയുന്നു.

മുതിർന്നവരിലെ ആസ്ത്‌മ നേരത്തെയുള്ള മരണത്തിനും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകും എന്നാണ് എപ്പിഡെമിയോളജിക്കൽ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

എൽ വി എച്ച് ബാധിച്ച് ആദ്യഘട്ടങ്ങളിൽ ലക്ഷണങ്ങളൊന്നും അനുഭവപ്പെട്ടില്ല. ദീർഘമായി ശ്വാസം എടുക്കാൻ ആകാതെ വരുക, നെഞ്ചുവേദന, ക്ഷീണം, ഹാർട്ട് പാൽപ്പിറ്റേഷന്‍, ബോധക്കേട് ഇവയെല്ലാമാണ് രോഗലക്ഷണങ്ങൾ. ഉയർന്ന രക്തസമ്മർദം ഉള്ളവരിൽ എൽ വി എച്ച് വരാനുള്ള സാധ്യത കൂടുതലാണ്.

പഠനത്തിനായി ലു ക്വിയും കൂട്ടരും 1118 പേരുടെ ആരോഗ്യ വിവരങ്ങൾ പരിശോധിച്ചു. കുട്ടിക്കാലം മുതലുള്ള ആസ്ത്‌മ ചരിത്രം വിവരിക്കുന്ന ചോദ്യാവലി ഇവർ പൂരിപ്പിച്ചു. ഇവരിൽ 10 വർഷക്കാലത്തെ തുടർ പഠനം നടത്തി. എക്കോകാർഡിയോഗ്രഫി ഉപയോഗിച്ച് ഇക്കാലയളവിൽ 2 മുതൽ 4 വരെ തവണ ഇടതുവെൻട്രിക്കിളിന്റെ പ്രവർത്തനം മനസിലാക്കി.

കുട്ടിക്കാലത്ത് ആസ്ത്‌മ ഉണ്ടായിരുന്നവർക്ക് ലെഫ്റ്റ് വെൻട്രിക്കുലാർ മാസ് ഇൻഡക്സ് (LVMI) കൂടുതലാണെന്നു കണ്ടു. ഉയർന്ന രക്തസമ്മർദം ഉള്ളവരിൽ ആസ്ത്‍‌‌മ ചരിത്രവും എൽ വി എം ഐയും തമ്മിലുള്ള ബന്ധം ശക്തമായിരുന്നെന്നു കണ്ടു.

മറ്റു ഘടകങ്ങളായ പുകവലി, പ്രായം, ഹൃദയമിടിപ്പ്, രക്തസമ്മർദത്തിന്റെ മരുന്നുപയോഗം മുതലായ ഘടകങ്ങൾ പരിശോധിച്ചെങ്കിലും ഈ കണ്ടെത്തലിന് മാറ്റമുണ്ടായിട്ടില്ല.

ആസ്ത്‌മ ചരിത്രം ഉള്ളവർ പ്രത്യേകിച്ചും ഉയർന്ന രക്തസമ്മർദം ഉണ്ടായാൽ ഹൃദ്രോഗസാധ്യത കുറയ്ക്കാൻ മരുന്നു ചികിത്സയോ ജീവിതശൈലി വ്യത്യാസപ്പെടുത്തുകയോ ചെയ്യണമെന്നും ‘ഐ എ സി സി ഹാർട്ട് ഫെയ്‌ലർ’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

Read more : ആരോഗ്യവാർത്തകൾ