Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തസമ്മർദം കൂടിയാൽ സംഭവിക്കാവുന്നത്?

blood-pressure

കേരളത്തിലെ ജനങ്ങളിൽ 12%-ത്തോളം പേർക്ക് രക്തസമ്മർദത്തിലെ വ്യതിയാനങ്ങൾ മൂലമുള്ള തകരാറുകളുന്നൊണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മാറിവരുന്ന ജീവിതശൈലിയാണ് ഇതിന് പ്രധാന കാരണം.

രക്തസമ്മർദം നിയന്ത്രിക്കാം അറിവിലൂടെ

ഹൃദയം ധമനികൾ വഴിയാണ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം എത്തിക്കുന്നത്. മിനിട്ടിൽ 70 തവണയോളം ഹൃദയം രക്തം പമ്പ് ചെയ്യുന്നുണ്ട്. ധമനികളിലൂടെ  രക്തം  പ്രവഹിക്കുമ്പോൾ അതിന്റെ ഭിത്തിയിൽ ഏൽപ്പിക്കുന്ന സമ്മർദമാണ് രക്തസമ്മർദം. ഹൃദയം

ശക്തിയായി രക്തം പമ്പ് ചെയ്യുമ്പോൾ (സങ്കോചിക്കുമ്പോൾ)ധമനികളിലെ സമ്മർദ്ദം 120 മില്ലീമീറ്റർ മെർക്കുറി വരെ ഉയരും. ഹൃദയം വികസിക്കുമ്പോൾ അഥവാ പമ്പ് ചെയ്യാതെ വിശ്രമിക്കുമ്പോൾ 80 മില്ലീമീറ്റർ മെർക്കുറി ആയി കുറയും. ഇതാണ് ഡോക്ടർമാർ 120/80 മില്ലീമീറ്റർ മെർക്കുറി രക്തസമ്മർദമായി അവരുടെ കുറിപ്പുകളിൽ എഴുതുന്നത്.

ഈ സമ്മർദത്തോടു കൂടി രക്തം പ്രവഹിക്കുന്നതു കൊണ്ടാണ് തലച്ചോറിനും പേശികൾക്കും കരളിനും ശരീരത്തിലെ ഓരോ കോശത്തിനും രക്തവും അതുവഴി പ്രാണവായുവും മറ്റു പോഷകങ്ങളും ലഭ്യമാകുന്നത്.

രക്ത സമ്മർദത്തിന്റെ നില

120/80 മില്ലീമീറ്റർ എന്ന അളവ് നാം വിശ്രമിക്കുമ്പോൾ മാത്രമുള്ള സമ്മർദമാണ്. വേഗം നടക്കുക, ഓടുക, പടി കയറുക തുടങ്ങിയ കാര്യങ്ങൾക്ക് പേശികളിൽ ധാരാളം രക്തം എത്തിക്കണമെന്നുണ്ടെങ്കിൽ ഹൃദയം വേഗത്തിലും ശക്തിയിലും രക്തം പമ്പ് ചെയ്യേണ്ടിവരും. 

ഹൃദയമിടിപ്പ് കൂടുന്നതിനോടൊപ്പം രക്ത സമ്മർദം 120/80- ൽ നിന്നും 160/90 വരെ കൂടുകയും ചെയ്യും. വായന, ചിന്ത, പ്രഭാഷണം, രചന തുടങ്ങിയ പ്രവർത്തനങ്ങൾക്കും തലച്ചോറിലേക്ക് കൂടുതൽ രക്തം വേണ്ടിവരും. സിനിമ, ടെലിവിഷൻ തുടങ്ങിയവ കാണുമ്പോൾ പോലും നമ്മുടെ രക്ത സമ്മർദം കൂടുന്നതായി കാണാം. ഇവ സാധാരണ ജീവിതത്തിൽ തന്നെ അവശ്യ സന്ദർഭങ്ങളിൽ കാണപ്പെടുന്ന രക്ത സമ്മർദത്തിന്റെ വ്യതിയാനങ്ങളാണ്.

രക്തസമ്മർദം ഒരു രോഗമാകുമ്പോൾ

കേരളത്തിലെ ഏകദേശം 12% പേരിലും വിശ്രമിക്കുമ്പോൾ രക്തസമ്മർദത്തിന്റെ അളവ് കൂടുന്ന തായി കാണപ്പെടുന്നു. ഇതു രക്തസമ്മർദം എന്ന രോഗമാണ്. വിശ്രമ വേളകളിൽ രക്തസമ്മർദം 120/80 മില്ലീിമീറ്റർ മെർക്കുറിയിലധികമായി ഉയരുന്നുവെങ്കിൽ അതിനെ രോഗമായി കണക്കാക്കണം. രണ്ടു മൂന്നുു ദിവസങ്ങൾ ഇടവിട്ട് പരിശോധിക്കുമ്പോൾ മൂന്നു തവണയെങ്കിലും ഇങ്ങനെ കാണപ്പെട്ടാൽ രോഗമാണെന്നു നിശ്ചയിക്കാം. 140/90 മില്ലീിമീറ്റർ മെർക്കുറി എന്ന അളവിൽ കൂടുതലായി കാണുമ്പോഴാണ് വിദഗ്ധ ചികിത്സ വേണ്ടി വരുന്നത്.

പ്രധാന ചികിത്സാവിധികൾ

ശരീരഭാരം നിയന്ത്രിക്കുക, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക, ആഹാരത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കുക എന്നിവ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. മരുന്നുകൾ ശരീരത്തിനു പ്രയോജനപ്പെടണമെങ്കിൽ മേൽപ്പറഞ്ഞ കാര്യങ്ങൾ പാലിച്ചേ മതിയാകൂ. 

രക്തസമ്മർദം 120/80 നും 140/90 നും മധ്യേ നിലനിർത്തുക എന്നതാണ് ചികിത്സയുടെ ഉദ്ദേശ്യം. മരുന്നും അതിന്റെ അളവും ഓരോ രോഗിയിലും വ്യത്യാസപ്പെട്ടിരിക്കും. നിരന്തര പരിശോധനകളിലൂടെ മാത്രമേ മരുന്നു നിർണയം സാധ്യമാകൂ. മരുന്നിന്റെ അളവ് നിശ്ചയിച്ചു കഴിഞ്ഞാൽ അതു മുടങ്ങാൻ പാടില്ല. ഭക്ഷണ കാര്യത്തിൽ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ മരുന്നിന്റെ അളവ് നിയന്ത്രിക്കാം. ശരീര ഭാരം കൂടാതെ നോക്കുക, ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക എന്നിവയാണ് ഇതിൽ പ്രധാനം. കഴിഞ്ഞ നൂറ്റാണ്ടിൽ ആധുനിക വൈദ്യശാസ്ത്രം കൈവരിച്ച മികച്ച നേട്ടങ്ങളിൽ ഒന്നാണ് രക്ത സമ്മർദത്തെ ഒഴിവാക്കാനായി പാർശ്വഫലങ്ങൾ അധികമില്ലാത്ത മരുന്നുകൾ ലഭ്യമാക്കുവാൻ സാധിച്ചത്. സർവസാധാരണയായി കാണപ്പെടുന്ന ഈ രോഗം ചികിത്സിച്ച് ഭേദമാക്കാനും ആരോഗ്യം പൂർണമായി വീണ്ടെടുക്കാനും സാധിക്കും.

ഡോ. ജി വിജയരാഘവൻ
കാർഡിയോളജി വിഭാഗം തലവൻ
കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം

Read more : Health News,  Health and Well Being, Fitness Tips