Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരിയായി ഉറങ്ങിയില്ലെങ്കിൽ അൽഷിമേഴ്സ് ഉറപ്പ്

sleep

ആരോഗ്യം നന്നാകണമെങ്കിൽ ശരിയായ രീതിയിലുള്ള ഉറക്കവും അനിവാര്യമാണ്. ഉറക്കക്കുറവ് പല വിധത്തിലുള്ള അരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുമുണ്ട്. ഇപ്പോഴിതാ പുതിയ ഗവേഷണങ്ങൾ പറയുന്നു, ശരിയായി ഉറക്കം കിട്ടാത്തവർക്ക് അൽഷിമേഴ്സ് വരാൻ സാധ്യത കൂടുതലാണെന്ന്. നല്ല ഉറക്കമുള്ളവരായി താരതമ്യം ചെയ്യുമ്പോള്‍ ഉറക്കക്കുറവുള്ളവർക്കും പകൽ ഉറക്കം തൂങ്ങുന്നവർക്കും അൽഷിമേഴ്സ് വരാനുള്ള ലക്ഷണങ്ങൾ കൂടുതലാണെന്ന് അമേരിക്കയിലെ ഗവേഷകർ കണ്ടെത്തി.

തലച്ചോറിലെ കോശങ്ങൾ ജീർണിക്കുകയും മൃതമാകുകയും ചെയ്യുന്ന അവസ്ഥയാണ് അൽഷ്മേഴ്സ്. രോഗം ബാധിച്ചാൽ ക്രമേണ ഓർമശക്തി കുറഞ്ഞു കുറഞ്ഞ് പൂർണമായും മറവി എന്ന അവസ്ഥയിലേക്ക് രേഗി എത്തപ്പെടും. 

അൽഷിമേഴ്സ് രോഗത്തിനു പ്രധാന കാരണം അമിലോയ്ഡ് എന്ന പ്രോട്ടീനാണ്. ശരിയായി ഉറക്കം ലഭിക്കാത്തവരിൽ അമിലോയിഡിന്റെ സാന്നിധ്യവും തലച്ചോറിലെ കോശങ്ങൾക്കു നാശവും വീക്കവും ഉണ്ടാകുന്നുണ്ട്. ഇടയ്ക്കിടെ ഉണർന്ന് ഉറങ്ങുന്നവരിലും ഉറക്ക കുറവുള്ളവരിലും അമിലോയിഡ് പ്ലാക്ക് അധികമായി ഉണ്ടാകുന്നു. ഇതിനെ നീക്കം ചെയ്യാനുള്ള ശരീരത്തിന്റെ തന്നെ ശ്രമത്തിനിടയിൽ ഉറക്കം ശരിയാകുന്നുമില്ല– ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

ശരാശരി 63 വയസ്സുള്ള 101 പേരിലാണ് പരീക്ഷണം നടത്തിയത്. അൽഷിമേഴ്സ് വരാൻ സാധ്യതയുള്ള ആളുകളെയാണ് പരീക്ഷണത്തിന് തിരഞ്ഞെടുത്തത്.

ഉറക്കക്കുറവ് അൽഷിമേഴ്സിലേക്ക് നയിക്കുന്നതാണോ, അൽഷിമേഴ്സ് വരാൻ സാധ്യതയുള്ളവരുടെ ഉറക്കം കുറഞ്ഞു തുടങ്ങുന്നതാണോ എന്ന കാര്യം ഇനിയും പഠന വിധേയമാക്കേണ്ടതാണെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

Read more : ആരോഗ്യവാർത്തകൾ