Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കാലവിഷാദം രക്ഷനേടാൻ എളുപ്പവഴികൾ

depression

മഴക്കാലമല്ലേ, ഏതുനേരവും മൂടിപ്പുതച്ചുകിടക്കാൻ തോന്നുന്നുണ്ടല്ലേ. അതാണ് മഴക്കാലത്തിന്റെ ഏറ്റവും വലിയ കുഴപ്പം. ഒന്നിനും ഒരുൽസാഹവുമില്ല. എവിടെയെങ്കിലും ചുരുണ്ടികൂടിക്കിടന്നാൽ ഏറ്റവും സന്തോഷം. മഴക്കാലം ഒരു വിഭാഗം പേരെ താൽക്കാലിക വിഷാദരോഗത്തിന് അടിമകളാക്കാറുണ്ടത്രേ. ഇതൊഴിവാക്കാൻ ചില സ്വയംചികിൽസാരീതികൾ പരീക്ഷിച്ചാലോ.

∙ മഴനടത്തം– മഴയാണെന്നു കരുതി എപ്പോഴും വീട്ടിനകത്തിരുന്നു കഴിച്ചുകൂട്ടാതെ കുടയെടുത്തു പുറക്കേിറങ്ങുക. സുരക്ഷിതമെന്നുറപ്പുള്ള വഴികളിലൂടെ ഒരു മഴനടത്തമാകാം. മനസ്സിനു കുളിരുള്ള അനുഭവമായിരിക്കുമിത്.

∙ മഴക്കൂട്ടുകാർ– നഗരത്തിൽ ജീവിച്ചു മടുപ്പുതോന്നുന്നവർക്ക് നാട്ടുമ്പുറങ്ങളിലേക്കു പോകാം. അവിടെ മഴ ആസ്വദിക്കാൻ ചില കൂട്ടുകാരെ കിട്ടും. തോട്ടുവക്കത്ത് ചൂണ്ടയിട്ടും വലയിട്ടും വെള്ളം കയറിയ പാടങ്ങളിലൂടെ തോണി തുഴഞ്ഞും കക്ക വാരിയും അങ്ങനെ മഴയെ മുതലെടുക്കുന്നവരുടെ അടുത്തുപോയാൽ മഴ ഒരു ശല്യമായി തോന്നില്ല

∙ റെയിൻ ഡ്രൈവ്– നല്ല മഴയത്ത് ഡ്രൈവ് ചെയ്യുന്നത് രസകരമായ അനുഭവമാണ്. അധികം ഗതാഗതക്കുരുക്കില്ലാത്ത നീണ്ടുനിവർന്ന ഹൈവേയിലൂടെ ഒരു റെയിൻ ഡ്രൈവ് ആയാലോ. കൂട്ടിനൊരാൾ കൂടി അടുത്ത സീറ്റിൽ ഉണ്ടെങ്കിൽ മിണ്ടിപ്പറഞ്ഞ് യാത്ര ജോറാക്കാം

∙ വെയിൽ കൊള്ളാം– മഴക്കാലത്ത് ഇടവേളകളിൽ ഉദിക്കുന്ന വെയിൽ കൊള്ളാൻ മറക്കരുത്. ഇതു നിങ്ങളുടെ ശരീരത്തിന് ഉണർവും ചുറുചുറുക്കും നൽകും. 

∙ നൊസ്റ്റാൾജിയ– നൊസ്റ്റാൾജിയയ്ക്കു ബെസ്റ്റ് സമയമാണ് മഴക്കാലം. പഴയ ആൽബങ്ങൾ, പഴയ ഓട്ടോഗ്രാഫുകൾ, അങ്ങനെ ഓർമകളുടെ വഴിയെ ഒരു യാത്ര പോയാലോ. തിരക്കിനിടയിൽ മറിച്ചുനോക്കാൻ മറന്ന കല്യാണ ആൽബങ്ങൾ, സിഡികൾ, ശേഖരങ്ങൾ അങ്ങനെ എന്തും നിങ്ങൾക്കു നൊസ്റ്റാൾജിയ പകരും. ചൂടൻ ചായയും പരിപ്പുവടയും കഴിച്ചു ഓർമകൾ അയവിറക്കിക്കോളൂ. ബോറടി തോന്നുകയേയില്ല

∙ ഫോൺ– ഇൻ–പരിപാടി ; തെറ്റിദ്ധരിക്കേണ്ട. ഇതുമൊരു നേരംപോക്കാണ്. മൊബൈൽഫോണിലെ കോൺടാക്റ്റ്സിലുള്ള ഓരോ സുഹൃത്തിനെയും അക്ഷരമാലാക്രമത്തിൽ വിളിച്ചുനോക്കൂ. വളരെക്കാലം വിളിക്കാതിരുന്നവരെയും വിട്ടുപോയവരെയും വീണ്ടും ഓർമിക്കാം. പരിചയം പുതുക്കാം. എല്ലാവരെയും ഒരു റൗണ്ട് വിളിച്ചുകഴിയുമ്പോഴേക്കും മഴക്കാലം പെയ്തുതോർന്നിട്ടുണ്ടാകും.

Read more : ആരോഗ്യവാർത്തകൾ