Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊതുകു വന്നു വിളിച്ചപ്പോൾ...

ഡോ. അശ്വതി സോമൻ
dengue fever

‘‘ജീവിതത്തിൽ സങ്കടം വന്നാൽ കരഞ്ഞുതീർക്കണം, ഒരിക്കലും കണ്ണുനീർ  അടക്കിപ്പിടിക്കരുത്, ഇല്ലെങ്കിൽ ഡെങ്കിപ്പനിക്കുള്ള സാധ്യത കൂടുതലാണ്, കാരണം കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ്  കൊതുക് മുട്ടയിടുന്നത്’ -  വാട്ട്സാപ്പിൽ അടുത്തിയിടെ പ്രചരിച്ച തമാശയാണിത്. പനിമരണങ്ങളുടെ കണക്കുകൾ കേൾക്കുമ്പോൾ പനി പഴയ പനിയല്ലെന്ന കാര്യം പൊതുസമൂഹവും മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ട് ഇപ്പോൾ ആർക്കെങ്കിലും പനിയാണെന്നു കേൾക്കുമ്പോൾ സാധാരണ പനിയാണോ അതോ ഡെങ്കിയാണോ എന്നു തിരക്കുന്നതാണ് ട്രെൻഡ്. നാടെങ്ങും പനിച്ചൂടിലായപ്പോൾ ഡോക്ടർമാരുടെ പണിയും കൂടി. രോഗികളെ ചികിത്സിക്കലും ബോധവൽക്കരണ ക്ലാസുകളുമൊക്കെയായി വിശ്രമമില്ലാത്ത കാലം. ആശുപത്രിയും പരിസരവുമെല്ലാം പനിച്ചൂടിൽ തിളയ്ക്കുമ്പോൾ ചില രസകരമായ അനുഭവങ്ങൾ ചിരിയും ചിന്തയും പകരും. ഇനി സംഭവത്തിലേക്ക്...              

പൂയീ... ഡോക്ട...േേേേറ... നീട്ടിയുള്ള ആ വിളി കേട്ടാണ് ഞാനുറക്കമുണർന്നത്. വിളിയുടെ താളം കേട്ടപ്പോൾത്തന്നെ കഥാപാത്രത്തെ തിരിച്ചറിഞ്ഞു. കക്ഷിയെ നമുക്ക് സാബുവെന്ന് തത്ക്കാലം വിളിക്കാം. മീൻ കച്ചവടം തൊഴിലാക്കിയ സാബു നാട്ടിലെ താരമാണ്. രാവിലെ ആറുമണിക്ക് പനിച്ചൂടിനെക്കാളും വലിയൊരു ചൂട് വാർത്തയുമായാണ് സാബുവിന്റെ വരവ്. വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ വരാന്തയിൽ വെറ്റിലക്കറ പുരണ്ട പല്ലു കാട്ടി ലോകം മുഴുവൻ കീഴ്പ്പെടുത്തിയ ആവേശത്തോടെ സാബു. എന്തെങ്കിലും അത്യാഹിതമാണോ എന്ന് വിചാരിക്കുമ്പോഴാണ് സാബുവിന്റെ പ്രഖ്യാപനം – അറിഞ്ഞോ നമ്മുടെ സുമേഷിന്റെ ഡെങ്കിപ്പനി മാറി ! എന്റെ ഒറ്റമൂലി കഴിച്ചതും സുമേഷിന്റെ ഡെങ്കി പമ്പ കടന്നു. അതുകൊണ്ട് ഡോക്ടർ പേടിക്കേണ്ട... ഇൗ നാട്ടിലെ എല്ലാ ഡെങ്കിപ്പനിക്കാരെയും എന്റെ ഒറ്റമൂലി കൊണ്ട് രക്ഷപ്പെടുത്താം. എത്ര പുകച്ചാലും (ഫോഗിങ്) ഡെങ്കി പരത്തുന്ന കൊതുക് പോകുമോ?                     

സാബുവിന്റെ ആത്മവിശ്വാസത്തോടെയുള്ള പ്രഖ്യാപനം കേട്ടപ്പോൾ കഴിഞ്ഞാഴ്ച ഡെങ്കിപ്പനിയുമായി ചികിത്സയ്ക്കെത്തിയ സുമേഷിന്റെ മുഖം ഒാർമ വന്നു. അടുത്തുള്ള റബർ തോട്ടത്തിലെ ടാപ്പിങ് തൊഴിലാളി. കടുത്ത പനിയും ഛർദിയുമായാണ് കഴിഞ്ഞ ആഴ്ച ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സ്ഥലപരിമിതി മൂലം മരുന്നും നൽകി വീട്ടിലേക്കു വിശ്രമത്തിനായി പറഞ്ഞുവിട്ടു. ഡെങ്കി നിർമാർജന യജ്ഞത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സംഘടിപ്പിച്ച യോഗത്തിൽ, കൊതുകു കടിയേൽക്കാതിരിക്കാൻ ടാപ്പിങ്ങ് സമയത്ത് ഫുൾകൈ ഷർട്ട് ധരിക്കണമെന്നും റബർ തോട്ടത്തിലെ ചിരട്ടകളിൽ വെള്ളം കെട്ടി നിൽക്കാൻ സമ്മതിക്കരുതെന്നും പറഞ്ഞത് തലകുലുക്കി സമ്മതിച്ച പാവം. 

കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുകയെന്ന രീതി തന്നെ പരീക്ഷിക്കാൻ തീരുമാനിച്ചു. സൗമ്യമായി ചോദിച്ചപ്പോൾ സുമേഷിന്റെ രോഗസൗഖ്യത്തെക്കുറിച്ച് പറയാൻ സാബുവിനൊരു മടി. കണ്ണുരുട്ടി ശബ്ദമൊന്ന് ഉയർത്തി വിരട്ടിയപ്പോൾ കൊതുക് മൂളുന്ന താളത്തിൽ സാബു ഒറ്റമൂലിയുടെ ഫോർമുല വെളിപ്പെടുത്തി. മീൻകച്ചവടവുമായി നടക്കുന്ന സാബു ചെറിയൊരു ആകാശവാണിയാണ്. കൂയി... പൂയി... എന്ന് വിളിയോടൊപ്പം എവിടെയും കയറി ചെല്ലാൻ പെർമിറ്റുള്ള കക്ഷി. നാടിന്റേയും നാട്ടാരുടെയും വിവരങ്ങളെല്ലാം ആദ്യമറിയുന്നതും സാബുവാണ്. പോകുന്ന വഴിക്ക് സുമേഷിന്റെ രോഗവിവരം തിരക്കണമെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞത് കൃത്യമായി ചെയ്തു. 

എല്ലാ ദിവസവും ആ വഴിക്കു പോകുമ്പോൾ സുമേഷിന്റെ ആരോഗ്യസ്ഥിതി തിരക്കിയിരുന്ന സാബു പെട്ടെന്ന് സ്വയം ഡോക്ടറായി. വൈദ്യശാസ്ത്രത്തിന്റെ എബിസിഡി അറിയാത്ത സാബുവിനു തുണയായത് വാട്ട്സാപ്പിൽ പ്രചരിച്ച സന്ദേശവും. സന്ദേശത്തിൽ പറഞ്ഞ പച്ചിലകളും മറ്റ് ആശുപത്രികളിൽനിന്നു സംഘടിപ്പിച്ച മരുന്നുകളും കൂട്ടി സുമേഷിനു നൽകി. എങ്ങനെയെങ്കിലും ഡെങ്കിയെ തോൽപ്പിക്കണമെന്ന ഒറ്റലക്ഷ്യത്തോടെ സുമേഷ് മരുന്ന് കൃത്യമായി സേവിച്ചു. സുമേഷിന്റെ വീട് സന്ദർശിച്ച ആരോഗ്യ പ്രവർത്തകർ നടത്തിയ പരിശോധനയിൽ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് വർധിച്ചതായി കണ്ടെത്തിയതോടെ കഥയ്ക്ക് ട്വിസ്റ്റായി. മര്യാദയ്ക്ക് വിശ്രമിച്ചാൽ സ്വതവേ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൂടുമെന്നാണെങ്കിലും സുമേഷിന്റെ രോഗസൗഖ്യത്തിന്റെ ക്രെഡിറ്റ് തന്റെ നാട്ടുമരുന്നാണെന്ന് സാബു വിശ്വസിച്ചു. സുമേഷിനു കൊടുത്ത മരുന്ന് കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള പദ്ധതിയുടെ ആദ്യ ഘട്ടമാണ് രാവിലെ എന്നെ കാണാനെത്തിയത്. 

ഇത്രയും കേട്ടപ്പോൾത്തന്നെ സുമേഷിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്ക തോന്നി. സമയം കളയാതെ സാബുവുമായി സുമേഷിന്റെ വീട്ടിലെത്തി. സാബുവിന്റെ മരുന്നിന്റെ ഫലം സുമേഷിന്റെ ശരീരത്തിൽ പ്രത്യക്ഷമായിരുന്നു. കടുത്ത അലർജി വന്നു ശരീരമാസകലം വീർ‍ത്ത സുമേഷ്  വേച്ചു വേച്ചു നടക്കുന്നു. ഇപ്പോൾ പൊട്ടും എന്ന നിലയിൽ കൺപോളകളും ചുണ്ടുകളും. ഇനിയും സമയം പാഴാക്കിയാൽ പനിമരണങ്ങളുടെ പട്ടികയിൽ സുമേഷും ഉൾപ്പെടുമെന്നതിനാൽ അലർജിക്കെതിരെയുള്ള കുത്തിവയ്പ്പു നൽകാൻ ഒരുങ്ങിയ എന്നെ സാബു തടഞ്ഞു. അതോടെ എനിക്കും ആരോഗ്യപ്രവർത്തകർക്കും അൽപം ബലം പ്രയോഗിക്കേണ്ടി വന്നു. സുമേഷിനു കുത്തിവെയ്പ്പ് കൊടുത്തപ്പോൾ രോഗത്തിന് അൽപം ശമനമായി. ബലപ്രയോഗത്തിനിടയിൽ മറ്റൊരു കാര്യം ഞങ്ങൾക്കു മനസ്സിലായി സാബുവിന്റെ പനിച്ചൂട് നൂറ് ഡിഗ്രിക്കും മേലെ ! 

സാബുവിനു പനിയുണ്ടെന്ന് ഞാൻ പറഞ്ഞിട്ടും കക്ഷി സമ്മതിക്കുന്ന ഭാവമില്ല. ഡെങ്കിപ്പനിക്കു മരുന്നു കണ്ടെത്തിയ തനിക്കു പനിയോ എന്ന ഭാവത്തിൽ പുച്ഛം കലർന്ന നോട്ടം. അമ്പിനും വില്ലിനും സാബു അടുക്കുന്നില്ലെന്ന് മനസ്സിലായപ്പോൾ ഞാൻ അറ്റ കൈ പ്രയോഗിച്ചു – സാബു ഡെങ്കിപ്പനിക്ക് മരുന്നു കണ്ടെത്തിയ വിവരം ഞാൻ അധികൃതരെ അറിയിക്കാം. അപ്പോഴേയ്ക്കും പനി കൂടി സാബു മരിച്ചു പോയാൽ ? ഇൗ ചോദ്യത്തിനു മുൻപിൽ സാബു മുട്ടുമടക്കി. വണ്ടിയിൽ കയറി മെഡിക്കൽ കോളജിലേക്ക്. സാക്ഷര സുന്ദര കേരളത്തിൽ എന്തു കേട്ടാലും കണ്ണടച്ച് വിശ്വസിക്കുന്ന പാവം മനുഷ്യരുണ്ടല്ലോ എന്നോർത്ത് തിരികെ ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ മുറ്റത്ത് ഒരു പെരുന്നാളിനുള്ള ആളുണ്ട്. കുട്ടികൾ മുതൽ മുതർന്നവർ വരെ എല്ലാവരും പനിച്ചൂടിൽ തളർന്നിരിക്കുന്നവർ. ഇൗ പനിക്കാലത്ത് ഒപി ഒരു മണിക്കൂർ മുൻപെങ്കിലും തുടങ്ങാൻ തോന്നിയില്ലല്ലോ എന്ന ഭാവത്തിൽ പലരും തുറിച്ചു നോക്കി. ദേ... ഇപ്പോ തിരികെ വരാമെന്നും പറഞ്ഞ് ഞാൻ ക്വാർട്ടേഴ്സിലേക്കു കയറിയപ്പോൾ ഒരു കൊതുക് പറന്നു വന്നു മെല്ലെ ചെവിയിൽ മൂളി – ഇപ്പോൾ ഡോക്ടർ ആരായി... ?

(കോട്ടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജനാണു ലേഖിക)