Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടോ? എങ്കിൽ സുഖമായി ഉറങ്ങാം

sleep-apnea

സുഖമായ ഉറക്കം കിട്ടാതെ വിഷമിക്കുന്ന മുതിർന്ന പൗരന്മാർ നിരവധിയാണ്. തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു എന്നാവും അവർ പറയുന്നത്. ചിലർക്ക് ജീവിതത്തോടുള്ള ആശയും നശിച്ച മട്ടാണ്. എന്തിനാണ് ജീവിക്കുന്നതെന്ന തോന്നൽ ശക്തമാകും. ഈ തോന്നലാകും ഉറക്കമില്ലായ്മക്കു കാരണം. ജീവിതത്തിന് ഒരു അർത്ഥം ഉണ്ടെന്നു കരുതൂ. നിങ്ങൾക്ക് സുഖമായി ഉറങ്ങാന്‍ സാധിക്കും. ഇത് പറയുന്നത് നോർത്ത് വെസ്റ്റേൺ സർവകലാശാല ഗവേഷകരാണ്.

ജീവിതത്തിന് ഒരു ലക്ഷ്യമുണ്ട് എന്നു കരുതുന്നവർക്ക് സ്‍ലീപ്പ് അപ്നിയ വരാനുള്ള സാധ്യത 63 ശതമാനം കുറവായിരിക്കും. ഉറക്കത്തിൽ ഓരോ മണിക്കൂറിലും പല തവണ ശ്വാസം നിലയ്ക്കുകയോ ശരിയായി ശ്വസിക്കാൻ പറ്റാതാകുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ലീപ് അപ്നിയ.

ജീവിക്കുന്നതിന് ഒരു ഉദ്ദേശമുണ്ട് എന്നു കരുതുന്ന മുതിർന്ന പൗരന്മാർക്ക് സുഖകരമായ ഉറക്കം ലഭിക്കുന്നതോടൊപ്പം റെസ്റ്റ്‌ലെസ് ലെഗ് സിൻഡ്രോമും വരാൻ 52 ശതമാനം സാധ്യത കുറയുമെന്നും പഠനം പറയുന്നു.

‘‘ശരിയായ ഉറക്കം ലഭിക്കാൻ മരുന്നു കൂടാതെ ഫലപ്രദമായ മാർഗമാണ് ആളുകൾക്ക് ജീവിതത്തിൽ ഒരു ലക്ഷ്യം ഉണ്ടാകുക എന്നത്’’ പഠനത്തിനു നേതൃത്വം നൽകിയ നോർത്ത് വെസ്റ്റേൺ സർവകലാശാല ഫെയ്ൻവെർഗ് സ്കൂൾ ഓഫ് മെഡിസിനിലെ അസോസിയേറ്റ് പ്രൊഫസറായ ജേസൺ ഓംഗ് പറയുന്നു. മൈൻഡ്ഫുൾനെസ് തെറാപ്പിയിലൂടെ വളർത്തിക്കൊണ്ടു വരാവുന്ന ഒന്നാണ് ജീവിതലക്ഷ്യം എന്നത് ഓംഗ് കൂട്ടിച്ചേർത്തു.

60 മുതൽ 100 വയസ്സു വരെ പ്രായമുള്ള (ശരാശരി പ്രായം 79) 823 പേരിലാണ് ഈ പഠനം നടത്തിയത്. ഇവരോട് ജീവിതത്തിലെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് 10 ചോദ്യങ്ങളും ഉറക്കത്തെപ്പറ്റി 32 ചോദ്യങ്ങളും ചോദിച്ചു.

ഉറക്കത്തിന്റെ ഗുണനിലവാരം ഉറക്കം വരാതിരിക്കുക, പകലുറങ്ങുക, ഉറക്കം തൂങ്ങുക ഇതെല്ലാമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പഠനത്തിൽ പങ്കെടുത്തവർ വൃദ്ധജനങ്ങൾ ആണെങ്കിലും പഠനസ്ഥലം എല്ലാവർക്കും ബാധകമാണെന്ന് സ്‌ലീപ് സയൻസ് ആൻഡ് പ്രാക്ടീസ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.