Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂർക്കംവലി ഈ രോഗങ്ങളുടെ ലക്ഷണം?

snoring

സുഖനിദ്ര ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? കൂർക്കം വലിച്ചൊരു ഉറക്കമായാൽ പിന്നെ പറയുകയും വേണ്ട. നന്നായി ഉറങ്ങിയെന്ന് സ്വയം സമാധാനിക്കുകയും പറ്റുമെങ്കിൽ നാലാളോടു പറയുകയും ചെയ്യും. എന്നാൽ കേട്ടോളൂ, കൂർക്കം വലിച്ചുള്ള ഉറക്കം നിങ്ങളുടെ ഉറക്കം കെടുത്തുമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. കൂർക്കം വലിക്കാർ കരുതിയിരുന്നോളൂ, ഇതു മറ്റു പല രോഗങ്ങളുടെയും ലക്ഷണമാണത്രേ.  അതുകൊണ്ട് കൂർക്കംവലിക്കാർ ലക്ഷണങ്ങൾ നോക്കി എത്രയും വേഗം ചികിത്സ തേടണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇത്തരക്കാരെ തേടിവരുന്ന അസുഖങ്ങൾ ഏതൊക്കെയെന്നു നോക്കാം.

∙ ഒബ്സ്ട്രക്ടീവ് സ്‌ലീപ് അപ്നിയ

ഒബ്സ്ട്രക്ടീവ് സ്‌ലീപ് അപ്നിയയുടെ ലക്ഷണമായി കൂർക്കംവലി കാണപ്പെടുന്നുണ്ട്. ഇത്തരക്കാർക്കു പകലുറക്കം കൂടുതലായിരിക്കും. ഹൃദ്രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും കൂടുതലായിരിക്കും. ഉറങ്ങുമ്പോൾ വായുസഞ്ചാരമാർഗം നിരന്തരമായി സങ്കോചിക്കുന്നതാണ് സ്‌ലീപ് അപ്നിയയ്ക്കു കാരണമാകുന്നത്. ഈ തടസ്സം പൂർണമായോ ഭാഗികമായോ ആകാം. ഇടവിടാതെയുള്ള കൂർക്കംവലിയിൽ വായുസഞ്ചാരം വളരെയധികം നിയന്ത്രിക്കപ്പെടുന്നു. വല്ലപ്പോഴും മാത്രമാണ്, അതായത് 15 ശതമാനത്തിൽ താഴെയാണ് കൂർക്കംവലിയെങ്കിൽ അപകടസാധ്യത കുറവായിരിക്കും. വീട്ടിൽ കൂർക്കംവലിക്കുന്ന സമയം റിക്കോർഡ് ചെയ്ത് ശതമാനം കണ്ടെത്താം.

∙ മെറ്റബോളിക് സിൻഡ്രം

നിങ്ങളുടെ കൂർക്കംവലി എപ്പോഴും ഒബ്സ്ട്രക്ടീവ് സ്‌ലീപ് അപ്നിയ കൊണ്ടാകണം എന്നില്ല. മെറ്റബോളിക് സിൻഡ്രം എന്ന ഗുരുതര ആരോഗ്യപ്രശ്നത്തിന്റെ ഫലമായും ഇതു കാണാം. ഉയർന്ന രക്തസമ്മർദം, ബ്ലഡ് ഷുഗർ, ശരിയായ നിലയിലല്ലാത്ത കൊളസ്ട്രോൾ ലെവൽ, ഉദരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുക എന്നിവയാണ് മെറ്റബോളിക് സിൻഡ്രത്തിൽ വരുന്നത്. ഇവ പ്രമേഹം, പക്ഷാഘാതം, ഹൃദ്രോഗങ്ങൾ എന്നിവയിലേക്കു വഴിതെളിക്കാം. 

∙ പ്രമേഹം

കൂർക്കംവലിയും പ്രമേഹവും തമ്മിൽ അഭേദ്യബന്ധമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്, പ്രത്യേകിച്ച് സ്ത്രീകളിൽ. കൂടാതെ, നേരത്തേ ആർത്തവം നിലച്ച് പോളിസിസ്റ്റിക് ഓവറി സിൻഡ്രത്തിന്റെ ലക്ഷണമായും ഇതു കാണാറുണ്ട്. 

∙ ഹൃദ്രോഗങ്ങൾ, ഹൈപ്പർടെൻഷൻ, ഡിസ്‌ലിപിഡീമിയ

ഉയർന്ന കൊളസ്ട്രോൾ നിയന്ത്രണവിധേയമല്ലാതാകുമ്പോൾ അത് ഡിസ്‌ലിപിഡീമിയയ്ക്കു കാരണമാകുന്നു. ഇതാകട്ടെ അതിരോസ്ക്ലിറോസിസ് (ഹൃദയത്തിലേക്കുള്ള രക്തധമനിക്കുള്ളിൽ പ്ലേക്ക് അടിഞ്ഞുകൂടുന്ന അവസ്ഥ) സിറോസിസ്, ഹൃദ്രോഗങ്ങൾ എന്നിവയിലേക്കു നയിക്കുകയും ചെയ്യും. ഉയർന്ന രക്തസമ്മർദവും കൂർക്കംവലിയും തമ്മിലും ബന്ധമുണ്ട്. കൂർക്കംവലിയുടെ തോത് അനുസരിച്ച് ഹൈപ്പർടെൻഷന്റെ വ്യാപ്തിയും വർധിക്കുന്നു. കൂർക്കംവലി, പ്രായം, ബോഡി മാസ് ഇൻഡക്സ്, ആൽക്കഹോൾ ഉപയോഗം എന്നിവ ഹൈപ്പർടെൻഷനിലെ അപകടമേഖലകളാണ്.