Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുരവും മാനസികാരോഗ്യവും

sweets

പഞ്ചസാര ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് എല്ലാവർക്കും അറിയാം. പല്ലിനു കേടുവരുത്തുന്നതിൽ തുടങ്ങി അരവണ്ണം കൂടാൻ വരെ പഞ്ചസാരയുടെ അമിതോപയോഗം കാരണമാകും. എന്നാൽ പഞ്ചസാര മാനസികാരോഗ്യത്തിനും അത്ര നല്ലതല്ല എന്നാണ് ഒരു പഠനം പറയുന്നത്.

മാനസിക പ്രശ്നങ്ങളായ ഉത്കണ്ഠ, വിഷാദം ഇവയ്ക്ക് പഞ്ചസാരയുടെ ഉപയോഗവുമായി ബന്ധമുണ്ടെന്ന് ലണ്ടനിലെ കിങ്സ് കോളജിലെ ഗവേഷകർ നടത്തിയ പഠനത്തിൽ തെളി‍ഞ്ഞു. 1985 – 88 കാലയളവിൽ ആണ് പഠനം തുടങ്ങിയത്. എണ്ണായിരത്തോളം പേരിലാണ് പഠനം നടത്തിയത് ഇവർക്ക് വർഷങ്ങൾക്കു ശേഷം ഒരു ചോദ്യാവലി നൽകി. 

മധുരപാനീയങ്ങളും മധുരപലഹാരങ്ങളും അധികം കഴിക്കുന്നത് പുരുഷന്മാരില്‍ അഞ്ചു വർഷത്തിനു ശേഷം മാനസിക പ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂട്ടുന്നുവെന്നു കണ്ടു. പഞ്ചസാരയുടെ അമിതോപയോഗം സ്ത്രീകളിലും പുരുഷന്മാരിലും ദോഷഫലങ്ങൾ ഉണ്ടാക്കും എന്നും പഠനം പറയുന്നു.

പഞ്ചസാരയുടെ കുറഞ്ഞ ഉപയോഗം മാനസികാരോഗ്യമേകും എന്നും സയന്റിഫിക് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച  ഈ പഠനം പറയുന്നു. എന്നാൽ ബ്രിട്ടീഷ് ഡയറ്റെറിക് അസോസിയേഷന്റെ വക്താവായ കാതറിൻ കോളിൻസ് ഈ പഠനഫലത്തെ എതിർക്കുന്നു.

ഫ്രീ ഷുഗറിന്റെ ഉപയോഗം കുറയ്ക്കുന്നത് പല്ലിനു നല്ലതാണ്. ശരീരഭാരം കൂടാതിരിക്കാനും ഇതു നല്ലതു തന്നെ. എന്നാൽ വിഷാദവുമായി പഞ്ചസാരയുടെ ഉപയോഗത്തിന് ബന്ധമുണ്ടെന്ന് താൻ കരുതുന്നില്ല എന്ന് അവർ പറയുന്നു.

ആൽക്കഹോൾ ഉപയോഗത്തിലൂടെ ശരീരത്തിൽ ചെല്ലുന്ന പഞ്ചസാരയുടെ അളവ് പഠനത്തിൽ കൂട്ടിയിട്ടില്ല എന്നും മധുരപാനീയങ്ങളിലും മധുരപലഹാരങ്ങളിലും ചേർക്കുന്ന ഫ്രീഷുഗറും പാൽ ഭക്ഷ്യവസ്തുക്കൾ മുതലായവയിൽ സ്വാഭാവികമായി അടങ്ങിയിട്ടുള്ള നാച്വറൽ ഷുഗറും തമ്മിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതായും കോളിൻസ് അഭിപ്രായപ്പെടുന്നു.

പഠനഫലത്തെപ്പറ്റി രണ്ടഭിപ്രായം ഉണ്ടെങ്കിലും പഞ്ചസാരയുടെ അമിതോപയോഗം ആരോഗ്യം നൽകില്ല എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല.