Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളത്തില്‍ വിഷം കലരുമ്പോള്‍

dental problem

എല്ലിനും പല്ലിനും ബലം വയ്ക്കാൻ ഫ്ലൂറൈഡ് ആവശ്യമാണ്. എന്നാൽ ആവശ്യത്തിൽ കൂടുതൽ ഉള്ളിലെത്തിയാൽ ദോഷകരം. വൈദ്യശാസ്ത്ര പരമായി ഒരു പിപിഎം (പാർട്സ് പെർ മില്യൻ) ഫ്ലൂറൈഡ് മാത്രമേ മനുഷ്യ ശരീരത്തിന് ആവശ്യമുള്ളൂ.

ഡെന്റൽ (ദന്തസംബന്ധമായ) ഫ്ലൂറോസിസ് – പല്ലിനു വെളുത്ത നിറം നൽകുന്ന ഇനാമലിനു കേടു സംഭവിക്കുന്ന രോഗം. പല്ലിന്റെ മധ്യഭാഗത്തു മഞ്ഞ നിറത്തിൽ വരപോലെ പാടുകൾ പ്രത്യക്ഷപ്പെടും. ചോക്കുകൊണ്ടു വരച്ചതുപോലെ പാടുകളും വരും. രോഗം കൂടുന്നതനുസരിച്ചു പല്ലിൽ പോടുണ്ടാകും. ക്രമേണ ഉപയോഗ ശൂന്യമാകുന്ന പല്ല് പൊടിഞ്ഞുപോകുകയോ മറ്റോ ചെയ്തു വേര് കുറ്റിയായി നിൽക്കും. പിന്നീടു പല്ലെടുക്കുന്നതു പോലും ക്ലേശകരമാകും.

സ്കെൽറ്റൽ (അസ്ഥിസംബന്ധമായ) ഫ്ലൂറോസിസ്–  കാൽമുട്ടിനെ ബാധിക്കുന്ന രോഗമായാണു തുടക്കം. കഴുത്ത്, നട്ടെല്ല്, തോൾ എന്നിവിടങ്ങളിലെ എല്ലിനെയും സന്ധികളെയും രോഗം ബാധിക്കാം. രോഗം കൂടുമ്പോൾ എല്ലിനു ബലം കുറയുകയും വളയുകയും ചെയ്യും. പൂർണസൗഖ്യം അസാധ്യമാണ്. എന്നാൽ വിറ്റാമിൻ സി, അയൺ എന്നിവ ഉപയോഗിച്ചുള്ള ചികിൽസയിലൂടെ രോഗവ്യാപനം തടയാം. 

ആഴ്സനിക് വിഷമാണ്. ഇതു കലർന്ന വെള്ളവും ഭക്ഷണവും കഴിക്കുന്നത് ‘സ്‌ലോ പോയിസണിങ്ങി’നു തുല്യമാണ്. അലോപ്പതി ഇതര ചികിത്സാ ശാഖകളിലെ ചില മരുന്നുകളിൽ നിയന്ത്രിത അളവിൽ ആഴ്സനിക് ഉണ്ട്. ഇവയുടെ നിരന്തര  ഉപയോഗം പ്രശ്നമുണ്ടാക്കും. ആഴ്സനിക് കൂടുതലുള്ള വെള്ളത്തിൽ കുളിച്ചാൽ ‘ആഴ്സനിക് കെറടോസിസ്’ എന്ന രോഗം ഉണ്ടാകും. തൊലി സാധാരണയിൽ കൂടുതൽ കട്ടിയാകുന്ന രോഗമാണിത്. കീടനാശിനി, ഫാക്ടറികൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നു മാലിന്യസംസ്കരണം നടത്താതെ ഒഴുകിവരുന്ന രാസമാലിന്യങ്ങളിലൂടെയാണ് ആഴ്സനിക് കുടിവെള്ളത്തിൽ കലരുക. വൃക്ക, കരൾ എന്നീ അവയവങ്ങൾക്കാണ് ഏറെ ദോഷകരം. ബംഗാളിലെ ഹൂബ്ലി നദീ ജലത്തിൽ ആഴ്സനിക് കൂടുതലുള്ളതായി കണ്ടെത്തിയിരുന്നു. 

ഫ്ലൂറൈഡ് പേസ്റ്റ് ഉപയോഗിച്ചാല്‍?

വെള്ളത്തിൽ ഫ്ലൂറൈഡിന്റെ അംശം കൂടുതലുള്ള പ്രദേശത്തെ ജനങ്ങൾ ഇത്തരം ടൂത്ത്പേസ്റ്റുകൾ ഉപയോഗിക്കരുത്. ഉപയോഗിച്ചാൽ രോഗസാധ്യത പതിന്മടങ്ങു വർധിക്കും.

ശുദ്ധജലം ഉറപ്പാക്കാൻ സർക്കാരും ജനങ്ങളും എന്തു ചെയ്യണം?

ഭൂമിയുടെ അടിയിലുള്ള പാറയിൽ നിന്നുണ്ടാകുന്ന ഫ്ലൂറൈറ്റ്, ഫ്ലൂറപ്പറ്റൈറ്റ്, ബയോടൈറ്റ് എന്നീ ധാതുപദാർഥങ്ങൾ കൂടുതലുള്ള പ്രദേശത്താണ് ഫ്ലൂറൈഡ് പ്രശ്നം കൂടുതലുണ്ടാകുക. കാൽസ്യം ഫ്ലൂറൈഡ് അംശം കൂടുതലുണ്ടെങ്കിലും പ്രശ്നമാകും. ഭൂഗർഭ ജലത്തിന്റെ റീച്ചാർജിങ് കൂട്ടുകയാണ് ഇതു മറികടക്കാനുള്ള പോംവഴികളില്‍ പ്രധാനം. വനവൽക്കരണം, ശാസ്ത്രീയമായ മഴക്കുഴികളുടെ നിർമാണം എന്നിവയാണു ഫ്ലൂറൈഡ് കുറയ്ക്കാനുള്ള മാര്‍ഗങ്ങളിൽ ഒന്ന്.

രാസവസ്തുക്കളില്ലാത്ത ശുദ്ധജലം ഉറപ്പാക്കാൻ ജലശുദ്ധീകരണ യന്ത്രങ്ങൾ സ്ഥാപിക്കുകയാണു പോംവഴി. നിർബന്ധമായും വിദ്യാലയങ്ങളിൽ റിവേഴ്സ് ഓസ്മോസിസ് (ആർഒ) ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കണം. വീടുകളിൽ ആർഒ ജലശുദ്ധീകരണ യന്ത്രങ്ങൾ സ്ഥാപിക്കാം. 

വിവരങ്ങൾ; 

കെ.ആർ. ശെൽവരാജ്, 

ഡെപ്യൂട്ടി ഡിഎംഒ, പാലക്കാട്.

ഡോ. കെ.ശ്രീകുമാർ, 

അഡീഷനൽ ചീഫ് മെഡിക്കൽ സൂപ്രണ്ട്, 

റെയിൽവേ ഹോസ്പിറ്റൽ, പാലക്കാട്.