Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഗുഡ്ബൈ പ്രിയ’; മരിക്കില്ല നിന്റെ ഓർമക്കുറിപ്പുകൾ

priya habeeb

കീമോത്തെറപ്പി കിടക്കയിൽ കാൻസറിനോടു രണ്ടു തവണ മല്ലിട്ടു ജയിച്ചെങ്കിലും തുടർന്നുണ്ടായ രോഗബാധയ്ക്കു മുന്നിൽ പ്രിയ ഹബീബിനു പിടിച്ചുനിൽക്കാനായില്ല. രോഗക്കിടക്കയിൽ അർബുദത്തെ സധൈര്യം നേരിട്ട് ആയിരങ്ങളുടെ പ്രിയപ്പെട്ടവളായ പ്രിയയ്ക്ക് രക്തത്തെ ബാധിക്കുന്ന തരം അർബുദമായ ‘അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ’ ആയിരുന്നു. അർബുദത്തെ സധൈര്യം നേരിട്ട് ജീവിതത്തിലേക്കു പ്രിയ തിരിച്ചെത്തിയതോടെ ആത്മധൈര്യത്തിൽ അവൾ ആയിരങ്ങൾക്കു മാതൃകയായി. എന്നാൽ വീണ്ടും കടന്നെത്തിയ രോഗം പ്രിയപ്പെട്ടവരിൽ നിന്ന് അവളെ കവർന്നെടുക്കുകയായിരുന്നു.

ആദ്യതവണ രോഗത്തെ ചെറുത്ത ശേഷം ലഭിച്ച ആത്മവിശ്വാസം വലുതായിരുന്നെന്ന് മനോരമ ഓൺലൈനോട് ഒരിക്കൽ അവൾ പറഞ്ഞു. ആ ആത്മധൈര്യം കൈമുതലാക്കിയാണ് ‘ആമി മേക് ഓവർ സ്റ്റുഡിയോ’ എന്ന സ്വന്തം സംരംഭത്തിലേക്ക് പ്രിയ കടന്നത്. കാൻസർ ബോധവൽക്കരണ പരിപാടികളിലും സജീവമായിത്തന്നെ പ്രിയ നിലയുറപ്പിച്ചു. ഇതിനിടെയാണ് രണ്ടാമതും പ്രിയയെ തേടി കാൻസർബാധയെത്തിയത്.  ഫെയ്സ്ബുക്കിലും ഏറെ സജീവമായിരുന്നു പ്രിയ. അസുഖത്തിന്റെ വിവരങ്ങൾ ഉൾപ്പടെ എല്ലാം സുഹൃത്തുക്കളുമായി പങ്കുവച്ചു. ഓരോ തവണ കീമോ ചെയ്യാൻ പോകുന്നതും കീമോ കഴി‍ഞ്ഞ് തിരിച്ചെത്തുന്നതും എല്ലാം അവൾ ഫെയ്സ്ബുക്കിലൂടെ ലോകത്തോടു പറഞ്ഞു. ആ കുറിപ്പുകളിലൂടെ അവൾക്കൊപ്പം സഞ്ചരിച്ച ഓരോരുത്തരുടെയും പ്രാർഥനകളും പ്രിയയ്ക്കൊപ്പമുണ്ടായിരുന്നു.

മൂത്ത മകൻ ജാവേദിന് രണ്ടു വയസ്സുള്ളപ്പോഴാണ് കാൻസർ പ്രിയയെ പരീക്ഷിക്കാനെത്തിയത്. ഭർത്താവ് ഹബീബിന്റെയും അദ്ദേഹത്തിന്റെ വീട്ടുകാരുടെയും പിന്തുണ കാൻസറിനെ ചെറുക്കാൻ തക്കവിധം പ്രിയയെ സജ്ജയാക്കി. വിളിക്കാതെ എത്തിയ അതിഥിയെ പടിക്കു പുറത്താക്കിയ പ്രിയ, റയാന്റെ അമ്മയായാണ് ആ സന്തോഷം ഇരട്ടിമധുരമാക്കിയത്. എന്നാൽ ആ സന്തോഷം അധികം നീണ്ടില്ല. രോഗലക്ഷണങ്ങൾ വീണ്ടും  പ്രിയയിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. അപ്പോഴും ധൈര്യത്തോടെതന്നെ പ്രിയ ചികിത്സയ്ക്കൊപ്പം ആമി സ്റ്റുഡിയോയുമായി മുന്നോട്ടു പോയി. ഏറ്റവുമൊടുവിൽ ജൂൺ 18 ന് സെക്കൻഡ് സൈക്കിൾ കീമോ തുടങ്ങിയതായി പ്രിയ തന്നെ ഫെയ്സ്ബുക്കിൽ കുറിച്ചു. ഒപ്പം ആദ്യത്തേത് വിജയകരമായി പൂർത്തിയാക്കിയ സന്തോഷവും പങ്കുവച്ചു. എല്ലാവരുടെയും പ്രാർഥനയ്ക്കും പിന്തുണയ്ക്കും നന്ദി പറയാനും അവർ മറന്നില്ല. 

ഒരാഴ്ചയായി lakeshore ഇൽ ആണ് സ്ഥിര താമസം... മിക്കവാറും നാളെ വിടുമായിരിക്കും... ഇത്തവണ ഞാൻ ഒരു തീരുമാനം എടുത്തു , രാത്രി ഹബി വന്നു നിന്നോട്ടെ, പകൽ ആരും വേണ്ട...എന്തായാലും പകൽ രണ്ടു മണി കഴിഞ്ഞാൽ , ക്യാംപ് ഇല്ലെങ്കിൽ CCS ന്ടെ "ആശ കുട്ടി' എന്നോടൊപ്പം കാണും . എന്റെ പ്രതീക്ഷകൾ കാറ്റിൽ പറത്തിക്കൊണ്ട് ഇൻജക്‌ഷൻ 36 മണിക്കൂറൊക്കെ ദൈർഘ്യമുള്ളത്... കുളിക്കാനല്ലാതെ ലൈൻ മാറ്റുന്നില്ല...ശരിക്കും പശുവിനെ കെട്ടിയിട്ട അവസ്ഥ...ആശ 2 ഡേയ്സ് ക്യാംപിന് പോയി. എടുത്തോണ്ടിരിക്കുന്ന മെഡിസിൻ ടോക്സിക് ആയതോണ്ടു, ഒപ്പം ഫ്ലൂയിഡ് കേറുന്നുണ്ട്...മൊത്തം ഒന്നര , രണ്ടു ലിറ്ററിന്റെ രണ്ടു കുപ്പികൾ!!!!! എന്റെ അഹങ്കാരത്തിന് കിട്ടിയ ശിക്ഷ!!!! ഞാൻ ഇപ്പൊ ബാത്റൂം ആദിയായ കാര്യങ്ങൾക്കു ഈ സ്റ്റാൻഡും തള്ളിക്കൊണ്ട് നടപ്പാണ്... സാക്ഷാൽ ഭഗവാന്റെ ത്രിശൂലത്തിൽ ഒരു ഉടുക്കേ ഉള്ളൂ....എന്റെ സ്റ്റാൻഡിൽ രണ്ടു കുപ്പികൾ....സ്റ്റാൻഡിനാണെങ്കിൽ മുടിഞ്ഞ വെയിറ്റും... ചക്രം ഉള്ളത് അഞ്ചും അഞ്ചു വഴിക്കു...ഹ...ഹ...ഹ...എന്റെ അവസ്ഥ ഓർത്തു എനിക്ക് തന്നെ ചിരി വരുന്നു... ഇന്ന് ഇളയ മോനെ കൊണ്ടു വരാം എന്ന് പറഞ്ഞിട്ടുണ്ട്... അവൻ വന്നിട്ടു വേണം അമ്മക്കും, മോനും കൂടി വണ്ടി തള്ളി നടക്കാൻ.... പ്രിയ ഫെയ്സ്ബുക്കിൽ കുറിച്ചു.

രോഗക്കിടക്കയിൽ നിന്ന് ഒന്നരമാസത്തിനു ശേഷം താൻ മടങ്ങി വന്നതായും ജൂലൈ 10ന് പ്രിയ അറിയിച്ചു. എന്റെ മക്കൾക്ക് വേണ്ടി, എന്റെ ഹബിക്കു വേണ്ടി!!!!!!!!! നിങ്ങളുടെയൊക്കെ പ്രാർത്ഥനക്കു ഒരായിരം നന്ദി നമസ്കാരം!!!!!! നമുക്ക് വീണ്ടും മുഖ പുസ്തകത്തിൽ കാണാം... പ്രതീക്ഷയോടെ പ്രിയ ഫെയ്സ്ബുക്കിൽ കുറിച്ച അവസാന വാക്കുകൾ ഇതായിരുന്നു.

പ്രിയയിൽ നിന്നു കിട്ടിയ ആത്മവിശ്വാസത്തോടെ പുഞ്ചിരിയോടു കൂടി ജീവിക്കുന്ന ആയിരങ്ങൾ ഉണ്ട്. കാൻസർ ചികിൽസാ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരൻ പോലും അവളുടെ ആത്മധൈര്യത്തെപ്പറ്റി അദ്ദേഹത്തിന്റെ ചികിൽസാ അനുഭവക്കുറിപ്പുകളുടെ ‘കാൻസറിനെ പേടിക്കേണ്ട’ എന്ന ഗ്രന്ഥത്തിൽ കുറിപ്പെഴുതി. ഒന്നുറപ്പാണ് പ്രിയ... പ്രിയപ്പെട്ടവരുടെ മനസ്സിൽ നീ എന്നുമുണ്ടാകും. ഓരോ പ്രവർത്തിയിലും ഓരോരോ നിമിഷങ്ങളിലും അവർ നിങ്ങളെ ഓർക്കും... അത്രയ്ക്കുണ്ട് നിങ്ങൾ അവർക്കു പകർന്ന ധൈര്യവും കരുത്തും.

Read More : ആരോഗ്യവാർത്തകൾ