Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻസ്റ്റഗ്രാം ചിത്രങ്ങൾ പറയും നിങ്ങളുടെ മാനസികാരോഗ്യം

instagram-photo

നിങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ തെളിച്ചമുള്ളതും നിറമുള്ളതുമാണോ? എങ്കിൽ നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെട്ടതാണ്. നിങ്ങൾ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ നിറമില്ലാത്തതും ഇരുണ്ടതുമാണെങ്കിൽ മാനസികാരോഗ്യം അത്ര മെച്ചപ്പെട്ടതാകില്ല. വെർമണ്ട് സർവകലാശാലയിലെ ക്രിസ് ഡാൻഫോർത്തും ഹാവാർഡ് സർവകലാശാലയിലെ ആൻഡ്രൂ റീസയും ചേർന്നു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 

ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ വലൻസിയ പോലുള്ള തെളിച്ചമുള്ള ഫിൽറ്ററുകൾ ഉപയോഗിക്കുന്നവർ മാനസികമായി കൂടുതൽ കരുത്തുള്ളവരാണെന്നാണ് ഇരുവരുടേയും കണ്ടെത്തൽ. അതേസമയം ഇങ്ക്‌വെൽ പോലുള്ള ഇരുണ്ട ഫിൽറ്ററുകൾ ഉപയോഗിക്കുന്നവർ ഡിപ്രഷൻ മുതലായ മാനസിക പ്രശ്നങ്ങൾ കണ്ടെത്തുകയും ചെയ്തു. 

166 പേരെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഇവർ പഠനം നടത്തിയത്. ആമസോൺ മെക്കാനിക്കൽ ടർക് വഴി ശേഖരിച്ച 43,950 ചിത്രങ്ങൾ വിശകലനം ചെയ്താണു പഠന സംഘം നിഗമനത്തിൽ എത്തിയത്. ഓരോ വ്യക്തിയുടെയും മാനസിക നില അനുസരിച്ചാണു സാമൂഹിക മാധ്യമങ്ങളിൽ അവർ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്ന് പഠനത്തിലൂടെ ഇവർ കണ്ടെത്തി. 

മാനസികമായി പ്രശ്നങ്ങൾ നേരിടുന്നവർ ഇരുണ്ട, നിറമില്ലാത്ത, തെളിച്ചമില്ലാത്ത ചിത്രങ്ങളാണു കൂടുതൽ പോസ്റ്റ് ചെയ്യുന്നതെന്നാണു തങ്ങളുടെ കണ്ടെത്തൽ എന്ന് ക്രിസ് ഡാൻഫോർത്തും ആൻഡ്രൂ റീസയും തങ്ങളുടെ ബ്ലോഗില്‍ കുറിച്ചു. മനുഷ്യന്റെ മാനസികാരോഗ്യ നില കണ്ടെത്തുന്നതില്‍ 70 ശതമാനം വരെ ഈ രീതി വിജയകരമാണെന്നാണ് ഇവർ അവകാശപ്പെടുന്നത്. നിലവിലുള്ള പരിശോധനകൾക്ക് 42 ശതമാനം വിജയം മാത്രമേ യഥാർഥ പ്രശ്നങ്ങൾ കണ്ടെത്തുന്നതിലുള്ളു. തെറ്റായ പരിശോധനാ ഫലം ലഭിക്കുന്നത് ഇത്തരം നിരീക്ഷണങ്ങളിലൂടെ ഒഴിവാക്കാമെന്നാണു ഇവരുടെ അഭിപ്രായം.