Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെയർ കണ്ടിഷനർ ഉപയോഗിക്കരുത്, കാരണം നിസ്സാരമല്ല

hair-conditioner

അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ യുദ്ധത്തിനു കോപ്പു കൂട്ടുമ്പോൾ പേടി മുഴുവൻ പസഫിക് സമുദ്രത്തിലെ ഒരു കൊച്ചുദ്വീപായ ഗുവാമിലുള്ള ജനങ്ങൾക്കാണ്. അമേരിക്കയുടെ നിയന്ത്രണത്തിനുള്ള ഈ ദ്വീപിൽ അണ്വായുധം പ്രയോഗിക്കുമെന്നാണ് ഉത്തരകൊറിയയുടെ ഭീഷണി. ആണവമിസൈൽ തത്കാലത്തേക്ക് പ്രയോഗിക്കില്ലെന്ന് അടുത്തിടെ ഉത്തരകൊറിയ പറഞ്ഞെങ്കിലും ആശങ്കയൊഴിഞ്ഞിട്ടില്ല. അതിനാൽത്തന്നെ പ്രാദേശിക സർക്കാർ വേണ്ടത്ര മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. അണ്വായുധപ്രയോഗമുണ്ടായാൽ എന്തൊക്കെ മുൻകരുതലെടുക്കണമെന്നാണ് ഓഫിസ് ഓഫ് സിവിൽ ഡിഫൻസ് പുറത്തിറക്കിയിരിക്കുന്ന മാർഗനിർദേശരേഖയിലുള്ളത്. അതിൽത്തന്നെ ഒരു പ്രത്യേക നിർദേശം ശ്രദ്ധേയമാണ്, ഒപ്പം രസകരവും! 

ആണവ ആക്രമണം ഉണ്ടായതിനു ശേഷമുള്ള അണുപ്രസരണത്തിൽ നിന്നു രക്ഷപ്പെടണമെങ്കിൽ ഹെയർ കണ്ടിഷനുകൾ കുറച്ചു നാളത്തേക്ക് ഉപയോഗിക്കരുത് എന്നതായിരുന്നു അത്. കണ്ടിഷനറുകൾ റേഡിയോ ആക്ടീവ് കണങ്ങളെ മുടിയ്ക്കുള്ളിലേക്ക് ഇറക്കി ‘പൂട്ടിയിട്ടു’ കളയുമെന്നതാണ് ഇതിനു കാരണമായി ആരോഗ്യവിദഗ്ധർ പറയുന്നത്. യുഎസ് ഡിപാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ വെബ്സൈറ്റിലും ഇക്കാര്യം ചേർത്തിട്ടുണ്ട്. വിശാലമായ പ്രദേശത്തെ പാറകളെയും കെട്ടിടങ്ങളെയും ജീവജാലങ്ങളെയുമെല്ലാം ചാരമാക്കിക്കളയുന്ന വിധത്തിലുള്ള സ്ഫോടനമായിരിക്കും ആണവമിസൈൽ പ്രയോഗത്തിലൂടെ ഉണ്ടാകുക. ഇവയ്ക്കിടയിൽ പെട്ടാൽ ‘പിന്നെന്ത് ഹെയർകണ്ടിഷനർ’ എന്ന ചോദ്യം സ്വാഭാവികം. പക്ഷേ സ്ഫോടനം നടക്കുന്ന സ്ഥലത്തിന് ഏറെ ദൂരം മാറിയുള്ളയിടങ്ങളിലും ആണവവികിരണങ്ങളെത്തുമെന്നതാണ് സത്യം. അവിടെയുള്ളവർക്കാണ് ‘ഹെയർ കണ്ടിഷനർ’ നിർദേശം. 

സ്ഫോടനം വഴി അപകടകാരികളായ യുറേനിയത്തിന്റെയും പ്ലൂട്ടോണിയത്തിന്റെയും ആറ്റങ്ങൾ വിഭജിക്കപ്പെടും. ഇവ അന്തരീക്ഷത്തിൽ നിന്നു പോകില്ല. കത്തിയെരിഞ്ഞുണ്ടാകുന്ന ചാരവും പൊടിയും ഇവയ്ക്കൊപ്പം ചേരും. അങ്ങനെ, സ്ഫോടനം നടന്ന സ്ഥലത്തിനും ഏറെ ദൂരേക്ക് ഈ റേഡിയോആക്ടീവ് ധൂളികളും പറന്നെത്തും. പിന്നീട് കാറ്റ് കുറയുമ്പോൾ ഭൂമിയിലേക്ക് പൊഴിയും. ‘ന്യൂക്ലിയർ ഫോളൗട്ട്’ എന്നാണ് ഇതിനെ വിളിക്കുക. കൊടുംറേഡിയേഷനെയും വഹിച്ചുള്ള ഈ പൊടിപടലങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗനിർദേശങ്ങളിലാണ് ഹെയർ കണ്ടിഷനർ ഉപയോഗിക്കരുതെന്ന് പറയുന്നത്. 

വസ്ത്രങ്ങളിലും തൊലിയിലും തലമുടിയിലുമെല്ലാം ഈ പൊടിപടലങ്ങൾ പറ്റിപ്പിടിക്കാൻ സാധ്യതയേറെ. തൊലിയിലെയും തുണികളിലെയും വിഷധൂളികളെ സോപ്പും ഡിറ്റർജന്റുമെല്ലാം ഉപയോഗിച്ച് കഴുകി മാറ്റാം; ഒറ്റയടിക്കല്ല, പലപ്പോഴായി. മുടിയിൽ ഷാംപൂവും പ്രയോഗിക്കാം. കുറേ ദിവസത്തേക്കു പക്ഷേ കണ്ടിഷനർ വേണ്ട. മുടിയിഴകളെ മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ശൽക്കങ്ങളെപ്പോലെയുള്ള പ്രോട്ടീൻഭാഗങ്ങൾ കാണാം. ഇവയ്ക്കിടയിലാണ് പൊടിപടലങ്ങളെപ്പോലുള്ള സൂക്ഷ്മവസ്തുക്കൾ കുടുങ്ങുക. മുടിയിഴകളിലെ ‘ബാഹ്യചർമത്തെ’ തുറക്കുകയാണ് ഷാംപൂ ചെയ്യുന്നത്. ഷാംപൂ പ്രയോഗത്തിലൂടെ ഇവയെ ഓടിച്ചുവിടുകയും ചെയ്യാം.  

എന്നാൽ കണ്ടിഷനറാകട്ടെ മുടിയ്ക്ക് ആവശ്യമായ പോഷകവസ്തുക്കളെ വലിച്ചെടുത്ത് ‘ലോക്ക്’ ചെയ്തു കളയും. അങ്ങനെയാണ് മുടി മിനുസമാകുന്നതും തിളങ്ങുന്നതും. അണുപ്രസരണമുള്ള പൊടിയും ഇത്തരത്തിൽ മുടികളിൽ വന്നു വീഴും. ഇത് സോപ്പും ഷാംപൂവും ഉപയോഗിച്ച് ഒഴിവാക്കാവുന്നതേയുള്ളൂ. പക്ഷേ ഹെയർ കണ്ടിഷനറുകളിൽ കാറ്റയോണിക് സർഫക്റ്റന്റുകളും പോളിമറുകളുമുണ്ട്. ഇവയാകട്ടെ റേഡിയോആക്ടീവ് ധൂളികളെ ‘പിടികൂടി’ മുടിക്കുള്ളിലാക്കുന്ന രാസസംയുക്തങ്ങളാണ്. മുടിക്കാവശ്യമായ പോഷകവസ്തുക്കളാണെന്നു കരുതിയാണ് ഇത് ചെയ്യുന്നതും. തലയിൽ ഒരു ബോംബ് കൊണ്ടു നടക്കുന്നതിന് സമാനമാണിത്; ജീവന് അത്രയേറെ ഭീഷണി. 

എണ്ണമയം അടങ്ങിയ സ്കിൻ ലോഷനുകളും മോസ്ചുറൈസിങ് ക്രീമുകളും സൗന്ദര്യവർധവസ്തുക്കളും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്. എണ്ണമയമുള്ള ചർമത്തിൽ അണുപ്രസരണമുള്ള പൊടിപടലങ്ങൾ ഏറെ നേരം പറ്റിപ്പിടിച്ചിരിക്കുന്നതാണു പ്രശ്നം. പ്രത്യേക ഷെൽറ്ററുകൾ പണിത് ആണവാക്രമണത്തിൽ നിന്നു രക്ഷ തേടുന്നതിനൊപ്പം ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങളിലും ശ്രദ്ധ വേണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.