Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുക വലിക്കണോ, ഇതു വായിച്ചിട്ടു തീരുമാനിച്ചോളൂ...

514629430

പുകവലിച്ചു തള്ളുന്നവർ ഓർക്കുക. വാർധക്യത്തിൽ നിങ്ങളെ കാത്തിരിക്കുന്നത് തളർച്ചയും ക്ഷീണവും രോഗങ്ങളും ആണെന്നു പഠനം. എത്ര നേരത്തെ പുകവലി നിർത്തുന്നോ അത്രയും നല്ലതാണെന്നും വാർധക്യത്തിൽ ദുർബലരാകുന്നത് (frailty) വൈകിപ്പിക്കാനോ തടയാനോ അതു സഹായിക്കുമെന്നും പഠനം പറയുന്നു.

ഏജ് ആൻഡ് ഏജിങ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുകവലി, തളർച്ച ഉണ്ടാകാനുള്ള സാധ്യത 60 ശതമാനം വർധപ്പിക്കുന്നു. തളർച്ച എന്നാൽ ശാരീരിക ക്ഷീണവും വളരെ വേഗം ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നതുമായ അവസ്ഥയാണ്. വീഴ്ച, ഒടിവ്, ആശുപത്രിവാസം അങ്ങനെ പോകുന്നു  ഫലങ്ങൾ. കൂടാതെ മാനസികവും ബൗധികവുമായ പ്രശ്നങ്ങൾ അതായത് ജീവിതത്തിൽ സംതൃപ്തിയില്ലായ്മ, മറവിരോഗം ഇവയുമായും ബന്ധപ്പെട്ടിരിക്കുന്നു.

പുകവലി ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ് അഥവാ സി ഒ പി ഡി ഹൃദ്രോഗം, പക്ഷാഘാതം, വാസ്കുലാർ രോഗങ്ങൾ ഇവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ഇവ ശാരീരികവും മാനസികവും സാമൂഹ്യവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.

ഇംഗ്ലണ്ടിലെ പ്രായമായ സ്ത്രീപുരുഷന്മാരിലാണ് പഠനം നടത്തിയത്. ശാരീരകമായ അഞ്ചു ഘടകങ്ങളെയാണ് തളർച്ച (Frailty) എന്നതുകൊണ്ട് ഗവേഷകർ ഉദ്ദേശിക്കുന്നത്. അതായത് അകാരണമായി ശരീരഭാരം കുറയുക, ക്ഷീണം, വേഗത്തിൽ നടക്കാന്‍ പ്രയാസം അനുഭവപ്പെടുക, ശാരീരിക പ്രവർത്തനങ്ങളുടെ കുറവ്, ആയാസം അനുഭവപ്പെടുക. ഇവയിൽ മൂന്നോ അതിലധികമോ ലക്ഷണങ്ങളെ തളർച്ചയായി കരുതും.

അറുപതോ അതിനു മുകളിലോ പ്രായമുള്ളവരുടെ വിവരങ്ങളാണ് പഠനത്തിനുപയോഗിച്ചത്. പഠനത്തിൽ പങ്കെടുത്ത 2542 പേരെ പുകവലിക്കുന്നവരും പുകവലിക്കാത്തവരും എന്ന് രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ചു. പുകവലിക്കാത്തവരെ, മുൻപ് പുകവലിച്ചവരെന്നും ഒരിക്കലും പുകവലിക്കാത്തവരെന്നും വീണ്ടും തരം തിരിച്ചു. മുൻപ് പുകവലിച്ചിരുന്നവരെ വീണ്ടും രണ്ട് ഗ്രൂപ്പുകളാക്കി. പത്തു വർഷത്തിനുള്ളിൽ പുകവലി നിർത്തിയവർ, പുകവലി നിർത്തിയിട്ട് പത്തുവർഷത്തിലധികമായവർ എന്നിങ്ങനെയാണ് തരം തിരിച്ചത്.

പ്രായമായവരിൽ ഇപ്പോഴും പുകവലിക്കുന്നവരിൽ ക്ഷീണവും തളർച്ചയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പുകവലി നിർത്തിയവരിൽ അത്ര അപകടമില്ലെന്നും  പഠനത്തിൽ കണ്ടു.

Read More : ആരോഗ്യവാർത്തകൾ