Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചങ്ങാതിയുണ്ടെങ്കിൽ മാനസികാരോഗ്യം ഉറപ്പ്

friendship

മോനോ, അവൻ ഏതുസമയവും കൂട്ടുകാരോടൊപ്പമാണ്.. ഇതാണോ കൗമാരക്കാരനായ മകനെപ്പറ്റി നിങ്ങൾക്കുള്ള പരാതി? അവൻ കൂട്ടുകൂടട്ടെ ശക്തമുള്ളതും ആഴത്തിലുള്ളതുമായ സൗഹൃദം കൗമാരക്കാരിൽ മാനസികാരോഗ്യമേകും എന്നാണ് ഗവേഷകർ പറയുന്നത്. ഉത്കണ്ഠ, സാമൂഹികമായ അംഗീകാരം, വിഷാദ ലക്ഷണങ്ങൾ തുടങ്ങി നിരവധി മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് സൗഹൃദം പരിഹാരമാകും.

വിർജീനിയ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ കൗമാരപ്രായത്തിലെ സൗഹൃദം, ദീർഘ കാലത്തേക്കുള്ള മാനസികവും വൈകാരികവുമായ ആരോഗ്യത്തിന്റെ സൂചനയാണെന്നു കണ്ടു.

നല്ല സുഹൃത്തുക്കളുള്ള ഹൈസ്കൂൾ വിദ്യാർത്ഥികളിൽ കാലം കഴിയുന്തോറും മാനസികാരോഗ്യവും മെച്ചപ്പെടുന്നതായി കണ്ടു.

169 കൗമാരക്കാരിൽ പത്തുവർഷം നീണ്ട പഠനം നടത്തി. അവർക്ക് 15 വയസ്സ് ആയപ്പോൾ തുടങ്ങിയ പഠനം 25 വരെ നീണ്ടു. 

വർഗം, വർണം, സാമൂഹ്യ സാമ്പത്തിക ഘടകങ്ങൾ ഇവയെല്ലാം വ്യത്യസ്തമായവർക്കിടയിലാണ് ഈ പഠനം നടത്തിയത്. 29 ശതമാനം പേർ ആഫ്രിക്കൻ അമേരിക്കനും 58 ശതമാനം പേർ കോക്കേഷ്യനും. 8 ശതമാനം പേർ മിശ്ര വർഗത്തിൽ പെട്ടവരും ആയിരുന്നു. ഇവരുടെ കുടുംബവരുമാനം 40,000 ഡോളർ മുതൽ 59,999 ഡോളർ വരെ ആയിരുന്നു.

15 വയസ്സിൽ ആഴമുള്ള സൗഹൃദം ഉള്ള കുട്ടിക്ക് 25 ആകുമ്പോഴേയ്ക്കും സാമൂഹ്യ ഉത്കണ്ഠ വളരെ കുറവായിരിക്കും. കൂടാതെ വിഷാദ ലക്ഷണങ്ങളും ഇവരിൽ കുറവായിരിക്കുമെന്നു കണ്ടു. എന്നാൽ ആഴമുള്ള സൗഹൃദം ഇല്ലാതിരിക്കുന്നവരിൽ മാനസികാരോഗ്യം അത്ര മികച്ചതായിരുന്നില്ല എന്നും കണ്ടു.

ജീവിതത്തിലെ ഒരു ഘട്ടത്തിൽ അതായത് വ്യക്തിത്വം വികസിക്കുന്ന ഘട്ടത്തിൽ സുഹൃത്തുക്കളുമൊത്തുള്ള നല്ല അനുഭവങ്ങൾ, നല്ല ചിന്തകളും അവനവനെക്കുറിച്ചു തന്നെ നല്ല തോന്നലുകളും ഉണ്ടാക്കുന്നതുകൊണ്ടാകാം ഈ മാറ്റം എന്ന് ചൈൽഡ് ഡെവലപ്മെന്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.