Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ കൊതുക് വളരുന്നുണ്ടോ, ആറുമാസം വരെ തടവു കിട്ടാം

dengue fever

വീടുകളിലും കെട്ടിടങ്ങളിലും കൊതുകുകൾ വളരുന്നത് കണ്ടെത്തിയാൽ ഉടമയ്ക്ക് ആറുമാസം വരെ തടവ് ശിക്ഷ നൽകാൻ തമിഴ്നാട് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിർദേശം. ഡെങ്കിപ്പനി പടരുന്നത് തടയുക എന്ന ലക്ഷ്യം വച്ചാണ് നടപടി.

ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കയ്യേറ്റങ്ങൾ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നിർദേശം പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 269 വകുപ്പനുസരിച്ച് ശുചീകരണപ്രവർത്തനങ്ങളിൽ സഹകരിക്കാത്തവർക്കെതിരെ കേസെടുക്കാനാണ് തീരുമാനമുള്ളത്. 

ഇതു സംബന്ധിച്ച് കത്തും പൊതുജനാരോഗ്യവിഭാഗം ഡയറക്ടർ വിവിധ നഗരസഭകൾക്കും ഡപ്യൂട്ടി ഡയറക്ടർമാക്കും അയച്ചിട്ടുണ്ട്. രോഗബാധയുണ്ടാകുന്ന സാഹചര്യങ്ങൾ ഉണ്ടാക്കുന്നവർക്കും ശുചീകരണ പ്രവർത്തനങ്ങൾ തടയുന്നവർക്കുമാണ് ഇത് പ്രകാരം ശിക്ഷ ലഭിക്കുക. ആറുമാസം വരെ തടവോ അല്ലെങ്കിൽ പിഴയോ ആയിരിക്കും ഇത്തരക്കാർക്ക് കിട്ടുന്നത്.

1960ൽ ചിക്കൻപോക്സ് പടർന്നുപിടിച്ചപ്പോഴാണ് ഐപിസി 269 വകുപ്പ് ചുമത്താൻ ഇതിന് മുമ്പ് സർക്കാർ തയ്യാറായിട്ടുള്ളത്. കൊതുകുകളുടെ വ്യാപനം തടയാൻ കെട്ടിട ഉടമകൾക്കും കുടുംബങ്ങൾക്കും മാസങ്ങൾക്ക് മുമ്പേ നോട്ടീസ് നൽകിയിരുന്നെങ്കിലും ആരും ഇതു ശ്രദ്ധിച്ചിരുന്നില്ലെന്നാണ് സർക്കാർ വിശദീകരണം.