Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർസിസിയിൽ രക്തം സ്വീകരിച്ച ഒൻപതു വയസ്സുകാരിക്ക് എച്ച്ഐവി ബാധ

രക്താർബുദ ചികിൽസയുടെ ഭാഗമായി രക്തം സ്വീകരിച്ച പെൺകുട്ടിക്ക് എച്ച്ഐവി ബാധ. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ചികിൽസനേടിയ ആലപ്പുഴ സ്വദേശി ഒൻപതു വയസ്സുകാരിക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. മാതാപിതാക്കളുടെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. 

കഴിഞ്ഞ മാർച്ചിലാണ് ഇവർ ആർസിസിയിൽ ചികിൽസയ്ക്കെത്തിയത്. ചികിൽസയുടെ മുന്നോടിയായി എച്ച്ഐവി ഉൾപ്പെടെയുള്ള പരിശോധന നടത്തിയിരുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം നാലുതവണ കീമോ തെറപ്പി നടത്തുകയും പലതവണ രക്തം സ്വീകരിക്കുകയും ചെയ്തു. അടുത്ത കീമോ തെറപ്പിക്കു മുന്നോടിയായി നടത്തിയ രക്തപരിശോധനയിലാണ് എച്ച്ഐവി കണ്ടെത്തിയത്. തുടർന്നു മുംബൈ ഉൾപ്പെടെയുള്ള ലാബുകളിൽ വിദഗ്ധപരിശോധന നടത്തി രോഗം സ്ഥിരീകരിക്കുകയായിരുന്നു. 

മാതാപിതാക്കൾക്ക് എച്ച്ഐവിയില്ലെന്നു പരിശോധനയിൽ വ്യക്തമായി. ആർസിസിയിലെത്തിയ ശേഷം മറ്റെവിടെയും ചികിൽസിച്ചിട്ടില്ലെന്നും രക്തം നൽകിയതിലെ പിഴവാണു രോഗത്തിനു കാരണമായതെന്നും മാതാപിതാക്കൾ പരാതിയിൽ പറഞ്ഞു. മന്ത്രി കെ.കെ.ശൈലജയ്ക്കും പരാതി നൽകി. 

മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം തുടങ്ങി. പരാതി വിദഗ്ധസംഘം അന്വേഷിക്കുമെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കുട്ടിയുടെ തുടർ ചികിത്സാ സംബന്ധമായ എല്ലാ കാര്യങ്ങളും സർക്കാർ നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു.