Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർശസ്സ് വരാതെ നോക്കാം

piles

ആധുനിക ജീവിതരീതികളാൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന രോഗങ്ങളിലൊന്നാണ് അർശസ്സ് അഥവാ പൈൽസ്. വിവിധ ലക്ഷണങ്ങളോടെ വൈവിധ്യ രീതികളിൽ രൂപം കൊള്ളുന്ന അർശസ്സിനെ വരാതെ നിയന്ത്രിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

∙ ഉപ്പ്, എരിവ്, പുളി  തുടങ്ങിയവ ഭക്ഷണത്തിൽ അമിതമായി ഉൾപ്പടുത്തരുത്. ഇവയുടെ സ്ഥിരമായ അമിത ഉപയോഗം അർശസ്സ് വരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.

∙ കോഴിമുട്ട, കോഴിയിറച്ചി, ഗോമാംസം തുടങ്ങിയവ ഉപേക്ഷിക്കുന്നതോ നിയന്ത്രിക്കുന്നതോ നന്നായിരിക്കും.

∙താറാവിന്റെ മുട്ട, താറാവിറച്ചി, പന്നിയിറച്ചി , ആട്ടിറച്ചി എന്നിവ ദോഷം ചെയ്യില്ല.

∙മീനുകളിൽ ചെമ്മീൻ, അയല, കൂരി തുടങ്ങിയവ വർജിക്കുവാൻ ശ്രദ്ധിക്കുക. 

∙ ചാള (മത്തി), വരാൽ, കാരി, സ്രാവ്, തെരണ്ടി തുടങ്ങിയ മീനുകൾ ദോഷം ചെയ്യില്ല.

∙ സസ്യവർഗ്ഗങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പീച്ചിങ്ങ, ചീര, വെണ്ടയ്ക്ക, വെള്ളരിക്ക, കുമ്പളങ്ങ, മത്തങ്ങ തുടങ്ങിയവ ഭക്ഷണത്തിൽ നിത്യേന ഉൾപ്പെടുത്തുവാൻ ശ്രമിക്കുക.

∙ പാലോ, നെയ്യോ നിത്യേന ഭക്ഷണത്തിന്റെ  ഭാഗമാക്കി ഒരു നേരമെങ്കിലും ഉപയോഗിക്കുക. മോര് സ്ഥിരമായി കുടിയ്ക്കുന്നത് ഫലം നൽകും.

∙ പഴവർഗ്ഗങ്ങൾ നിത്യഭക്ഷണത്തിന്റെ ഭാഗമായി രാത്രി ഒരു നേരമെങ്കിലും ശീലമാക്കുക. വാഴപ്പഴങ്ങൾ, ഓറഞ്ച്, മുന്തിരിങ്ങ തുടങ്ങിയവയും ഗുണകരമാണ്.

‍‌∙ സ്ഥിരമായി മലബന്ധമുണ്ടാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ സംഭവിക്കുകയാണെങ്കിൽ രാത്രികാലങ്ങളിൽ പഴവർഗ്ഗങ്ങൾ കൂടുതലായി കഴിക്കുകയും മാംസാഹാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും വേണം.

∙വെള്ളം ധാരാളം കുടിക്കണം. രാത്രി ഉറങ്ങുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് നന്നായിരിക്കും.

നമ്മുടെ നിത്യേനയുള്ള ജീവിത രീതികളും മാനസികാവസ്ഥയുമൊക്കെ ഈ രോഗത്തെ വിളിച്ചു വരുത്തുന്ന മറ്റു ഘടകങ്ങളാണ്.

∙ അത്യധ്വാനവും അധ്വാനമില്ലായ്മയും പൈൽസ് രോഗത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കും. അത്യധ്വാനം മുലമുണ്ടാകുന്ന ഉഷ്ണാവസ്ഥയും അധ്വാനമില്ലായ്മ മൂലമുണ്ടാകുന്ന നിശ്ചലാവസ്ഥയും രോഗത്തെ ക്ഷണിച്ചു വരുത്തും.

∙ മണിക്കൂറുകളോളം അനങ്ങാതെ നിവർന്നിരുന്ന് ജോലി ചെയ്യുന്നവരിൽ പൈൽസിനുള്ള സാധ്യതകൾ കൂടുതലാണ്. ഇങ്ങനെയുള്ള ജോലികൾ സ്ഥിരമായി ചെയ്യുന്നവർ ഇടയ്ക്കൊക്കെ എണീറ്റ് നിൽക്കുന്നതും അൽപമൊന്ന് നടന്നശേഷം ഇരിക്കുന്നതും പൈൽസിനെ തടുത്തു നിർത്തുവാൻ സഹായിക്കും.

∙ ഉൽക്കണ്ഠ , കോപം, മാനസിക അസ്വാസ്ഥ്യങ്ങൾ തുടങ്ങിയവയും അർശസ്സിന് പ്രേരകമായ ഘടകങ്ങളാണ്.

പാരമ്പര്യം അർശസ്സിന്റെ ഒരു പ്രധാന ഘടകമായി പരിഗണിക്കപ്പെടുന്നു എങ്കിലും ഭക്ഷണരീതികളും  ജീവിത രീതികളും രോഗത്തിന്റെ കാരണങ്ങളാണ്. ചിട്ടയായ ഭക്ഷണ ക്രമവും ജീവിത രീതിയിൽ സ്വീകരിക്കുന്ന മുൻകരുതലുകളും ഒരു പരിധിവരെ രോഗം വരാതിരിക്കാൻ സഹായിക്കും.

Read More : Health News