Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ട്രോക്കിനെതിരെ കരുതലോടെ

stroke

കൃത്യസമയത്ത്, ഫലപ്രദമായ ചികിൽസ നൽകിയാൽ പൂർണമായും സുഖപ്പെടുത്താവുന്ന ജീവിതശൈലി രോഗമാണു സ്ട്രോക്ക് (പക്ഷാഘാതം). വലിയ സ്ട്രോക്കിനു മുൻപായുണ്ടായേക്കാവുന്ന മിനി സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ  തിരിച്ചറിഞ്ഞു ചികിൽസിച്ചാൽ ഭൂരിഭാഗം പേരും രക്ഷപ്പെടും. 

എന്താണ് സ്‌ട്രോക്ക് 

തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതിനാണു സ്ട്രോക്ക് എന്നു പറയുന്നത്. കഴുത്തിലെയോ തലച്ചോറിലെയോ രക്തക്കുഴലുകളിലുണ്ടാകുന്ന തടസ്സമോ (ബ്ലോക്ക്) തലച്ചോറിലെ  രക്തക്കുഴൽ പൊട്ടുന്നതോ ആകാം കാരണം. ബ്ലോക്ക് കാരണം ഉണ്ടാകുന്ന ഇസ്‌ഷെമിക്  സ്‌ട്രോക്കിനാണു നൂതനചികിത്സാമാർഗങ്ങൾ പ്രധാനമായും  ലഭ്യമായിട്ടുള്ളത്.  പ്രായം,  പാരമ്പര്യം, പ്രമേഹം, രക്തസമ്മർദം, കൊളസ്‌ട്രോൾ, ഹൃദയസംബന്ധമായ  അസുഖങ്ങൾ, പുകവലി, മദ്യപാനം, ദീർഘനേരമുള്ള ഇരിപ്പ്, വ്യായാമക്കുറവ്, അലസ ജീവിതശൈലി, മാനസിക സമ്മർദം തുടങ്ങിയവ സ്ട്രോക്ക് സാധ്യത കൂട്ടുന്നു. 

തിരിച്ചറിയുന്നതെങ്ങനെ 

സ്‌ട്രോക്ക് സ്‌പെഷലിസ്റ്റിന്റെയോ ന്യൂറോളജിസ്റ്റിന്റെയോ അടുത്തു രോഗിയെ എത്രയും പെട്ടെന്ന് എത്തിക്കുക. രക്തക്കുഴൽ പൊട്ടിയതാണോ  അടഞ്ഞതാണോ എന്നു കണ്ടെത്താൻ സിടി സ്കാൻ, ചെറിയ രക്തക്കുഴലാണോ വലിയ രക്തക്കുഴലാണോ അടഞ്ഞത്, കഴുത്തിലെ രക്തക്കുഴലാണോ തലയിലെ രക്തക്കുഴലാണോ അടഞ്ഞത് തുടങ്ങിയവ അറിയാൻ സിടി ആൻജിയോഗ്രാം എന്നിവയ്ക്കു പുറമെ, തലയുടെ ആൻജിയോഗ്രാം പരിശോധന നടത്തുന്ന ഡിജിറ്റൽ സബ്‌ട്രാക്ഷൻ ആൻജിയോഗ്രഫി ഉൾപ്പെടെ വിവിധ ടെസ്റ്റുകളുണ്ട്. 

എം ആർ ഐ ബ്രെയ്‌ൻ, എം ആർ ആൻജിയോഗ്രാം, കരോട്ടിഡ് ഡോപ്ലർ, ട്രാൻസ്‌ക്രേനിയൽ ഡോപ്ലർ,ഇക്കോ കാർഡിയോഗ്രഫി തുടങ്ങിയ ടെസ്റ്റുകളും സ്ട്രോക്ക് ചികിൽസയിൽ ഉപയോഗിക്കുന്നു. 

ലക്ഷണങ്ങൾ  

വായ് കോടൽ, കൈകാൽ തരിപ്പ്, ബലക്കുറവ്, സംസാരത്തിലെ കുഴച്ചിൽ, തലകറക്കം, കാഴ്ചക്കുറവ്, രണ്ടായി കാണൽ, നടക്കുമ്പോൾ  വീണുപോകൽ എന്നിവയാണു പൊതുലക്ഷണങ്ങൾ. ബോധം മറയുക, കണ്ണിന്റെ കൃഷ്‌ണമണികൾ ഒരു വശത്തേക്കു  പോവുക, സംസാരിക്കാൻ പ്രയാസപ്പെടുക, പറയുന്നതു മനസ്സിലാകാതിരിക്കുക, നടക്കുമ്പോൾ വേച്ചു പോവുക എന്നിവയാണു ഗുരുതരമായ സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ.

ചികിൽസ

രക്തക്കുഴലുകൾ അടഞ്ഞു പോയതുമൂലം ഉണ്ടാകുന്ന സ്ട്രോക്കുകളിൽ ബ്ലോക്ക് അലിയിച്ചുകളയുന്ന മരുന്ന് കൊടുക്കുന്ന ചികിൽസാ രീതി (ഇൻട്രാവീനസ് ത്രോംബോലൈസിസ്) ഉണ്ട്. കയ്യിലെ രക്തക്കുഴലുകളിലൂടെയാണ് ഇതിൽ മരുന്ന് നൽകുക. വലിയ ബ്ലോക്കുകൾ ആണെങ്കിൽ മരുന്നു നേരിട്ട് ഇതിലേക്കു പ്രവേശിപ്പിച്ച് (ഇൻട്രാആർട്ടീരിയൽ ത്രോംബോലൈസിസ്) അലിയിപ്പിച്ചു കളയാം. തലച്ചോറിലേക്കു കത്തീറ്റർ കടത്തി സ്റ്റെന്റ് ഇട്ടു ക്ലോട്ട് എടുത്തു കളയുന്ന (മെക്കാനിക്കൽ ത്രോംബക്ടമി) ചികിൽസ ഏറെ ഫലപ്രദമാണ്.

ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കൂ(3S)

Symptoms  – സ്‌ട്രോക്ക് സൂചന തിരിച്ചറിയുക

Scanning – തലച്ചോറിന്റെ സ്കാനും  ആൻജിയോഗ്രാമും ചെയ്യുക

Stenting  – സ്റ്റെന്റ് ചികിൽസ ആവശ്യം വന്നാൽ അതു ചെയ്യുക.

രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ആശുപത്രിയിൽ  എത്രയും വേഗം എത്തിക്കുക.ബ്ലോക്ക് ഉണ്ടെങ്കിൽ അലിയിക്കാനുള്ള മരുന്ന് കൊടുക്കുക.

വലിയ ബ്ലോക്കിന് മരുന്നിനൊപ്പം കത്തീറ്റർ ചികിത്സ  വേണ്ടിവരുമെന്നും മനസ്സിലാക്കുക.

വെല്ലുവിളികൾ

∙ സാമൂഹിക അവബോധത്തിന്റെ കുറവ്  

∙ മിനി സ്‌ട്രോക്ക് തിരിച്ചറിയാതെയും ചികിത്സിക്കാതെയും  ഇരിക്കുന്നത്

∙ സ്‌ട്രോക്ക് ഹെൽപ്‌ലൈനിന്റെ അഭാവം

∙ കൃത്യസമയത്ത് (4 1/2 – 6 മണിക്കൂറിനുള്ളിൽ ) ചികിത്സ  ലഭ്യമാക്കാതിരിക്കുന്നത്.

∙ 24 മണിക്കൂറും പ്രവർത്തിക്കുന്ന കത്തീറ്റർ ചികിത്സാ സൗകര്യമുള്ള  ആശുപത്രിയുടെയും സ്‌ട്രോക്ക് രോഗ വിദഗ്ധരുടെയും കുറവ്

∙ കോംപ്രിഹെൻസീവ് സ്‌ട്രോക്ക് ആശുപത്രികളുടെയും പ്രൈമറി സ്‌ട്രോക്ക് സെന്ററുകളുടെയും കുറവ്.

∙ കത്തീറ്റർ ചികിൽസയുടെ ചെലവ്

മിനിസ്ട്രോക്കിനെ അവഗണിക്കരുത്

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കാണിക്കുകയും ഒരു മണിക്കൂറിനുള്ളിൽ സാധാരണ നിലയിലേക്കു  മടങ്ങുകയും ചെയ്യുന്ന അവസ്ഥയാണിത്. 30% പേർക്കും മിനി സ്ട്രോക്ക് വന്നതിന് ശേഷമാണു സ്ട്രോക്ക് ഉണ്ടാകുക. 

ഡോ. അനിൽകുമാർ ശിവൻ 

സ്ട്രോക്ക് ആൻഡ് ഇന്റർവെൻഷൻ ന്യൂറോളജിസ്റ്റ്, 

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രി, തിരുവല്ല.