Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒൻപതു മുതൽ അഞ്ചു വരെ ഇരുന്നുള്ള ജോലിയാണോ നിങ്ങളുടേത്?

office-job

ഒൻപതു മുതൽ അഞ്ചു വരെ ഇരുന്നുള്ള ജോലിയാണോ നിങ്ങളുടേത് ? ഏങ്കിൽ ഇരുന്നിടത്തു നിന്ന് ഒന്നനങ്ങിയില്ലെങ്കിൽ എത്ര വ്യായാമം ചെയ്തിട്ടും ഒരു ഫലവും ഉണ്ടാകില്ല. പറയുന്നത് കൊളംബിയ സർവകലാശാല ഗവേഷകരാണ്.

അനൽസ് ഓഫ് ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് കൂടുതൽ സമയം ഒരേയിരിപ്പ് ഇരിക്കുന്നത് നേരത്തെ മരണത്തെ ക്ഷണിച്ചു വരുത്തലാകും.

എണ്ണായിരത്തോളം പേരിൽ നടത്തിയ പഠനത്തിലാണ് ഇരിക്കുന്ന സമയവും മരണനിരക്കും തമ്മിൽ ബന്ധമുണ്ടെന്നു കണ്ടത്.

അരമണിക്കൂറിൽ കുറവ് മാത്രം ഇരിക്കുന്നവർക്കാണ് മരണസാധ്യത കുറവ്. ‘കുറച്ച് ഇരിക്കുക കൂടുതൽ ചലിക്കുക’ ഇതാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ആഹ്വാനം ചെയ്യുന്നത്.

കൊളംബിയ സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിസിനിലെ ഗവേഷകനായ കെയ്ത്ത് ഡയസിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

മുതിർന്നവർ എല്ലാ ആഴ്ചയും രണ്ടര മണിക്കൂർ മിതമായതു മുതൽ കഠിനമായതു വരെ എയറോബിക് എക്സർസൈസ് ചെയ്യുകയും അതോടൊപ്പം ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം പേശികൾക്ക് ശക്തി നൽകുന്ന പ്രവർത്തനങ്ങളിലും ഏർപ്പെടണമെന്ന് യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഫോർ പ്രിവൻഷൻ നിർദേശിക്കുന്നു.

ഇതുപോലെ ഇരിക്കുന്ന കാര്യത്തിൽ നിർദേശങ്ങൾ ആവശ്യമാണെന്ന് ഡയസ് പറയുന്നു. ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഓരോ അരമണിക്കൂർ ഇരുത്തത്തിനു ശേഷവും അഞ്ചുമിനിറ്റ് ഒന്ന് എഴുന്നേറ്റ് നിൽക്കുകയും നടക്കുകയും ചെയ്യണം.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സ്പോൺസർ ചെയ്യുന്ന Reasons for Geographic and Racial Differences in stroke (REGARDS) എന്ന പ്രോജക്ടിന്റെ ഭാഗമായാണ് പഠനം നടത്തിയത്.

45 വയസ്സിനു മുകളിൽ പ്രായമുള്ള 7985 പേരിലാണ് പഠനം നടത്തിയത്. ഒരേ ഇരിപ്പ് ഇരിക്കുന്ന സമയം അളക്കാൻ ഹിപ്പ് മൗണ്ട് ആക്സലറോമീറ്റർ ഉപയോഗിച്ചു. പഠനകാലയളവിൽ 340പേർ മരണമടഞ്ഞു. 16 മണിക്കൂർ ഉണർന്നിരിക്കുന്ന പകൽ സമയം ഉണ്ടെങ്കില്‍ ഇതിൽ ശരാശരി 12.3 മണിക്കൂർ ഒരേയിരിപ്പ് ഇരിക്കുന്നതായി കണ്ടു.

പ്രായം കൂടുന്തോറും  ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളിൽ കുറവ് വരുന്നതോടൊപ്പം ആൾക്കാർ കൂടുതൽ സമയം ഇരിപ്പും ശീലമാക്കും പഠനം പറയുന്നു.

ഒരേയിരിപ്പ് ഇരിക്കുന്ന സമയം കൂടുന്തോറും ഏതു കാരണത്താലുള്ളതുമായിക്കൊള്ളട്ടെ നേരത്തെയുള്ള മരണത്തിനും സാധ്യത കൂടുന്നു. പ്രായം, ലിംഗം, വർഗം, ബിഎംഐ, വ്യായാമ ശീലങ്ങൾ ഇതൊന്നും ഇതിനു ബാധകമല്ല.

ദിവസം 13 മണിക്കൂറിലധികം ഇരിക്കുന്നവർക്ക് 11 മണിക്കൂർ ഇരിക്കുന്നവരെ അപേക്ഷിച്ച്  രണ്ടിരട്ടി അതായത് 200 ശതമാനമാണ് മരണസാധ്യത.

അരമണിക്കൂറിൽ കുറവ് ഒരേയിരുപ്പ് ഇരിക്കുന്നവര്‍ക്ക് അരമണിക്കൂറിലധികം ഇരിക്കുന്നവരെ അപേക്ഷിച്ച് മരണസാധ്യത 55 ശതമാനം കുറവ് ആണെന്നു കണ്ടു.

എന്തുകൊണ്ടാണ് ഇരുപ്പ് മരണ കാരണമാകുന്നതെന്ന് ഇപ്പോഴും അവ്യക്തമാണ്. ഗവേഷകരിൽ ചിലർ പറയുന്നത്. കൂടുതല്‍ സമയം ഇരിക്കുമ്പോൾ ഇൻസുലിന്‍ സെൻസിറ്റിവിറ്റി കുറയും എന്നാണ്. ചിലരാകട്ടെ ഇരിപ്പ് കൂടുമ്പോൾ കലോറി ചെലവഴിക്കപ്പെടുന്നതു കുറയുന്നതു മൂലമാകാം എന്നും പറയുന്നു.

നീണ്ട സമയം ഇരിക്കുന്ന ജോലിയാണ് നിങ്ങൾക്കുള്ളതെങ്കിൽ ഓരോ അരമണിക്കൂറിലും  ‘‘ഒരു മൂവ്മെന്റ് ബ്രേക്ക്’’ എടുക്കുന്നത് ഗുണകരമാകും എന്നും പഠനം പറയുന്നു.

Read More: Health and Fitness