Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിരിക്കുമ്പോൾ ഹൃദയം പുറത്തുചാടും; ഏഴു വയസ്സുകാരി വിര്‍സാവിയ ബെറേന്റെ ജീവിത കഥ ഇങ്ങനെ

virsaviya Image Courtesy: Youtube

യുട്യൂബിൽ പ്രത്യക്ഷപ്പെട്ട ഒരു വിഡിയോയിലൂടെയാണ് വിർസാവിയ ബെറേൻ എന്ന ഏഴുവയസ്സുകാരിയുടെ കഥ ലോകമറിയുന്നത്. ശരീരത്തിനു പുറത്ത് ഹൃദയമിടിക്കുന്ന അപൂർ‌വ അവസ്ഥയുടെ ഇരയാണ് ഈ പെൺകുട്ടി. ഓരോ തവണയും ഇവൾ ചിരിക്കുമ്പോള്‍ നെഞ്ചിനകത്തു നിന്ന് ഹൃദയം പുറത്തുവരും. നേരിയ തൊലിയുടെ അകത്ത് നിന്നായിരിക്കും പിന്നീട് ഹൃദയമിടിക്കുക.

ജന്മനാ ഉള്ള അവസ്ഥയാണ് കുട്ടിയുടെ ജീവിതം ദുരിത പൂർണമാക്കിയത്. റഷ്യൻ സ്വദേശിയായ വിർസാവിയ കുടുംബത്തോടൊപ്പം യുഎസിലെ ഫ്ലോറിഡയിലാണ് ഇപ്പോൾ താമസം. 2015 മുതൽ തന്നെ വിവിധ മാധ്യമങ്ങളിലൂടെ ഈ പെൺകുട്ടിയുടെ ജീവിതം ലോകമറിഞ്ഞു തുടങ്ങിയതാണ്. ലോകത്ത് ഒരു മില്യൺ കുട്ടികൾ ജനിക്കുമ്പോൾ അതിൽ അഞ്ച് കുട്ടികൾക്ക് മാത്രമാണ് ഇങ്ങനെയൊരവസ്ഥയുണ്ടാകുകയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പെൺകുട്ടിയുടെ മരണം വരെ സംഭവിക്കാനുള്ള സാധ്യത ഇതു മൂലം ഉണ്ടായേക്കാമെന്ന് ഡോക്ടര്‍മാരും മുന്നറിയിപ്പ് നൽകിയിരുന്നു. എങ്കിലും ഏഴ് വർഷമായിട്ടും കുട്ടിയുടെ ജീവന് യാതൊരു ആപത്തും സംഭവിച്ചിട്ടില്ലാത്തത് മാതാപിതാക്കളിൽ ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. നെഞ്ചിനകത്ത് നിന്ന് ഹൃദയം പൂര്‍ണമായോ ഭാഗികമായോ പുറത്ത് വരുന്ന ഇത്തരം അവസ്ഥയെ എക്ടോപിയ കോർഡിസ് എന്നാണ് പറയുന്നത്. ഇത്തരം അവസ്ഥയുള്ളവര്‍ അതിജീവിക്കുക വളരെ വിരളമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

വിർസാവിയയുടെ ഈ അവസ്ഥ ഓപ്പറേഷനിലൂടെ മാറ്റാനാകും. എന്നാൽ ഉയർന്ന രക്തസമ്മർദമുള്ള കുട്ടിക്ക് ഓപ്പറേഷൻ അതിജീവിക്കാനുള്ള ശേഷിയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. മകളുടെ ചികിത്സയ്ക്കായി കുട്ടിയുടെ അമ്മ ഉദാരമതികളുടെ സഹായവും തേടുന്നുണ്ട്. കുട്ടിക്ക് തണുപ്പ് കാലാവസ്ഥ പ്രശ്നമാകുന്നതിനാൽ 2015ലാണ് ഇവര്‍ ഫ്ലോറിഡയിലെത്തുന്നത്. ഇവിടത്തെ ചൂട് കാലാവസ്ഥയിൽ വിർസാവിയക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നാണ് അറിയുന്നത്. 

Read More : Health News