Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുസ്തക വായന ആയുസ്സ് നീട്ടിത്തരും

reading

വായനയുടെ ഗുണങ്ങളെപ്പറ്റി എല്ലാവർക്കും അറിയാം. അറിവ് ലഭിക്കാനും ഏകാഗ്രതയും പദസമ്പത്തും വർധിപ്പിക്കാനും വൈകാരികമായ ബുദ്ധിശക്തി, സഹാനുഭൂതി ഇവ ലഭിക്കാനും സമ്മർദം കുറയ്ക്കാനും വായന നല്ലതാണ്. നേരമ്പോക്കിനും സമയം കൊല്ലാനും വായിക്കുന്നവരും കുറവല്ല.

വായിക്കാൻ ഇതാ ഒരു കാരണം കൂടി പുതിയ പഠനങ്ങൾ പറയുന്നത് പുസ്തകം വായിക്കുന്നത് ആയുസ്സ് കൂട്ടുമെന്നാണ്. സോഷ്യൽ സയൻസ് ആൻഡ് മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ എല്ലാ ആഴ്ചയും മൂന്നരമണിക്കൂറിലധികം പുസ്തകം വായിക്കുന്നവർക്ക് രണ്ടുവർഷം ആയുസ് നീട്ടിക്കിട്ടും എന്നു പറയുന്നു. പുസ്തകം വായിക്കാത്തവരെ അപേക്ഷിച്ച് വായനാശീലമുള്ളവർ രണ്ടു വർഷം അധികം ജീവിക്കും എന്ന് യേൽ സർവകലാശാല ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടു.

അൻപതു വയസിനു മുകളിൽ പ്രായമുള്ള 3635 അമേരിക്കക്കാരിലാണ് പഠനം നടത്തിയത്. 2004 ല്‍ ആരംഭിച്ച പഠനം 12 വർഷക്കാലം നീണ്ടുനിന്നു. പഠനത്തിൽ പങ്കെടുത്തവരെ മൂന്നുഗ്രൂപ്പുകളായി തിരിച്ചു. ആഴ്ചയിൽ മൂന്നര മണിക്കൂറിലധികം വായിക്കുന്നവർ, മൂന്നര മണിക്കൂർ വരെ വായിക്കുന്നവർ, ഒട്ടും വായിക്കാത്തവർ എന്നിങ്ങനെ.

പന്ത്രണ്ടു വർഷക്കാലം നീണ്ട ഫോളോ അപ് പഠനത്തിൽ ആഴ്ചയിൽ മൂന്നര മണിക്കൂറിലധികം വായിക്കുന്ന 27 ശതമാനം പേരെ അപേക്ഷിച്ച് ഒട്ടും വായന ഇല്ലാത്ത 33 ശതമാനം പേർ മരണമടഞ്ഞു.

ദിനപത്രവും മാസികകളും വായിക്കുന്നതു കൊണ്ട് ഇതേ ഗുണങ്ങൾ ഉണ്ടാകില്ല എന്നും ഗവേഷകർ ഊന്നിപ്പറഞ്ഞു. വായന ആരോഗ്യകരമായ ഒരു ശീലമാണ് എന്നതു തന്നെ കൂടുതൽ വായിക്കാൻ ആലോചിക്കുന്നവർക്ക് പ്രചോദനമാകട്ടെ.