Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ ചികിൽസാരീതികളിൽ ലോകം മുന്നേറുന്നു; പ്രതീക്ഷയോടെ രോഗികളും

cancer-onlineop

2015ൽ‌ മാത്രം കാൻസർ കാരണം മരണപ്പെട്ടത് 8.8 ദശലക്ഷം മനുഷ്യരാണ്. ഹൃദ്രോഗം മൂലം മരണപ്പെടുന്ന മനുഷ്യരുടെ എണ്ണം മാത്രമാണ് ഇതിനേക്കാൾ കൂടുതൽ. അമേരിക്കന്‍ ജനതയുടെ 40 ശതമാനം പേർക്കും ജീവിതത്തിലൊരിക്കലെങ്കിലും കാന്‍സറിനെ നേരിടേണ്ടി വരുന്നുണ്ടത്രെ. ഇത്രയും രൂക്ഷമായ പ്രശ്നത്തെ മറികടക്കാനുള്ള മാര്‍ഗത്തിനായും നിരന്തരശ്രമങ്ങളാണ് ഡോക്ടര്‍മാർ നടത്തിക്കൊണ്ടിരുന്നത്. അതിന്റെ ഭാഗമാണ് വർഷങ്ങൾ കഴിയുന്തോറും കൂടുതല്‍ കൂടുതൽ ഫലപ്രദമായി കാൻസർ ചികിത്സാ മേഖല പുരോഗമിക്കുന്നത്. 

യുഎസിൽ ലുക്കീമിയ രോഗം ഭേദപ്പെടുത്തുന്നത് 63 ശതമാനമായി വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. 1970കളിൽ രോഗം മാറാനുള്ള സാധ്യത വെറും 34 ശതമാനം മാത്രമായിരുന്നു എന്നത് കൂടി ഓർക്കണം.

അമേരിക്കയിൽ നിലവിൽ 15.5 ദശലക്ഷം രോഗികളിൽ കാൻസറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നാണ് കണക്ക്. അടുത്ത പത്ത് വർഷത്തിനുള്ളിൽ അത് 20 ദശലക്ഷമായി ഉയരും. വികസ്വര രാജ്യങ്ങളും ഇക്കാര്യത്തിൽ മികച്ച നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. അതുകൊണ്ട് ചികിത്സിച്ച് മാറ്റാവുന്ന മറ്റ് രോഗങ്ങളെ പോലെ തന്നെ കാൻസറിനെയും ശാസ്ത്രം ഒരു നാൾ കൈപ്പിടിയിലൊതുക്കും.

കാൻസർ രോഗത്തെ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സയ്ക്ക് വിധേയമാക്കാൻ ഇന്ന് സാധിക്കും. 1970കളുെട തുടക്കത്തിൽ ബ്രിട്ടനിൽ പ്രോസ്റ്റേറ്റ് കാൻസർ ബാധിക്കുന്ന നാലിൽ മൂന്ന് പേരും പത്ത് വർഷത്തിൽ കൂടുതല്‍ ജീവിക്കാറില്ല. എന്നാല്‍ ഇന്ന് അഞ്ചിൽ നാലുപേരും അവിടെ സുഖമായി ജീവിക്കുന്നു. ശ്വാസകോശം, പാൻക്രിയാസ്, തലച്ചോറ് എന്നിവിടങ്ങളിലെ കാൻസറാണ് ഇന്ന് താരതമ്യേന കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും പ്രയാസമായുള്ളത്. എന്നാൽ സാങ്കേതികവിദ്യ ഉപയോഗിച്ച് വൈകാതെ ഇതും മറികടക്കാനാകും.

ശ്വസനത്തിലൂടെ കാൻസറുണ്ടോയെന്ന് കണ്ടെത്താൻ സാധിക്കുന്ന ഉപകരണങ്ങൾ പോലും ഇന്ന് ലഭ്യമാണ്. ഇത്തരം പ്രക്രിയകളിലൂടെ ഏറ്റവും നേരത്തെ രോഗം തിരിച്ചറിയാനാകും. ഇന്നത്തെ കാൻസർ‌ ചികിത്സാ രീതികളായ ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറപ്പി എന്നിവയെല്ലാം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ട്യമറുകളെ നശിപ്പിക്കുകയും അതേ സമയം മറ്റു കോശങ്ങൾക്ക് വലിയ പരുക്കേൽക്കാതിരിക്കുകയും ചെയ്യുന്ന രീതിയിൽ ഗാമ കിരണങ്ങൾ ഇന്ന് റേഡിയോ തെറാപ്പിസ്റ്റുകൾ ഉത്പാതിപ്പിക്കുന്നു. 

മറ്റൊരു പ്രധാനപ്പെട്ട ചികിത്സാ മാർഗ്ഗമായ ഇമ്യൂണോ തെറപ്പി രൂപപ്പെട്ടിട്ട് വർഷം അധികമായിട്ടില്ല. കാൻസർ കോശങ്ങളെയും ട്യൂമറുകളെയും ഇല്ലാതാക്കാൻ തക്ക ശേഷി ശരീരത്തിന് ഉണ്ടാക്കിയെടുക്കുന്ന രീതിയാണ് ഇത്. ഇതിന് വേണ്ടിയുള്ള ആയിരക്കണക്കിന് പരീക്ഷണങ്ങളും നടന്നുവരികയാണ്. നിലവിലെ സാഹചര്യത്തിൽ തന്നെ രോഗികൾക്ക് കാൻസറിനെ മറികടക്കുന്നതിനുള്ള ചികിത്സ ലഭ്യമാണ്. സമ്പന്ന രാഷ്ട്രങ്ങളിലും ദരിദ്ര രാജ്യങ്ങളിലും കാൻസർ ചികിത്സയുടെ ലഭ്യത വ്യത്യസ്തമാണ്. ചിലയിടങ്ങളിൽ സ്ത്രീകളെക്കാൾ പുരുഷന്‍മാർക്ക് കാൻസർ ബാധിച്ച് മരണപ്പെടുന്നതിന്റെ നിരക്ക് അധികമാണ്. 

അമേരിക്കയിലെയും കാനഡയിലെയും കാൻസര്‍ അതിജീവന ശേഷി 70 ശതമാനവും ജർമനിയിൽ ഇത് 64 ശതമാനവുമാണ്. എന്നാൽ അമേരിക്കയിലെ തന്നെ ഗ്രാമപ്രദേശങ്ങളിൽ നഗരങ്ങളെ അപേക്ഷിച്ച് നില വ്യത്യസ്തമാണ്. ആരോഗ്യ മേഖലയ്ക്കായി രാഷ്ട്രങ്ങളുടെ നീക്കിയിരുപ്പ് വെവ്വേറെയാണ്. അതനുസരിച്ചാണ് രോഗങ്ങളെ നേരിടാനുള്ള രാഷ്ട്രങ്ങളുടെ ശേഷി കൂടി നിർണയിക്കപ്പെടുക. കാൻസർ ബാധിക്കുന്നതിൽ പകുതിയോളം രോഗികൾക്കും റേഡിയോ തെറപ്പി ആവശ്യമാണ്. എന്നാൽ പല രാഷ്ട്രങ്ങൾക്കും ഇത് നേടിയെടുക്കുന്നതിന് സാമ്പത്തികമായി തന്നെ തടസമുണ്ട്. വൻതോതിൽ പണം ചെലവഴിച്ചത് കൊണ്ട് ഒരു രാജ്യത്തിന് ആരോഗ്യമേഖലയിൽ നേട്ടമുണ്ടാകണമെന്നുമില്ല. അത് എങ്ങനെ ചെലവഴിക്കുന്നു എന്നതാണ് കാൻസർ ചികിത്സയിൽ പ്രധാനമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഉദാഹരണത്തിന് സ്ത്രീകളിലെ ഗര്‍ഭാശയ കാൻ‌സറിനെ ചെറുക്കുന്ന ഒരു വാക്സിൻ നേരത്തെ കണ്ടെത്തിയിരുന്നു. ഇതുപയോഗിച്ച് 2011 മുതൽ കൃത്യമായ വാക്സിനേഷൻ നടപടികളുമായാണ് റുവാണ്ട മുന്നോട്ടുപോകുന്നത്. 2020ഓടെ ഈ രോഗത്തെ തന്നെ തുടച്ചു നീക്കാമെന്നാണ് അവർ കണക്ക് കൂട്ടുന്നത്. 

പല രാഷ്ട്രങ്ങളും ഇത് നടപ്പാക്കുന്നതിൽ വളരെ പിന്നിലാണ്. വാക്സിനേഷനിലൂടെ ഇന്ത്യയിൽ ഒരു വർഷം 1,20000പേർ ഗർഭാശയ കാൻസറിനെ ചെറുക്കുന്നുണ്ട്. ഏത് ചികിത്സാ മാർഗ്ഗമാണ് കാര്യക്ഷമമാകുകയെന്ന് കണ്ടെത്തി നടപ്പാക്കുകയെന്നതാണ് മറ്റൊരു പ്രധാന കാര്യം. 1.3 ബില്യൺ പൗണ്ടാണ് ഇംഗ്ലണ്ട് കാൻസർ രോഗ ചികിത്സയ്ക്ക് വേണ്ടി ചിലവാക്കുന്നത്. അതുകൊണ്ട് തന്നെ വിലയേറിയ പുതിയ മരുന്നുകളെല്ലാം അവര്‍ക്ക് വേഗത്തിൽ സ്വന്തമാക്കാനും സാധിച്ചു. 

എന്നാൽ ചികിത്സയിൽ ഇത് ഫലപ്രദമായില്ല. അമേരിക്കയിൽ മുൻ പ്രസിഡന്റ് ബറാക് ഒബാമ നടപ്പാക്കിയ പദ്ധതിയാണ് ഒബാമ കെയർ. ഇത് നിലവിൽ വന്ന ശേഷം അമേരിക്കയിലെ ജനങ്ങളിൽ കൂടുതൽ നേരത്തെ കാൻസർ‌ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള വഴി തെളിയുകയുണ്ടായി. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ എത്രയോ നല്ലത് രോഗം വരാതെ നോക്കുന്നതാണെന്നൊരു ചൊല്ലുണ്ട്. കാൻസറിന്റെ കാര്യത്തിലും അതാണ് ശരി. 

2008 മുതൽ 2014 വരെ പുകവലിയില്ലാതാക്കാനുള്ള പ്രവർത്തനങ്ങളിലൂടെ 22 മില്യൺ‌ മരണങ്ങൾ ഒഴിവാക്കാനായെന്നാണ് കണക്ക്.  സിഗരറ്റിന്റെ നികുതി വർദ്ധിപ്പിച്ച് ഉപഭോഗം കുറച്ചാൽ രോഗം പിടിപെടുന്നതും കുറയ്ക്കാം. അതിനാൽ തെറ്റായ നയങ്ങളുടെ കൂടി ഭാഗമായാണ് കാൻസർ മരണങ്ങൾ നിരന്തരം തുടരുന്നതെന്നും പറയേണ്ടിവരും.