Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളിൽ ഉറക്കം കുറഞ്ഞാൽ സൂക്ഷിക്കുക!

child-sleep

ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത കുട്ടികൾക്ക് അമിതഭാരവും പൊണ്ണത്തടിയും ഉണ്ടാകുമെന്നു ഡാനിഷ് പഠനം. സാധാരണ ശരീരഭാരമുള്ള 2 മുതൽ 6 വയസ്സുവരെ പ്രായമുള്ള 368 കുട്ടികളിലാണ് പഠനം നടത്തിയത്. ഇവർ ജനനസമയത്ത് ഭാരം കൂടിയ കുട്ടികളോ രക്ഷിതാക്കൾ അമിതവണ്ണമുള്ളവരോ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികളോ ആയിരുന്നു

പഠനത്തിന്റെ ആരംഭത്തിൽ ഏഴുവയസ്സു കഴിഞ്ഞ കുട്ടികളുടെ സ്‌ലീപ്പ് ഡയറി രക്ഷിതാക്കൾ തയാറാക്കി. എത്രമാത്രം വിശ്രമം കുട്ടികൾക്ക് ലഭിക്കുന്നു, കുട്ടികൾ മയങ്ങുന്നുണ്ടോ, രാത്രി മുഴുവൻ ഉറങ്ങുന്നുണ്ടോ, ഉറങ്ങാനും ഉണരാനും പ്രയാസം അനുഭവിക്കുന്നുണ്ടോ ഇതെല്ലാം ഡയറിയിൽ കുറിച്ചു. ഇതോടൊപ്പം ഭക്ഷണ ഡയറിയും രക്ഷിതാക്കൾ പൂർത്തിയാക്കി.

രാത്രിയിൽ കുറച്ചു സമയം മാത്രം ഉറങ്ങുന്ന കുട്ടികൾ അടുത്ത ഒന്നരവർഷത്തിനുള്ളിൽ‌ അമിത ഭാരം ഉള്ളവരായി മാറുന്നുവെന്നു കണ്ടു. അമിതഭാരമുള്ള കുട്ടികൾ മധുരം കൂടുതലടങ്ങിയ ഭക്ഷണവും പാനീയങ്ങളും ഉപയോഗിക്കുകയും ചെയ്യുന്നു. ചിട്ടയായ ഉറക്കം ലഭിക്കുന്ന കുട്ടികൾക്ക് മികച്ച ഭക്ഷണ ശീലങ്ങളുമുണ്ട്.

കുട്ടികളിലെയും മുതിർന്നവരിലെയും ഉറക്കമില്ലായ്മയും പൊണ്ണത്തടിയുമായി ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെങ്കിലും പിഞ്ചു കുഞ്ഞുങ്ങളിലും ചെറിയ കുട്ടികളിലും പോലും പൊണ്ണത്തടിക്ക് കാരണമാകുമെന്ന് അറിഞ്ഞിരുന്നില്ല. ഇത് ജനനസമയത്തെ ഭാരം, രക്ഷിതാക്കളുടെ ഭാരം, വരുമാനം ഇവയെല്ലാമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ജേണൽ ഓഫ് ഒബേസിറ്റിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

രണ്ടു വയസുള്ള കുട്ടിക്ക് 11 മുതൽ 14 മണിക്കൂർ വരെ ഉറക്കം ലഭിക്കണം. ചെറുമയക്കങ്ങളും ഇതിലുൾപ്പെടും. 3 മുതൽ 5 വയസ് വരെയുള്ള പ്രായത്തിൽ 10 മുതൽ 13 മണിക്കൂർ വരെയും 6 വയസിൽ 9 മുതൽ 12 മണിക്കൂർ വരെയും ഉറങ്ങണം എന്നാണ് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് നിർദ്ദേശിക്കുന്നത്.

പഠനത്തിന്റെ തുടക്കത്തിൽ രാത്രിയിൽ കുട്ടികൾക്ക് ശരാശരി 10.7 മണിക്കൂർ ഉറക്കമാണ് ലഭിച്ചിരുന്നത്. 10.7 മണിക്കൂർ ഉറങ്ങുന്ന കുട്ടികൾ ഇതിലും കുറച്ച് ഉറങ്ങുന്നവരെ അപേക്ഷിച്ച് ശരീരഭാരം കൂടുന്നില്ല. കുറച്ച് ഉറങ്ങുന്നവര്‍ ഉറങ്ങാൻ പ്രയാസം അനുഭവിക്കുന്നതായും രാത്രിയിൽ രക്ഷിതാക്കളുടെ അടുത്തേക്കു പോകുന്നതായും കണ്ടു.

ഗവേഷകർ പഠനത്തിന് അടിസ്ഥാനമാക്കിയത് രക്ഷിതാക്കളുടെ അഭിപ്രായമാണ് എന്നതും സാമൂഹ്യസാമ്പത്തിക ഘടകങ്ങൾ, ശാരീരിക പ്രവർത്തനം തുടങ്ങിയ ഘടകങ്ങൾ ഉറക്കവും പൊണ്ണത്തടിയുമായും ബന്ധപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കാഞ്ഞതും ഈ പഠനത്തിന്റെ ഒരു പോരായ്മ ആണ്.

രക്ഷിതാക്കൾ കുട്ടികൾക്ക് മതിയായ ഉറക്കം ലഭിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആഴ്ചാവസാനം പോലും ഉറക്കത്തിന് ഒരു ചിട്ടവയ്ക്കണം. കിടക്കാനുള്ള ശാന്തമായ അന്തരീക്ഷം കുട്ടികൾക്ക് ഒരുക്കി കൊടുക്കണം. മൊബൈൽഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കിടപ്പു മുറിയിൽ നിന്നു മാറ്റണം.

ഉറക്കമില്ലായ്മ ശരീരഭാരം കൂട്ടുന്നതു കൂടാതെ കുട്ടികളുടെ പെരുമാറ്റം മാനസികനില, ബൗദ്ധിക പ്രവർത്തനം ഇവയെ എല്ലാം പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ടു തന്നെ മതിയായ ഉറക്കം വളരെ പ്രധാനമാണ്.