Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രദ്ധിക്കൂ... അപകടം കളിപ്പാട്ടത്തിന്റെ രൂപത്തിലും വരാം

579441042

സംസാര വൈകല്യം പ്രകടിപ്പിച്ച ഒരുവയസ്സുകാരനെ ബെംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ വിദഗ്ധപരിശോധനയ്ക്കു വിധേയനാക്കിയപ്പോൾ കണ്ടെത്തിയതു ശരീരത്തിൽ കൂടിയ അളവിൽ ഈയത്തിന്റെ സാന്നിധ്യം. ആദ്യമാസങ്ങളിൽ ‘പിരുപിരുപ്പ്’ കാണിച്ചിരുന്ന കുട്ടിക്കു മുറിവൈദ്യൻ കഴുത്തിൽ കെട്ടിക്കൊടുത്ത മാലയായിരുന്നു വില്ലൻ.

കുട്ടിയുടെ ശ്രദ്ധമാറ്റാൻ ഇതിന്റെ ലോക്കറ്റ് ചവയ്ക്കുകയായിരുന്നത്രേ ‘ചികിൽസ’. ഈയം കലർന്ന ലോക്കറ്റ് ചവച്ചതോടെ വിഷാംശം ഉള്ളിലെത്തി. മറ്റൊരു ഏഴുവയസ്സുകാരന്റെ മാറാത്ത വയറുവേദനയ്ക്കു പിന്നിലും പ്രശ്നമായത് ഈയം. പതിവായി പോയിരുന്ന പാർക്കിലെ പെയിന്റിളകിയ കളിവസ്തുക്കളാണു പ്രശ്നമായത്. അവയുമായുള്ള നിരന്തരസമ്പർക്കവും അവയിൽ പിടിച്ച കൈ വായിൽ വച്ചതുമൊക്കെ ഈയം ഉള്ളിലെത്തിച്ചു.

കുട്ടികൾക്കു കളിക്കാനും ചവയ്ക്കാനുമൊക്കെയുള്ള വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ അതീവജാഗ്രത വേണമെന്നതിലേക്കു വിരൽചൂണ്ടുന്ന രണ്ടു സംഭവങ്ങളാണിത്. ചൈനീസ് കളിപ്പാട്ടങ്ങളിലെ പ്ലാസ്റ്റിക്കും ലോഹങ്ങളും നിലവാരമില്ലാത്തവയാണെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്നുമുള്ള വിവരങ്ങളും കളിപ്പാട്ടങ്ങളിലെ ഈയത്തിന്റെ അംശം ഉള്ളിൽ ചെന്ന് കുട്ടികൾ രോഗബാധിതരായെന്നുള്ള വാർത്തകളും കേട്ട് ആശങ്കയോ ഭീതിയോ തോന്നിയിട്ടു കാര്യമില്ല. പകരം സുരക്ഷിത കളിപ്പാട്ടങ്ങളെക്കുറിച്ചുള്ള അവബോധം രക്ഷിതാക്കൾക്കുണ്ടാകണം.

കളിപ്പാട്ടങ്ങളിലെ വിഷാംശം

വലിച്ചെറിയുന്ന ഇലക്ട്രോണിക് മാലിന്യങ്ങളിൽനിന്നുള്ള പ്ലാസ്റ്റിക്കും മറ്റും പുനരുപയോഗിച്ചാണു വ്യാജ കമ്പനികൾ കളിപ്പാട്ടങ്ങളുണ്ടാക്കുന്നത്. ഇവയിൽ ഹെക്സബ്രോമോസൈക്ലോഡോഡെകെയ്‌ൻ (എച്ച്ബിസിഡി) എന്ന നിരോധിത വസ്തു അടങ്ങിയിരിക്കുന്നു. ഇതിന്റെ സാന്നിധ്യം പ്രത്യുൽപാദന അവയവങ്ങളെയും ഹോർമോൺ സംവിധാനത്തെയും തകിടമറിക്കുകയും ബുദ്ധി, ഏകാഗ്രത, പഠനശേഷി, ഓർമ എന്നിവയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നു ബെംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജിലെ ബയോകെമിസ്ട്രി വിഭാഗം മേധാവി ഡോ. അനിത ബിജൂർ ചൂണ്ടിക്കാട്ടുന്നു.

അലർജി, ആസ്മ, അസ്ഥി പ്രശ്നങ്ങൾ, പുരുഷ പ്രത്യുൽപാദന അവയവങ്ങൾക്കു കേടുപാട്, ശ്വാസകോശ തകരാർ എന്നിവയ്ക്കു കാരണമാകുന്ന താലേറ്റ്സ് (phthalates) ആണ് നിലവാരമില്ലാത്ത കളിപ്പാട്ടങ്ങളിൽ കാണുന്ന മറ്റൊരു വിഷഘടകം.

കളിപ്പാട്ടങ്ങളിൽ ഉപയോഗിക്കുന്ന പെയിന്റുകളിൽ ഈയം, കാഡ്മിയം തുടങ്ങിയ വിഷങ്ങൾ അടങ്ങിയിട്ടുണ്ടാകാം. നേരിയതോതിലുള്ള ഈയത്തിന്റെ സാന്നിധ്യം പോലും ശരീരത്തിനു വളരെ ദോഷകരമാണെന്നോർക്കണം. ഇത്തരം കളിപ്പാട്ടങ്ങളിൽ നക്കുകയോ കടിക്കുകയോ ചെയ്യുമ്പോഴോ അവയിൽ പിടിച്ച കൈ വായിൽ വയ്ക്കുമ്പോഴോ ഈയം ഉള്ളിൽ ചെല്ലാം. ഇതു നാഡീവ്യവസ്ഥ ഉൾപ്പെടെയുള്ളവയെ ദോഷകരമായി ബാധിക്കും. ബൗദ്ധിക, ശാരീരിക വികാസത്തിനുള്ള കാലതാമസം, പഠനവൈകല്യം, അസ്വസ്ഥത, രുചിയില്ലായ്മ, വിളർച്ച, ഭാരം കുറയൽ, മന്ദത, ക്ഷീണം, വയറുവേദന, ഛർദി തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾക്ക് ഈയ വിഷബാധ കാരണമാകാം.

‘അക്രമം’ വേണ്ട

കുട്ടികളെ പലതും പഠിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വിദ്യഭ്യാസ അനുബന്ധ കളിപ്പാട്ടങ്ങൾ, അവരുടെ കണ്ണ്– കൈ ഏകോപനവും മറ്റ് അവയവങ്ങളുടെ പ്രവർത്തനവും മെച്ചപ്പെടുത്താനുള്ള ആക്ടിവിറ്റി കളിപ്പാട്ടങ്ങൾ, മാനസിക വികാസത്തിനും സാമൂഹിക ബന്ധങ്ങളടക്കമുള്ള മൂല്യങ്ങൾ സ്വായത്തമാക്കുന്നതിനും സഹായിക്കുന്ന കളിപ്പാട്ടങ്ങൾ എന്നിങ്ങനെ പലതരമുണ്ട്.

കുട്ടികൾക്ക് ഏറ്റവും യോജിച്ചത് (മുതിർന്നവരുടെ ഇഷ്ടമല്ല) അവരുടെ പ്രായത്തിനനുസരിച്ചു തിരഞ്ഞെടുത്തു നൽകുകയാണു പ്രധാനം. മോശം ഭാഷ ഉപയോഗിക്കുന്നതോ അക്രമവും ഹിംസയും പ്രോൽസാഹിപ്പിക്കുന്നതോ ആയ വിഡിയോ, ഓൺലൈൻ ഗെയിമുകൾ, തോക്ക്, ബോംബ് മാതൃകയിലുള്ള കളിപ്പാട്ടങ്ങൾ, ആയുധരൂപങ്ങൾ തുടങ്ങിയവ വിപരീതഫലം ചെയ്യും.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

∙ നിലവാരമില്ലാത്ത പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും അമിത നിറമുള്ളവയും ഒഴിവാക്കുക.
∙ പ്രായത്തിനനുസരിച്ചുള്ള കളിപ്പാട്ടങ്ങൾ മാത്രം തിരഞ്ഞെടുക്കുക. കളിപ്പാട്ടങ്ങളെല്ലാം എല്ലായ്പോഴും വൃത്തിയാക്കുക.
∙ ഇലക്ട്രിക് കളിപ്പാട്ടങ്ങൾ ‘യുഎൽ അപ്രൂവ്ഡ്’ ആകണം. ലേബലിൽ അണ്ടർറൈറ്റേഴ്സ് ലബോറട്ടറീസ് അനുമതിയുണ്ടോ എന്നു നോക്കുക.
∙ ദിവസവും വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തിയശേഷം മാത്രം കുട്ടികളെ ബോൾ പിറ്റുകളിലും (പന്തുകൾ കൂട്ടിയിട്ട കളിസ്ഥലങ്ങൾ) മറ്റും വിടുക.

∙ കൊച്ചുകുട്ടികൾക്കു തുണിയോ പെയിന്റടിക്കാത്ത മരമോ കൊണ്ടുള്ള കളിപ്പാട്ടങ്ങളാണു മികച്ചത്. പെൻസിൽ കടിക്കുന്ന സ്വഭാവമുള്ള കുട്ടികൾക്കു പെയിന്റ് ഇല്ലാത്ത പെൻസിൽ വാങ്ങി നൽകുക.
∙ പാർക്കിലും മറ്റുമുള്ള കളിവസ്തുക്കൾ പഴയ പെയ്ന്റ് ഇളകിയ നിലയിലാണെങ്കിൽ ഈയ വിഷബാധയ്ക്കു സാധ്യതയുണ്ടെന്നുമനസ്സിലാക്കണം.
∙ കളി കഴിയുന്നയുടൻ കൈ വൃത്തിയായി കഴുകാൻ കുട്ടികളെ ശീലിപ്പിക്കണം

ഫിജറ്റ് സ്പിന്നർ അപകടകാരിയോ?

കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടും വളരെപ്പെട്ടെന്നു തരംഗമായി മാറിയ കളിപ്പാട്ടമാണു ഫിജറ്റ് സ്പിന്നർ (fidget spinner). പഠനം ഉൾപ്പെടെ മറ്റൊന്നും ശ്രദ്ധിക്കാൻ നേരമില്ലാത്ത രീതിയിൽ അമിതമായി സ്പിന്നിങ്ങിൽ മുഴുകുന്നതിനെതിരെ സ്കൂളുകൾ രംഗത്തെത്തിക്കഴിഞ്ഞു. എന്നാൽ, മൊബൈലിലും ഇന്റർനെറ്റിലും കുട്ടികൾ സമയം ചെലവിടുന്നതിനെക്കാൾ നല്ലതാണു ഫിജറ്റ് സ്പിന്നർ പോലെ താരതമ്യേന അപകടം കുറഞ്ഞ കളിപ്പാട്ടങ്ങൾ നിയന്ത്രിതമായ തോതിൽ ഉപയോഗിക്കുന്നതെന്നാണു ചില രക്ഷിതാക്കളുടെ അഭിപ്രായം.

സമയപരിധി പാലിച്ചുള്ള എല്ലാ വിനോദങ്ങളുമെന്നതു പോലെ ഇതും മനസ്സിന് ഉല്ലാസം നൽകും. ഏകാഗ്രത വർധിപ്പിക്കും. എന്നാൽ, ഫിജറ്റ് കളിപ്പാട്ടങ്ങൾ ചില പെരുമാറ്റപ്രശ്നത്തിനുള്ള പരിഹാരമാണെന്ന അവകാശവാദത്തിനു ശാസ്ത്രപഠനങ്ങളുടെ പിന്തുണയില്ല.

ശ്രദ്ധാവൈകല്യം (അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ – എഡിഎച്ച്ഡി), പിരുപിരുപ്പ്, ഓട്ടിസം തുടങ്ങിയവ ഉള്ള കുട്ടികൾക്ക് ഏകാഗ്രത വർധിപ്പിക്കാനുള്ള മറ്റ് ഇടപെടലുകൾക്കൊപ്പം ഈ സ്പിന്നിങ്ങും പ്രയോജനം ചെയ്യാം. പക്ഷേ, ഇതു മാത്രം എന്നാകുമ്പോൾ ഈ കളി തന്നെ മാനസികപ്രശ്നമായി മാറാം. ഓട്ടിസം ഉള്ളവരിൽ ഒരേകാര്യങ്ങൾ ആവർത്തിച്ചു ചെയ്യുന്ന പ്രകൃതമുണ്ട്. അവരിൽ ചിലരെയെങ്കിലും ഈ കളിയിൽനിന്നു മുക്തരാക്കാൻ ക്ലേശിക്കേണ്ടി വരാം. ആളും നേരവും നോക്കാതെ, ഉത്തരവാദിത്തങ്ങളിൽ നിന്നു വഴുതിമാറി കുട്ടികൾ കറക്കിക്കളിയുമായി ഇരുന്നാൽ മറ്റുള്ളവർക്ക് അത് അലോസരവുമാകും.

ഉത്കണ്ഠയുള്ള ഒരാൾ ഇതു പ്രയോഗിച്ചാൽ തൽക്കാലത്തേക്കു മനസ്സിനെ വ്യതിചലിപ്പിച്ച് ആശ്വാസം നേടാം. പക്ഷേ, അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ലല്ലോ. ഫിജറ്റ് ചലനം ഹരമാക്കുന്ന അപൂർവം ചില കുട്ടികൾ പിരിമുറുക്കമോ മറ്റോ ഉണ്ടാകുമ്പോൾ ആരോഗ്യകരമായ വേറെ വഴികൾ തേടാതെ സ്വസ്ഥതയ്ക്കായി ഇതും കറക്കി ഇരിക്കും. അങ്ങനെ അതും അസ്വസ്ഥതയുടെ മറ്റൊരു പ്രകടനമായി മാറും. അപ്പോൾ കളി പ്രതിവിധി തേടേണ്ട കാര്യമാകും.

– ഡോ. സി.ജെ. ജോൺ, ചീഫ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, കൊച്ചി

ആൺകുട്ടിക്ക് ഈ കളിപ്പാട്ടം, പെൺകുട്ടിക്ക് ഇത് എന്ന ഭേദം മാറണം. കുട്ടികൾ ഇത്തരം മുൻവിധികളെ മറികടന്നു വളരട്ടെ. പെൺകുഞ്ഞുങ്ങൾ മാത്രമല്ല, ആൺകുഞ്ഞുങ്ങളും പാവക്കുട്ടികളെ കളിപ്പിക്കട്ടെ. മുതിർന്നു കുടുംബമാകുമ്പോൾ കുഞ്ഞിനെ പരിചരിക്കേണ്ടത് അമ്മയുടെ മാത്രമല്ല, അച്ഛന്റെയും കടമയാണെന്നു പഠിച്ചു വളരട്ടെ. അതുപോലെ, സാമാന്യയുക്തിയുടെ പാഠങ്ങൾ, വലുതാകുമ്പോൾ ഉപയോഗിക്കേണ്ടി വരുന്ന ഉപകരണങ്ങൾ എന്നിവയെല്ലാം എല്ലാ കുഞ്ഞുങ്ങളും ഒരുപോലെ അറിഞ്ഞിരിക്കണം.

– ഡോ. ജി.കെ. ബീല, അസോഷ്യേറ്റ് പ്രഫസർ, ചൈൽഡ് ഡവലപ്മെന്റ്, കേരള അഗ്രിക്കൾചറൽ യൂണിവേഴ്സിറ്റി

കുട്ടികൾ കളിപ്പാട്ടങ്ങൾ വായിൽ വയ്ക്കാതെ ശ്രദ്ധിക്കണം. പ്രത്യേക കാരണമൊന്നും കൂടാതെ കുട്ടി രോഗബാധിതനാകുന്നുവെങ്കിൽ വിദഗ്ധ ഡോക്ടറെ കാണിക്കുകയും രാസവസ്തുക്കളിൽ നിന്നുള്ള വിഷാംശം ഉള്ളിൽ ചെന്നിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.

– ഡോ. അനിത ബിജൂർ, ബെംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജ് ബയോകെമിസ്ട്രി വിഭാഗം മേധാവി