Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹവും തൈറോയ്ഡും തമ്മിൽ

thyroid

പ്രമേഹ രോഗികളിൽ തൈറോയ്ഡ് ഹോർമോൺ ക്രമക്കേടുകളുടെ തോത് സാധാരണക്കാരെക്കാൾ 10% കൂടുതലാണ്. ടൈപ്പ് വൺ പ്രമേഹമുള്ള 30% സ്ത്രീകളിൽ ഏതെങ്കിലും രൂപത്തിലുള്ള ഓട്ടോ ഇമ്യൂൺ തൈറോയ്ഡ് രോഗങ്ങൾ കാണുന്നു (ശരീരത്തിന്റെ പ്രതിരോധ സംവിധാനം തകരുകയും രോഗാണുക്കൾക്കു പകരം അതു ശരീര കോശങ്ങളെ തന്നെ ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂൺ രോഗങ്ങളിലേക്കു നയിക്കുന്നത്). ടൈപ്പ് 2 പ്രമേഹരോഗികളിൽ തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനക്കുറവ് (ഹൈപ്പോ തൈറോയ്ഡിസം) ആണു കൂടുതലായി കാണുന്നത്. 

ടൈപ്പ് 1 പ്രമേഹത്തിനു കാരണം പാൻക്രിയാസിലെ ഇൻസുലിൻ ഉൽപാദകരായ ബീറ്റാ കോശങ്ങൾ നശിക്കുന്നതാണ്. ഇൻസുലിന്റെ കുറവോ പ്രവർത്തനക്ഷമതക്കുറവോമൂലമാണു ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നത്.

തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനം കൂടുന്നതും (ഹൈപ്പർ തൈറോയ്ഡിസം) പ്രമേഹരോഗത്തെ പ്രതികൂലമായി ബാധിക്കുന്നു.

പ്രമേഹം ഹൃദ്രോഗസാധ്യത കൂട്ടുന്നു. അതോടൊപ്പം ഹൈപ്പർ തൈറോയ്ഡിസം മൂലമുള്ള വർധിച്ച ഹൃദയസ്പന്ദനം നെഞ്ചുവേദനയ്ക്ക് ഇടയാക്കിയേക്കാം. 

ഹൈപ്പോ തൈറോയ്ഡിസം ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) നിരക്ക് കൂട്ടാനും പ്രമേഹത്തിലെ ഹൃദ്രോഗസാധ്യത ഉയർത്താനും ഇടയാക്കും.

ഗർഭസംബന്ധമായ തൈറോയ്ഡ് പ്രവർത്തനക്കുറവ് പ്രമേഹരോഗികളായ സ്ത്രീകളിൽ മൂന്നുമടങ്ങ് കൂടുതലാണ്. ഗർഭകാലത്തിനു ശേഷമാകാം (പോസ്റ്റ് പാർട്ടം ഹൈപ്പോതൈറോയ്ഡൈറ്റിസ്) തൈറോയ്ഡ് പ്രശ്നങ്ങൾ ആരംഭിക്കുക. ഗർഭകാലത്തു ശരിയായ തൈറോയ്ഡ് പ്രവർത്തനം ഉറപ്പുവരുത്തേണ്ടതും ശരീരത്തിലെ ഗ്ലൂക്കോസ് നില കൃത്യമായ തോതിൽ നിലനിർത്തേണ്ടതും അനിവാര്യം. 

അമിതമായ ക്ഷീണം, വണ്ണക്കൂടുതൽ തുടങ്ങിയ ലക്ഷണങ്ങൾ ഹൈപ്പോ തൈറോയ്ഡിന്റേതാണോ എന്നു പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് പ്രമേഹ ചികിൽസയിലും പ്രധാനമാണ്. ഡയബറ്റിക് കിഡ്നി രോഗത്തിനും ഹൈപ്പോ തൈറോയ്ഡ് രോഗത്തിനും അമിതവണ്ണം രോഗലക്ഷണമാണ്.

തൈറോയ്ഡ് രോഗം രക്തപരിശോധനയിലൂടെ കണ്ടെത്താം. അയൺ, കാൽസ്യം സപ്ലിമെന്റുകളോ ഗുളികകളോ കഴിക്കുന്നത് തൈറോയ്ഡ് ഹോർമോണുകളുടെ ആഗിരണത്തെ ബാധിക്കും. അതിനാൽ ഹൈപ്പോ തൈറോയ്ഡിസം ഉള്ളവർ അതിന്റെ ഗുളിക കഴിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞേ മറ്റു സപ്ലിമെന്റുകൾ എടുക്കാവൂ.

ബ്രോക്കോളി, കോളിഫ്ലവർ, സോയ മിൽക്, സോയ തുടങ്ങിയ ഭക്ഷണങ്ങളും തൈറോയ്ഡ് ഉൽപാദനത്തെ ബാധിക്കുന്നതിനാൽ ഹൈപ്പോ തൈറോയ്ഡ് രോഗികൾ ഇവ നിയന്ത്രിക്കണം. പ്രമേഹരോഗികൾ കൊഴുപ്പും മധുരവുമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കണം. 

ഹൈപ്പോ തൈറോയ്ഡിനു ഗുളിക ചികിൽസ ഫലപ്രദമാണ്. ആന്റി തൈറോയ്ഡ് ഗുളികകൾ‍, റേഡിയോ അയഡിൻ, തൈറോയ്ഡ് സർജറി തുടങ്ങിയവയാണു ഹൈപ്പർ തൈറോയ്ഡിസത്തിന്റെ ചികിൽസകൾ. 

60 വയസ്സു കഴിഞ്ഞ ടൈപ്പ് 2 പ്രമേഹരോഗികൾക്കു തൈറോയ്ഡ് ടെസ്റ്റിങ് ഉൾപ്പെടെ തുടർച്ചയായ വാർഷിക പരിശോധനയും ടൈപ്പ് വൺ രോഗികൾക്ക് പ്രായഭേദമെന്യേ വാർഷിക പരിശോധനയും നിർബന്ധമാണ്.

(വിവരങ്ങൾ: ഡോ. ജീവൻ ജോസഫ്,  കൺസൽറ്റന്റ് എൻഡോക്രൈനോളജിസ്റ്റ്, കാരിത്താസ് ഹോസ്പിറ്റൽ, കോട്ടയം)

Read More : Health News