Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രൊക്കോളി ശീലമാക്കിയാൽ തടയാം സന്ധിവാതം മുതൽ ഹൃദ്രോഗം വരെ

brocoli

‍ദഹനപ്രശ്നങ്ങൾ പതിവാണോ? എങ്കിൽ ഭക്ഷണത്തിൽ അല്പം മാറ്റം വരുത്തി നോക്കൂ. ബ്രൊക്കോളി, കോളിഫ്ല‌‌വർ, മുളപ്പിച്ച പയർ വർഗങ്ങൾ ഇവ ശീലമാക്കിയാൽ ഉദരസംബന്ധമായ പ്രശ്നങ്ങളെ അകറ്റാം. ഉദരത്തെ ആരോഗ്യത്തോടെ നിലനിർത്തുക വഴി സന്ധിവാതം മുതൽ ഹൃദ്രോഗം വരെ തടയാൻ സാധിക്കുമെന്ന് പെൻസ്റ്റേറ്റ് ഗവേഷകരുടെ പഠനം.

കുടലിന്റെ ആവരണത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നത് ലീക്കിഗട്ട്സിൻഡ്രോം തടയുന്നു. കുടലിന്റെ ആവരണത്തിന് ലീക്ക് ഉണ്ടാകുക വഴി വിഷപദാർത്ഥങ്ങൾ, സൂക്ഷ്മാണുക്കൾ, ദഹിക്കാത്ത ഭക്ഷണശകലങ്ങൾ മുതലായവ ഭക്ഷണത്തിൽ കലരുന്ന അവസ്ഥയാണിത്.

ജനിതക മാറ്റം നടത്തിയ എലികളിലാണ് പഠനം നടത്തിയത്. സാധാരണ ഭക്ഷണത്തോടൊപ്പം ബ്രൊക്കോളിയും ഇവയ്ക്ക് നൽകിയപ്പോൾ ബ്രൊക്കോളി കഴിക്കാത്ത എലികളെ അപേക്ഷിച്ച് ദഹനസംബന്ധമായ പ്രശ്നങ്ങൾ എല്ലാം കുറഞ്ഞതായി കണ്ടു. ലീക്കിഗട്ട് പോലുള്ള ഉദര പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് വീക്കത്തിനു കാരണമാകുകയും സന്ധിവാതം ഹൃദ്രോഗം മുതലായവയ്ക്കും കാരണമാകും.

അരൈൽ ഹൈഡ്രോകാർബൺ റിസപ്റ്റർ അഥവാ എ എച്ച് ആർ ആണ് ഈ പ്രക്രിയയ്ക്കു പിന്നിൽ. ബ്രൊക്കോളി പോലുള്ള ക്രൂസിഫെറസ് പച്ചക്കറികളിലുള്ള ഒരു സംയുക്തം ഉദരത്തിൽ വച്ച് മറ്റ് പദാർത്ഥങ്ങളായി മാറുന്നു. ഈ വസ്തുക്കൾ അരൈൽ ഹൈഡ്രോകാർബൺ എന്ന ഗട്ട് റിസപ്റ്ററിനെ ആക്റ്റിവേറ്റ് ചെയ്യുന്നു. ഇത് കുടല്‍ ഭിത്തിക്കും ഉദരത്തിനും ആരോഗ്യമേകുന്നു.

എ എച്ച് ആറിനെപ്പറ്റി പഠിക്കാൻ ജനിതകമാറ്റം വരുത്തിയ രണ്ടിനം എലികളെ ആണ് ഉപയോഗിച്ചത്. 15 ശതമാനം ബ്രൊക്കോളി അടങ്ങിയ ഭക്ഷണം ഇവയ്ക്ക് നൽകി.

ബ്രൊക്കോളി അടങ്ങിയ ഭക്ഷണം കഴിച്ച എലികളിൽ ലീക്കിഗട്ട്, കോളൈറ്റിസ്  മുതലായ ദഹനപ്രശ്നങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് കൂടിയതായി കണ്ടു. മനുഷ്യരിൽ ദിവസവും മൂന്നരകപ്പ് ബ്രൊക്കോളി കഴിക്കുന്നത് ആരോഗ്യമേകും എന്ന് ഗവേഷകർ പറയുന്നു.

പെൺസ്റ്റേറ്റ് സർവകലാശാല പ്രൊഫസറായ ഗാരി പെർദ്യൂവിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പഠനം ഫങ്ഷണൽഫുഡ്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Read More : Health News, Healthy Food, Fitness