Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളിലെ ഹൈപ്പർ ആക്ടിവിറ്റി കുറയ്ക്കാൻ?

620742308, hyper-activity

എഡിഎച്ച്ഡി എന്ന അവസ്ഥയ്ക്ക് കുട്ടി ഒരു കാരണവശാലും കാരണക്കാരനാകുന്നില്ല. നാം വിചാരിച്ചാൽ ഒരു പരിധിവരെ ഈ പെരുമാറ്റ വൈകല്യത്തെ ഒഴിവാക്കാവുന്നതേയുള്ളു. കുട്ടികളിലെ എഡിഎച്ച്ഡി (Attention Deficit And Hyperactivity Disorder)  എന്ന ഈ പെരുമാറ്റ വൈകല്യത്തെ എങ്ങനെ തടയാം അഥവാ ഇതിനെ തടയിടാൻ എന്തെങ്കിലും മാർഗമുണ്ടോയെന്ന് ധാരാളമാളുകൾ അന്വേഷിക്കാറുണ്ട്.  മാതാപിതാക്കളും മറ്റ് മുതിർന്നവരും വിചാരിച്ചാൽ ഒരു പരിധിവരെ കുട്ടികളിലെ  ഇത്തരം ഹൈപ്പർ ആക്റ്റിവിറ്റി നിയന്ത്രിക്കാവുന്നതേയുള്ളൂ.  

∙ ഗർഭകാലത്ത് കുട്ടിയുടെ വളർച്ചയെ ബാധിക്കുന്ന ഒന്നും തന്നെ ഉപയോഗിക്കാതിരിക്കക. മദ്യപാനം, പുകവലി മറ്റ് ദോഷകരമാകുന്ന മരുന്നുകൾ പാനീയങ്ങൾ എന്നിവ കർശനമായും ഒഴിവാക്കുക 

∙ പരിസര മലിനീകരണം ഒഴിവാക്കാം. കുഞ്ഞുങ്ങൾ സിഗരറ്റ് പുക, വിഷവാതകങ്ങൾ തുടങ്ങിയവ ശ്വസിക്കാനുള്ള അവസരങ്ങൾ ഒഴിവാക്കാം. ചില പഴയ കെട്ടിടങ്ങളിൽ ഈയം ചേർത്ത പെയിന്റ് ഉണ്ടാകും. ഇത് കുട്ടികളെ സാരമായി ബാധിക്കും.

∙ആദ്യത്തെ അഞ്ച് വർഷം ടിവി, മൊബൈൽ, വിഡിയോ ഗെയിം, ടാബ്​ലറ്റ് തുടങ്ങിയവ നിയന്ത്രിക്കുക. 

എഡിഎച്ച്ഡി കണ്ടെത്തി കഴിഞ്ഞാൽ പരിഭ്രമിക്കാതെ കുട്ടികളുടെ ശീലങ്ങൾക്ക് ചില ചിട്ടകൾ കൊണ്ടു വരാം. രാവിെല എഴുന്നേൽക്കാനും പ്രഭാതകൃത്യങ്ങൾക്കും ഭക്ഷണത്തിനും ഒക്കെ കൃത്യമായി സമയം പാലിക്കാൻ ശ്രദ്ധിക്കാം. അവരുമായി സംസാരിക്കുമ്പോൾ നിങ്ങൾ മറ്റ് കാര്യങ്ങൾ ചെയ്യാതിരിക്കുക.  അവൻറെ കണ്ണിൽ നോക്കിത്തന്നെ വേണം നിർദ്ദേശങ്ങൾ നൽകാനും സംസാരിക്കുവാനും. അവൻ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കാൻ ശ്രദ്ധിക്കുക. അധ്യാപകരും ആയമാരുമായി കുട്ടിയുടെ പ്രശ്നത്തെപ്പറ്റി സംസാരിക്കുക. അവരുടെയും സഹകരണത്തോടെ ഇതിന്റെ അളവ് പരമാവധി കുറയ്ക്കാൻ ശ്രമിക്കാം. 

ഹൈപ്പർ ആക്റ്റിവിറ്റിയും ചികിത്സയും

കുട്ടികളിലെ ഈ സ്വഭാവവൈകല്യത്തിന് സാധാരണയായി മൂന്ന് ഘട്ടമായുള്ള ചികിത്സയാണുള്ളത്. ഒന്നാമതായി മരുന്നു നൽകിക്കൊണ്ടുള്ള ചികിത്സ. രണ്ടാമത് വിദ്യാഭ്യാസം അഥവാ അറിവിലൂടെയുള്ള മാറ്റിയെടുക്കൽ. മൂന്നാമത്തേത് നിരന്തരമായ പരിശീലനത്തിലൂടെയും കൗൺസിലിങിലൂടെയുമാണ്.

സങ്കീര്‍ണമായ ഈ അവസ്ഥയ്ക്ക് പലപ്പോഴും  ഉത്തേജക ഔഷധം (stimulants) നൽകേണ്ടതായി വരും. 80%  വരെ ഇത് ഫലപ്രദവുമാണ്. എന്നാൽ ഇത്തരം മരുന്നുകൾ ഭാവിയിൽ കുട്ടികളിൽ ലഹരിക്ക് അടിമപ്പെടാനുള്ള സാധ്യതയുണ്ടോയെന്ന സ്വാഭാവിക സംശയം വേണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഉത്തേജകമല്ലാത്ത മരുന്നുകളും  ഇപ്പോൾ ലഭ്യമാണ്.  ഇവ കൊണ്ട് എഡിഎച്ച്ഡിയുെട പല ലക്ഷണങ്ങളെയും മാറ്റാനാകും.  50% കുട്ടികളിലും മരുന്നിലൂടെ തന്നെ മുക്തി നേടും. ചെറിയ ഒരു ശതമാനത്തിനു മാത്രമേ യൗവനകാലത്ത‌് മറ്റു ചികിത്സകൾ വേണ്ടി വരൂ.

ശരിയായ അളവിൽ കൃത്യ സമയത്ത് മരുന്ന് നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. മുതിർന്നവരുടെ മേൽനോട്ടത്തിൽ മാത്രം മരുന്നുകൾ കൊടുക്കുക. കുട്ടികൾ എടുക്കാത്ത വിധം വേണം ഇവ സൂക്ഷിക്കേണ്ടത്. മരുന്ന് അളവിലും അധികമാകുന്നത് വിപരീതഫലമാകും നൽകുക. 

പരിഹാര ചികിത്സ അഥവാ തെറപ്പി

കുട്ടികളിലെ ഈ സ്വഭാവവൈകല്യത്തിന്  അഞ്ചു തരം പരിഹാരചികിത്സകളാണ് സാധാരണയായി നൽകാറുള്ളത്. 

∙അധ്യാപർക്കും മാതാപിതാക്കൾക്കും നൽകാൻ കഴിയുന്ന ഒന്നാണ്  ബിഹേവിയർ തെറപ്പി. ചെറിയ ടൈം ഔട്ടുകളും ശിക്ഷണരീതികളുമാണ് ഇത്‌

∙ഹൈപ്പർ ആക്റ്റിവിറ്റിയുള്ള മുതിർന്ന കുട്ടികൾക്ക് സൈക്കോ തെറപ്പി നൽകാറുണ്ട്. അവരെ അലട്ടുന്ന പ്രശ്നങ്ങളെയും നെഗറ്റീവ് സ്വഭാവത്തെയും മനസ്സിലാക്കി നൽകുന്ന തെറപ്പിയാണിത്.

∙കുട്ടിയുടെ സ്വഭാവം മനസിലാക്കി അവരെ നിയന്ത്രിക്കാൻ മാതാപിതാക്കളെ പ്രാപ്തരാക്കുന്ന പേരന്റിങ് സ്കിൽസ് ട്രെയിനിംങ്

∙എഡിഎച്ച്ഡി കുട്ടികളുള്ള വീട്ടിലെ മറ്റ് അംഗങ്ങൾക്ക് അവരുെട മാനസിക സംഘർഷം കുറയ്ക്കാൻ ഫാമിലി തെറപ്പി

∙സമൂഹത്തിൽ പെരുമാറേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുന്ന സോഷ്യൽ സ്കിൽ ട്രെയിനിംങ്

ഇത്തരം ചികിത്സകൾക്ക് നല്ല ഫലം ലഭിക്കണമെങ്കിൽ കുട്ടിയുമായി ഇടപെടുന്ന എല്ലാവരുടേയും സഹകരണം ആവശ്യമാണ്. 

വീട്ടിൽ ചെയ്യാവുന്ന പരിഹാരങ്ങൾ

ഹൈപ്പർ ആക്റ്റിവിറ്റി എന്നത് അല്പം കോപ്ലക്സായ ഒന്നാണ്. എല്ലാ പരിഹാരമാർഗങ്ങളും എല്ലാ കുട്ടികളിലും വിജയിക്കണമെന്നില്ല. എങ്കിലും പൊതുവായി മാതാപിതാക്കൾക്ക് ചെയ്യാൻ കഴിയുന്ന ചി കാര്യങ്ങളുണ്ട്. കേട്ടാൽ നിസ്സാരമെന്ന് തോന്നുമെങ്കിലും വളരെ ഫലപ്രദമാണിവ.

∙ ഇത്തരം കുട്ടികളോട് അല്പം കൂടുതൽ അടുപ്പവും സ്നേഹവും കാണിക്കാം. ചെറിയകാര്യങ്ങൾക്കു പോലും അഭിനന്ദിക്കാം

∙അവനിലെ വ്യക്തിയെ അംഗീകരിക്കുക. 

∙ കുട്ടിക്കൊപ്പം ധാരാളം സമയം ചെലവഴിക്കാം

∙കുട്ടിയിൽ ആത്മാഭിമാനവും അച്ചടക്കവും വളർത്താം

∙ഇത്തരം കുട്ടികൾ അധികവും കലയിലും കായികമായ അഭ്യാസങ്ങളിലും മികവുള്ളവരായിരിക്കും

∙അവരെ കൊണ്ട് പറ്റാത്ത കാര്യങ്ങൾ നിർബന്ധപൂർവം ചെയ്യിക്കരുത്

∙ ചെറിയ ചെറിയ വിജയങ്ങളും അഭിന്ദനങ്ങളും ഏറെ ഗുണം ചെയ്യും

∙ അടുക്കും ചിട്ടയും ശീലിപ്പിക്കാം

∙പഠിക്കാൻ ബുദ്ധിമുട്ടു തോന്നുന്നവ വലിയ ചാർട്ടുപേപ്പറിലാക്കി മുറിയിൽ കുട്ടിക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാം.

∙ നിർദ്ദേശങ്ങൾ നൽകുമ്പോൾ ലളിതമായി, കൃത്യമായി പറയുക. ഒരു തവണ ഒരു നിർദ്ദേശം മാത്രം നൽകുക. കണ്ണിൽ നോക്കി മാത്രം സംസാരിക്കുക.

ഡോ.  നീന ഷെലിൻ

ഡെവലപ്മെന്റൽ പീഡിയാട്രിഷൻ

സൺറൈസ് ഹോസ്പിറ്റൽ, കൊച്ചി

Read More : Health and Wellbeing Yoga, Health and Fitness