Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിശോധന നടത്തൂ; സ്തനാർബുദം അകറ്റൂ

thinkpink_1

ബോധവത്കരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വർധിച്ചു വരുന്ന സ്തനാർബുദ നിരക്കുകൾ വിരൽ ചൂണ്ടുന്നത്. യുഎഇയിൽ സ്തനാർബുദ പരിശോധന നടത്തിയ 30% സ്ത്രീകളും രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ സ്തനാർബുദം കണ്ടെത്തിയാൽ രക്ഷപ്പെടാൻ 98% സാധ്യതയുണ്ട്. രോഗം കൂടുതൽ പുരോഗമിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത 27% ആയി കുറയുന്നു. ഒാരോ ആയിരം മാമോഗ്രാം പരിശോധനയിലും രണ്ടു മുതൽ നാലു വരെ ആളുകളിൽ സ്തനാർബുദം കണ്ടെത്തുന്നു. സ്തനാർബുദ സാധ്യത വനിതകളിൽ 99 ശതമാനവും പുരുഷന്മാരിൽ ഒരു ശതമാനവുമാണ്. 

ഇക്കാരണങ്ങൾ കൊണ്ടു തന്നെ സ്തനാർബുദത്തെ സ്ത്രീകൾ രണ്ടു കണ്ണുകളും തുറന്നു കാണണം. 80% സ്ത്രീകളും സ്തനാർബുദ മുഴ സ്വയം കണ്ടെത്തിയവരാണെന്നാണു ദുബായ് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പറയുന്നത്. എല്ലാത്തിലുമുപരി ഒരു കാര്യം ഒാർക്കുക, നിങ്ങളുടെ ശരീരത്തെ നിങ്ങളേക്കാൾ കൂടുതൽ അറിയാവുന്നവരായി മറ്റാരുമില്ല തന്നെ.

ജോയ് ആലുക്കാസ് നടത്തുന്ന സ്തനാർബുദ ബോധവത്കരണ ക്യാംപെയിനാണ് ‘തിങ്ക് പിങ്ക്്’. സ്തനാർബുദം സംബന്ധിച്ച് പൊതുജനങ്ങൾക്കു സാധ്യമാകുംവിധം വിവരങ്ങൾ കൈമാറുകയും അവബോധം സൃഷ്ടിക്കുകയുമാണ് ഇൗ ക്യാംപെയിൻ കൊണ്ടു ലക്ഷ്യമിടുന്നത്. എങ്ങനെ സ്വയം പരിശോധന നടത്താമെന്നും പറഞ്ഞുതരുന്നു. ബോധവത്കരണവും നേരത്തെയുള്ള പരിശോധനയുമാണ് സ്തനാർബുദത്തിനെതിരെ പോരാടാനുള്ള ഏറ്റവും വലിയ വഴി.

സ്തനാർബുദത്തെക്കുറിച്ച് നിങ്ങളറിയേണ്ട കാര്യങ്ങൾ

സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ

∙സ്തനങ്ങളിലോ കക്ഷങ്ങളിലോ മുഴയും തടിപ്പും കാണപ്പെടുക

∙ മുലക്കണ്ണിന്റെ സ്ഥാനവ്യത്യാസം

∙സ്തനത്തിന്‍റെയും മുലക്കണ്ണിന്റെയും രൂപ വ്യത്യാസം

∙മുലക്കണ്ണിലൂടെ രക്തമോ ദ്രാവകമോ വരിക

∙മുലക്കണ്ണിൽ തിണർപ്പ്

∙ഏതെങ്കിലുമൊരു സ്തനത്തിലോ കക്ഷത്തോ വേദന തോന്നുക

∙സ്തന ചർമത്തിൽ ചുളിവോ ചെറിയ കുഴിയോ പ്രത്യക്ഷപ്പെടുക

∙മുലക്കണ്ണിൽ വലിവ് അനുഭവപ്പെടുക

∙സ്തന ചർമത്തിൽ ചുവപ്പു നിറം

പതിവായി സ്തനങ്ങൾ പരിശോധന നടത്തുന്നതു രോഗം പെട്ടെന്നു കണ്ടുപിടിക്കാനുള്ള പ്രധാനപ്പെട്ട വഴിയാണ്. ഇതുമൂലം ചികിത്സ വിജയിക്കാനുള്ള സാധ്യതകളും വളരെയേറെ.

സ്തനങ്ങളെക്കുറിച്ച് ബോധവതിയാകുകയും താഴെ പറയുന്ന അഞ്ച് ഘട്ടങ്ങൾ പിന്തുടരുകയും വേണം.

1.നിങ്ങളുടെ സ്തനങ്ങളെ മനസ്സിലാക്കുക

2.സ്തനങ്ങളും കക്ഷങ്ങളും സ്വയം പരിശോധിച്ച് തിരിച്ചറിയുക

3.എന്തു മാറ്റങ്ങളാണുള്ളതെന്നു തിരിച്ചറിയുക

4.എന്തെങ്കിലും മാറ്റങ്ങൾ കാണുകയാണെങ്കിൽ ഡോക്ടറെ അറിയിക്കുക

5. 50 വയസ്സോ അതിലധികമോ ആണു നിങ്ങളുടെ പ്രായമെങ്കിൽ സ്തനപരിശോധന നടത്തുന്നുണ്ടെന്നു ഉറപ്പുവരുത്തുക

thinkpink2

സ്തനാർബുദത്തിനെതിരെ പോരാടാൻ പ്രേരിപ്പിക്കുന്ന ചില സത്യങ്ങൾ

∙സ്തനാർബുദത്തിൽ നിന്നു രക്ഷപ്പെട്ട 26 ലക്ഷം വനിതകൾ ലോകത്തുണ്ട്. 

∙ലോകത്താകമാനം 1.7 മിനിറ്റിൽ ഒരാൾക്കു സ്തനാർബുദം കണ്ടെത്തുന്നു.

∙എട്ടിൽ ഒരാൾ സ്തനാർബുദ രോഗിയാണ്.

∙സ്തനാർബുദ രോഗികളിൽ 25% പേരും അമ്പതു വയസ്സിൽ താഴെയുള്ളവരാണ്.

∙സ്തനാർബുദം കണ്ടെത്തിയവരിൽ 70% പേരും രോഗത്തിന്റെ അപകടകരമായ അവസ്ഥയിലായിരുന്നില്ല.

∙ഒരു വർഷമോ അതിൽക്കൂടുതലോ മുലപ്പാൽ കുഞ്ഞിനു നൽകുന്നതു സ്തനാർബുദ സാധ്യതകൾ കുറയ്ക്കാൻ സഹായകമാകും.

സ്തനാർബുദ സാധ്യത കുറയ്ക്കാൻ ഇവ ശീലമാക്കുക

∙മദ്യം ഉപേക്ഷിക്കുക.

∙നിത്യേന വ്യായാമം ചെയ്യുക

∙ആരോഗ്യകരമായ ശരീരഭാരം കാത്തു സൂക്ഷിക്കുക.‌

സ്തനാർബുദ സാധ്യത–വിവിധ പ്രായക്കാരിൽ:

20– 39 വയസ്സുവരെ: 4%

40-59 വയസ്സുവരെ: 37%

60-79 വയസ്സുവരെ: 43%

80 വയസ്സിനു മുകളിൽ: 16%

അമിതവണ്ണവും സ്തനാർബുദവും:

ശരീരത്തിന്റെ അധികഭാരം, ദഹനക്കേട്, അനാരോഗ്യകരമായ ജീവിതരീതികൾ തുടങ്ങിയവയും സ്ത്രീകളിൽ സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു. ആർത്തവത്തിന് ശേഷം 50%ത്തിലേറെ സ്ത്രീകളും അമിതവണ്ണമുള്ളവരാണ്. ജീവിതശൈലിയാണ് ഇതിനു കാരണം.സ്തനാർബുദം തടയാൻ ശരീരവണ്ണം നിയന്ത്രിക്കുകയാണ് ഒരു മാർഗം. അമിതവണ്ണം പ്രമേഹത്തിനും മറ്റു രോഗങ്ങൾക്കും കാരണമാകാറുണ്ട്.

ജീവിതശൈലിയുമായി ബന്ധപ്പെട്ട സ്തനാർബദം നേരിടാനുള്ള വഴികൾ:

•അമിതവണ്ണം അല്ലെങ്കിൽ പൊണ്ണത്തടി നിയന്ത്രിക്കുക

•വ്യായാമത്തിലുള്ള ഉദാസീനത ഒഴിവാക്കുക

• ദഹനക്കേട് പരിഹരിക്കുക

•പതിവായി സ്തനങ്ങൾ പരിശോധിക്കുക, മാമോഗ്രാം ചെയ്യുക

•ഉൗർജസ്വലത നിലനിർത്തുക

•പഴം–പച്ചക്കറി എന്നിവ ഭക്ഷിക്കുക, കൊഴുപ്പ് അകറ്റുക, ഫൈബർ, കലോറി എന്നിവ നിയന്ത്രിക്കുക

•മദ്യപാനത്തിന് പരിധി നിർണയിക്കുക

•കുടുംബത്തിലെ സ്തനാർബുദ ചരിത്രം പരിശോധിച്ച് അത് ഡോക്ടർമാരുമായി ചർച്ച ചെയ്യുക.

പ്രായവും സ്തനാർബുദവും

ഏത് സ്ത്രീയെയും സ്തനാർബുദം പിടികൂടാം. പ്രായമാകുന്തോറും സ്തനാർബുദം പിടികൂടാനുള്ള സാധ്യതകൾ വർധിക്കുന്നു. അമ്പതും അതിലധികവും പ്രായമുള്ളവരിലാണ് സ്തനാർബുദവും ഇതുമൂലമുള്ള മരണവും സംഭവിക്കുന്നത്. എന്നാൽ, അപൂർവമായി ചെറിയ പ്രായക്കാരിലും സ്തനാർബുദം കാണപ്പെടുന്നു. 40 വയസ്സിനു താഴെ പ്രായമുള്ള അഞ്ചു ശതമാനത്തിൽ താഴെ ആൾക്കാർക്കും ഇൗ രോഗം കാണപ്പെടുന്നു. അർബുദം ബാധിച്ചുള്ള മരണങ്ങളിൽ ഭൂരിഭാഗവും 20 മുതൽ 59 വയസ്സുവരെയുള്ള സ്ത്രീകളിലെ സ്തനാർബുദം മൂലമാണെന്ന് കാണാം. യുവതികളിൽ സ്തനാർബുദ ഭീഷണി കുറവാണെങ്കിലും ജനിതക പ്രശ്നം കാരണം ചിലരെ പെട്ടെന്ന് ബാധിച്ചേക്കാം. 

ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാരണങ്ങൾ:

1.വൈകിയുള്ള ഗർഭധാരണം

നേരത്തെ ഒന്നിൽക്കൂടുതൽ തവണ ഗർഭം അലസിപ്പിച്ച, 30 വയസ്സ് കഴിഞ്ഞ സ്ത്രീകളുടെ ഗർഭധാരണം സ്തനാർബുദ സാധ്യത ഇരട്ടിപ്പിക്കുന്നു. 

2.പുകവലിയും മദ്യപാനവും

3.അമിതവണ്ണം

4.അണ്ഡാശയങ്ങളെ ബാധിക്കുന്ന രോഗം

ആരോഗ്യ സംരക്ഷണവും സ്തനാർബുദവും

ജീവിത നിലവാരം മെച്ചപ്പെടുത്താനും വൈകാരികത നിയന്ത്രിക്കാനും വ്യായാമങ്ങൾ സഹായിക്കുന്നു. ഉൗർജം, ഉറക്ക ക്രമം എന്നിവയെ വ്യായാമം പരിപോഷിപ്പിക്കുകയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഉൗർജസ്വലത, നല്ല രീതിയിലുള്ള ഉറക്കം, പ്രതിരോധ ശക്തിയുടെ മികച്ച പ്രവർത്തനം എന്നിവ അര്‍ബുദത്തിനെതിരെ ശക്തമായി പോരാടാൻ ശരീരത്തെ പ്രാപ്തരാക്കുന്നു. 

വീട്ടിൽ വെച്ചു തന്നെ പരിശോധിക്കാം

think-pink3

ഒരു കണ്ണാടിക്കു മുൻപിൽ നിന്ന് സ്തനങ്ങൾ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് പരിശോധിക്കുക. ചർമത്തിൽ തടിപ്പുണ്ടോ, പരുക്കനാണോ തുടങ്ങിയ കാര്യങ്ങളും നോക്കുക. മുലക്കണ്ണിലെ വ്യത്യാസവും തിരിച്ചറിയുക. ഇൗ ചിത്രങ്ങളിൽ കാണുന്നത് പോലെ കണ്ണാടിക്കു മുൻപിൽ നിന്ന് മൂന്ന് രീതിയിൽ പരിശോധന നടത്താവുന്നതാണ്.

കുളിക്കുമ്പോഴാണ് ചില സ്ത്രീകൾ സ്തനത്തിലെ മുഴ കാണുക. കുളിക്കുമ്പോൾ ഇടതു സ്തനത്തിനു വലതു കൈയും വലതു സ്തനത്തിനു ഇടതു കൈയും ഉപയോഗിക്കുക. സ്തനത്തിനു എന്തെങ്കിലും വ്യത്യാസം കാണുന്നുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കുക.

താഴെ കിടക്കുക

ഒരു തലയണ തോളിനു താഴെ വച്ചു കിടക്കുക. എന്നിട്ടു വലതു കൈ തലയ്ക്കടിയിൽ വയ്ക്കുക. തുടർന്ന് സ്തനങ്ങൾ ഉരുട്ടി പരിശോധിക്കുക. ചെറിയ രീതിയിൽ സ്തനത്തിൽ അമർത്തുക. ഇതു തന്നെ ഇടതു സ്തനത്തിലും ചെയ്യുക.

എന്താണു മാമോഗ്രാം?

സ്തനത്തിന്റെ എക്സ്റേ ആണ് മാമോഗ്രാം. സ്തനാർബുദത്തിന്റെ പ്രാരംഭ ഘട്ടം കണ്ടെത്തുന്നതിനാണു ഡോക്ടർമാർ എക്സ് റേ എടുക്കാറുള്ളത്. സ്തനാർബുദ ഭീഷണി ഇല്ലാതാക്കാൻ ആരംഭത്തിലേ ഉള്ള മാമോഗ്രാമുകൾ നല്ലതാണ്. നിങ്ങളുടെ പ്രായം 50 മുതൽ 74 വരെയാണെങ്കിൽ, തീർച്ചയായും രണ്ടു വർഷത്തിലൊരിക്കൽ നിങ്ങൾ മാമോഗ്രാം നടത്തണം. അതേസമയം, 40 മുതൽ 49 വരെയാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മാമോഗ്രാം ചെയ്യുക.

എന്തിനു മാമോഗ്രാം ചെയ്യണം?

സ്തനാർബുദം പ്രാരംഭ ദശയിലേ കണ്ടെത്താൻ ഡോക്ടർമാർ നടത്തുന്ന ഏറ്റവും മികച്ച പരിശോധനയാണു മാമോഗ്രാം. ചിലപ്പോൾ മൂന്നു വർഷം മുൻപു തന്നെ അർബുദം കണ്ടെത്താം. 

എപ്പോഴാണ് പരിശോധനയ്ക്ക് പോകേണ്ടത്?

ക്ലിനിക്ക്, ആശുപത്രി, ഡോക്ടറുടെ ഒാഫീസ് എന്നിവിടങ്ങളിൽ നിങ്ങൾക്ക് സ്തനാർബുദ പരിശോധന നടത്താം. മിക്കവാറും ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ സ്തനാർബുദ പരിശോധനകൾക്ക് പണം നൽകുന്നു. 

എങ്ങനെയാണ് സ്തനാർബുദ ഭീഷണി അകറ്റുക?

ശരീരഭാരം നിയന്ത്രിച്ച് നന്നായി വ്യായാമം ചെയ്യുക. സ്തനാർബുദ കാര്യത്തിൽ കുടുംബ പശ്ചാത്തലം അറിയുക. മാതാവ്, സഹോദരി, മകൾ എന്നിവരിലാർക്കെങ്കിലും സ്തനാർബുദം ഉണ്ടെങ്കിൽ നിങ്ങൾക്ക് വരാനുള്ള സാധ്യത എത്രത്തോളമാണെന്നും അതെങ്ങനെ കുറയ്ക്കാമെന്നും ഡോക്ടർമാരോട് ആരായുക. ഹോർമോൺ റിപ്ലേസ്മെൻ്റ് തെറാപ്പി മൂലമുള്ള വെല്ലുവിളിയും ഗുണങ്ങളും അറിയുക. മദ്യപാനം നിയന്ത്രിക്കുക.

More Health News>>