Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആസ്പിരിന്റെ പതിവായ ഉപയോഗം അർബുദം തടയും

aspirin

വേദനാസംഹാരിയായ ആസ്പിരിൻ പതിവായി കഴിക്കുന്നവരിൽ ദഹനവ്യവസ്ഥയിലുണ്ടാകുന്ന അർബുദം വരാനുള്ള സാധ്യത കുറവായിരിക്കുമെന്നു പഠനം. ആറു ലക്ഷം പേരെ പങ്കെടുപ്പിച്ചു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ദിവസവും ആസ്പിരിൻ കഴിക്കുന്നവരിൽ കരളിനും ഈസോഫാഗസിനും അർബുദം വരാനുള്ള സാധ്യത 47 ശതമാനം കുറവായിരിക്കും. ഗാസ്ട്രിക് കാൻസർ 38 ശതമാനവും പാൻക്രിയാറ്റിക് കാൻസർ സാധ്യത 34 ശതമാനവും കുറവായിരിക്കും. മലാശയാർബുദം വരാനുള്ള സാധ്യത 24 ശതമാനം കുറയ്ക്കാൻ ദിവസവും ആസ്പിരിൻ കഴിക്കുന്നതു മൂലം സാധിക്കും.

മലാശയ അർബുദം, ഗാസ്ട്രിക്, പാൻക്രിയാറ്റിക് കാൻസർ ഇവ മരണകാരമാകുന്ന പ്രധാനപ്പെട്ട അഞ്ച് അർബുദങ്ങളിൽപ്പെടുന്നു. 30 ശതമാനം അർബുദ മരണങ്ങൾക്കും കാരണം ദഹനേന്ദ്രിയ വ്യവസ്ഥയിലുണ്ടാകുന്ന അർബുദങ്ങളാണ്.

ആസ്പിരിന്റെ ദീർഘകാല ഉപയോഗം നിരവധി അർബുധങ്ങൾ വരാനുള്ള സാധ്യത തടയുമെന്ന് പഠനത്തിനു നേതൃത്വം നൽകിയ ഹോങ്‍‌കോങ്ങിലെ ചൈനീസ് യൂണിവേഴ്സിറ്റി ഗവേഷകനായ കെൽവിൻ സോയ് പറയുന്നു.

ബാഗ്സലോണയിൽ നടന്ന 25–ാമത് യുണൈറ്റഡ് യൂറോപ്യൻ ഗാസ്ട്രോ എൻട്രോളജി വീക്കിൽ ഈ പഠനഫലം അവതരിപ്പിച്ചു. ആസ്പിരിന്റെ ദീർഘകാല ഉപയോഗം ലുക്കീമിയ, ശ്വാസകോശാർബുദം, പ്രോസ്റ്റേറ്റ് അർബുദം, സ്തനാർബുദം, വൃക്കയിലെ അർബുദം, മൾട്ടിപ്പിൾ മൈലോമ ഇവയുണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുമെന്നു പഠനം പറയുന്നു.

ശരാശരി 7.7 വർഷമായി ആസ്പിരിൻ കഴിക്കുന്നവരെ ആസ്പിരിൻ ഉപയോഗിക്കാത്തവരുമായി താരതമ്യപ്പെടുത്തി. ആസ്പിരിൻ കഴിക്കുന്നവർ മുതൽ നിരവധി വർഷങ്ങളായി ഈ മരുന്ന് ഉപയോഗിക്കുന്നവരായിരുന്നു പഠനത്തിൽ പങ്കെടുത്തത്.

വൈദ്യശാസ്ത്ര സമൂഹം നാളുകളായി ചർച്ച ചെയ്യുന്ന ഒന്നാണ് ആസ്പിരിൻ ഉപയോഗം. ആസ്പിരിൻ ഉപയോഗം തുടരുന്നവരെ അപേക്ഷിച്ച് പെട്ടെന്ന് നിർത്തിയവർക്ക് ഹൃദ്രോഗം, പക്ഷാഘാതം ഇവയുണ്ടാകാൻ 37 ശതമാനം സാധ്യത കൂടുതലാണെന്ന് ഗവേഷകർ കൂട്ടിച്ചേർത്തു.

Read More : Health News