Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുരം കൂടുതൽ കഴിച്ചാൽ പ്രമേഹം ഉണ്ടാകുമോ?

513684576

1 പ്രമേഹം സത്യത്തിൽ ഒരു മാരകരോഗമാണോ? അത്രയേറെ ഭയക്കേണ്ടതുണ്ടോ?

പ്രമേഹം ക്രമേണ സംഭവിക്കുന്ന ഒരു അവസ്ഥയാണ്. അതുകൊണ്ടു തന്നെ എപ്പോഴാണു രോഗം ആരംഭിച്ചതെന്നു കൃത്യമായി മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ഒരിക്കൽ രോഗം വന്നു കഴിഞ്ഞാൽ സാധാരണഗതിയിൽ നിശേഷം മാറാറില്ല. എന്നാൽ കൃത്യമായ ചികിത്സ കൊണ്ടു രോഗിക്കു പൂർണ ആരോഗ്യവാനായി തന്നെ ദീർഘകാലം ജീവിക്കാൻ സാധിക്കുന്നു. ദീർഘകാലം നിലനിൽക്കുന്ന ഈ രോഗത്തിന്റെ വിവിധ ഘട്ടങ്ങളിൽ പല സങ്കീർണതകളും ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രമേഹത്തിന്റെ വിവിധ ഘട്ടങ്ങളിൽ അതിന്റെ സങ്കീർണതകൾ നിർണയിച്ച് ചികിത്സ തേടിയാൽ പ്രമേഹം മാരകരോഗാമാകാതെ സൂക്ഷിക്കാം. വേണ്ടവിധം ചികിത്സിക്കാതിരുന്നാൽ, ഇതു ശരീരത്തിലെ എല്ലാ അവയവങ്ങളേയും ബാധിക്കുകയും ജീവഹാനിവരെ വരുത്തുകയും ചെയ്യും. അതുകൊണ്ടു ചികിത്സിക്കാതിരുന്നാൽ പ്രമേഹം മാരകരോഗമാണ്. എന്നാൽ നന്നായി ചികിത്സിച്ചാൽ ഭയം വേണ്ട.

2  മധുരം കൂടുതൽ കഴിച്ചാൽ പ്രമേഹരോഗം ഉണ്ടാകുമോ?

ഒരാൾ മധുരം കൂടുതൽ കഴിച്ചതുകൊണ്ടു മാത്രം പ്രമേഹം ഉണ്ടാകില്ല. അയാൾക്കു പ്രമേഹം വരാനുള്ള മറ്റുകാരണങ്ങൾ കൂടി വേണം. ഉദാഹരണമായി പാരമ്പര്യമായി പ്രമേഹം വരാൻ സാധ്യതയുള്ള വ്യക്തി, മധുരം അധികം കഴിച്ച് അമിതവണ്ണം വയ്ക്കുകയും ചെയ്താൽ അദ്ദേഹത്തിനു പ്രമേഹം വരാൻ സാധ്യതയുണ്ട്.

മധുരസാധനങ്ങളിൽ ഊർജം കൂടുതലും നാരിന്റെ അംശം കുറവുമാണ്. അവ വണ്ണം വയ്ക്കാനുള്ള സാധ്യത കൂട്ടുന്നു. വണ്ണം കൂടുതൽ ഉള്ളവർ വ്യായാമവും കുറയ്ക്കും. ഈ രണ്ടു കാരണങ്ങൾ മൂലവും മധുരം അധികം കഴിക്കുന്നതു നല്ലതല്ല.

3 പ്രമേഹരോഗി മധുരം കുറയ്ക്കേണ്ടതിന്റെ ആവശ്യമെന്ത്?

നാം കഴിക്കുന്ന ആഹാരത്തിലെ അന്നജം (കാർബോഹൈഡ്രേറ്റ്) അവസാനം ഗ്ലൂക്കോസായി ദഹിച്ചതിനു ശേഷമാണു രക്തത്തിലേക്കു കടക്കുന്നത്. മധുരപദാർഥങ്ങളിൽ സുക്രോസും ലാക്ടോസും ഗ്ലൂക്കോസുമാണു പ്രധാനമായ അന്നജങ്ങൾ. ഇവയിൽ ഗ്ലൂക്കോസ് നേരിട്ടു രക്തത്തിലേക്ക് ആഗീരണം ചെയ്യും. സൂക്രോസും ലാക്ടോസും വളരെ പെട്ടെന്നു ദഹിച്ചു ഗ്ലൂക്കോസ് പോലെയുള്ള ഘടകമായി മാറി ഉടനെതന്നെ രക്തത്തിലേക്ക് കടക്കുകയും ചെയ്യും. അതിനാലാണ് മധുരം കഴിച്ച ഉടൻ രക്തത്തിലെ ഷുഗർ അളവു കൂടുന്നത്. പ്രമേഹരോഗികൾക്ക് ഇൻസുലിന്റെ അളവും പ്രവർത്തനവും കുറവായതുകൊണ്ടു പെട്ടെന്ന് ഉണ്ടാകുന്ന രക്തത്തിലെ ഷുഗർ നിയന്ത്രിക്കാനാകാതെ വരുകയും പ്രമേഹം നിയന്ത്രണമില്ലാതാവുകയും ചെയ്യുന്നു. പെട്ടെന്നു ദഹിക്കുന്ന മധുരസാധനങ്ങൾ പ്രമേഹരോഗിക്കു നല്ലതല്ല.

4 ഗോതമ്പുൽപന്നങ്ങൾ പ്രമേഹരോഗിക്കു കഴിക്കാം. ശരിയാണോ?

മധുരമില്ലാത്ത ആഹാരപദാർഥങ്ങളായ ദോശയും ഗോതമ്പിലുണ്ടാക്കുന്ന ചപ്പാത്തിയും പുട്ടും കഞ്ഞിയുമെല്ലാം കഴിച്ചാൽ അതിലുള്ള അന്നജങ്ങൾ ദഹിച്ചു ഗ്ലൂക്കോസായി മാറാൻ ഏറെ സമയമെടുക്കും. അങ്ങനെ കുറേശെ ഗ്ലൂക്കോസായി മാറിക്കൊണ്ടിരിക്കുകയും രക്തത്തിലെ ഷുഗർ സാവധാനം ഉയരുകയും ചെയ്യുമ്പോൾ, ഇൻസുലിന് ഈ ഷുഗർ അളവിനെ നിയന്ത്രിക്കാൻ സാധിക്കുകയും പ്രമേഹം ഏറെ നിയന്ത്രണവിധേയമായിരിക്കുകയും ചെയ്യും. അതുകൊണ്ടാണു പ്രമേഹരോഗികൾ കഴിക്കുന്ന ആഹാരത്തിലെ അന്നജം എളുപ്പം വിഘടിക്കാത്തവയും (കോംപ്ലക്സ് കാർബോഹൈഡ്രേറ്റ്) നാരുകൾ കൂടുതൽ ഉള്ളതുമാകണമെന്ന് ഉപദേശിക്കുന്നത്.

5 ടൈപ്പ് 1 പ്രമേഹം എന്നാൽ എന്താണ്? ഇത് ആരംഭിക്കുന്നത് എപ്പോഴാണ്?

നമ്മൾ സാധാരണ കാണാറുള്ള പ്രമേഹം ടൈപ്പ് 2 പ്രമേഹമാണ്. എന്നാൽ ശരീരത്തിലെ പാൻക്രിയാസിൽ നിന്നുള്ള ഇൻസുലിൻ ഉൽപാദനം നിലച്ചുപോകുന്നതുമൂലം കുട്ടിക്കാലത്തു തന്നെ ഉണ്ടാകുന്ന പ്രമേഹമാണ് ടൈപ് 1 പ്രമേഹം. ഒരു വയസിനു ശേഷം 20 വയസിനുള്ളിലാണു ഈ പ്രമേഹം സാധാരണ ആരംഭിക്കുന്നത്. നമ്മുടെ നാട്ടിൽ കാണുന്ന പ്രമേഹരോഗങ്ങളിൽ രണ്ടു തൊട്ടു നാലുശതമാനം വരെ ടൈപ് 1 പ്രമേഹമാണ്. ഇതിനു പാരമ്പര്യ സ്വഭാവമില്ല, അമിതമായ വണ്ണവും കാണില്ല. ഇവർക്കു ജീവിതകാലം മുഴുവൻ ഇൻസുലിൻ കുത്തിവയ്പ് അത്യാവശ്യമാണ്. ശരീരത്തിൽ ആവശ്യത്തിന് ഇൻസുലിൻ കിട്ടിയില്ലെങ്കിൽ ഈ രോഗികൾ ഡയബെറ്റിക് കീറ്റോഅസിഡോസിസ് എന്ന മാരകാവസ്ഥയിലേക്കു പോകാം. ടൈപ് 1 പ്രമേഹരോഗികൾക്കു ദിവസവും രണ്ടു മുതൽ നാലു തവണവരെ ഇൻസുലിൻ കുത്തിവയ്ക്കേണ്ടിവരും. ഇങ്ങനെ ഇൻസുലിൻ ചികിത്സ കൊണ്ടു സാധാരണ വളർച്ചയും ആരോഗ്യവും നിലനിർത്താനും സാധാരണ ജീവിതം നയിക്കാനും കഴിയും.

6 സാധാരണ കാണുന്ന ടൈപ് 2 പ്രമേഹം എന്താണ് ?

പ്രായപൂർത്തിയയവരിൽ കാണുന്ന പ്രമേഹരോഗം മിക്കവാറും ടൈപ് 2 പ്രമേഹം ആയിരിക്കും. പാരമ്പര്യമായി വരാൻ സാധ്യതയുള്ളതാണെങ്കിലും മറ്റ് അനുകൂല സാഹചര്യകാരണങ്ങൾ കൊണ്ടാണ് ഇവ നേരത്തെ പുറത്തുവരുന്നത്. ഉദാഹരണമായി, അച്ഛന്റെ വീട്ടുകാർക്കും അമ്മയുടെ വീട്ടുകാർക്കും ടൈപ് 2 പ്രമേഹം ഉണ്ടെങ്കിൽ മക്കൾ അധികം വണ്ണം വയ്ക്കുകയും വ്യായാമം ചെയ്യാതിരിക്കുകയും അമിതമായി ഭക്ഷണം കഴിക്കുകയും ചെയ്താൽ വളരെ വേഗം പ്രമേഹം വരും. ടൈപ് 2 പ്രമേഹം വരുന്നതു ശരീരത്തിലെ ഇൻസുലിൻ നല്ലവണ്ണം പ്രവർത്തിക്കാതിരിക്കുകയും (Insulin resistance) കാലക്രമേണ ഇൻസുലിൻ ഉൽപാദനം കുറയുകയും (Insulin deficiency) ചെയ്യുന്നതുകൊണ്ടാണ്. ഈ തരം പ്രമേഹത്തിന്റെ ചികിത്സയ്ക്കു പ്രധാനമായും വേണ്ടതു ജീവിതശൈലിയിൽ മാറ്റം വരുത്തുകയാണ്. കലോറി കൂടിയതും പഞ്ചസാരയുട അംശം ഉള്ളതുമായ ആഹാരങ്ങൾ ഉപേക്ഷിക്കണം. കൂടാതെ കലോറി കുറഞ്ഞതും നാരിന്റെ അംശം കൂടിയതുമായ ആഹാരം കൂടുതൽ കഴിക്കണം. കൂടാതെ ദിവസവും 30—40 മിനിറ്റു വരെ വ്യായാമം ആവശ്യമാണ്.

7 മൂത്രം വീണ സ്ഥലത്ത് ഉറുമ്പരിക്കുന്നത് പ്രമേഹം പിടിപെട്ടു എന്നതിന്റെ സൂചനയാണോ?

രക്തത്തിലെ പഞ്ചസാര ഒരു പരിധിയിൽ കൂടുമ്പോൾ, കൃത്യമായി പറഞ്ഞാൽ 180 മി ഗ്രാമിനു മുകളിലായാൽ മൂത്രത്തിൽ പഞ്ചസാര കണ്ടു തുടങ്ങും. ആ ഘട്ടത്തിലുള്ള പ്രമേഹരോഗിയുടെ മൂത്രം വീണ സ്ഥലത്ത് ഉറുമ്പുവരാൻ സാധ്യതയുണ്ട്. ചിലപ്പോൾ പ്രമേഹം ഉണ്ടെന്ന് ആദ്യമായി അറിയുന്നത് ഇതിലൂടെ ആയെന്നും വരാം. പക്ഷേ, അതു പ്രമേഹനിർണയത്തിനുള്ള ഒരു അളവു കോലായി ഉപയോഗിക്കാനാവില്ല. മാത്രവുമല്ല ചില വൃക്കരോഗങ്ങളിലും പ്രമേഹമില്ലാതെ തന്നെ മൂത്രത്തിൽ പഞ്ചസാര കാണാം. പ്രമേഹരോഗം കണ്ടുപിടിക്കുന്നതിനും സ്ഥിരീകരിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ പരിശോധനയാണു വേണ്ടത്.

8 ജീവിതശൈലീമാറ്റത്തിലൂടെ പ്രമേഹം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ?

ജീവിതശൈലിയിലെ മാറ്റങ്ങൾ മാത്രം കൊണ്ട് എല്ലാ ടൈപ് 2 പ്രമേഹവും നിയന്ത്രിക്കാൻ സാധിക്കുകയില്ല. ഇവർക്ക് ഇൻസുലിന്റെ പ്രവർത്തനം കൂട്ടുന്ന മെറ്റ്ഫോമിൻ, ഗ്ലിറ്റാസോൺ (Metformin, Glitazone) മുതലായ മരുന്നുകളും ആവശ്യമാണ്. ഇൻസുലിന്റെ ഉൽപാദനം കുറഞ്ഞുവരുമ്പോൾ ഇൻസുലിൻ ഉൽപാദനം കൂട്ടുന്ന ഗ്ലൈബെൻക്ലമൈഡ് (ഡയോനിൽ), ഗ്ലിമിപ്രൈഡ് (അമാരിൽ) മുതലായ മരുന്നുകളും ആവശ്യമെങ്കിൽ ഇൻസുലിൻ കുത്തിവയ്പും വേണ്ടിവരും. ബിപി, കൊളസ്ട്രോൾ മുതലായ അസുഖങ്ങളും നല്ലവണ്ണം ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.

9 പ്രമേഹം തിരിച്ചറിയാനും ചികിത്സിക്കുന്നതിനും ഷുഗർ ടെസ്റ്റ്?

ഒരു വ്യക്തിക്കു പ്രമേഹം ഉണ്ടോ എന്നറിയുന്നതിനും പ്രമേഹരോഗിയുടെ ചികിത്സ ശരിയായ വിധം നടക്കുന്നോ എന്നറിയുന്നതിനും രക്തത്തിലെ ഷുഗർഅളവ് അറിയേണ്ടതുണ്ട്. ഒരു വ്യക്തിയുടെ രക്തത്തിലെ ഫാസ്റ്റിങ് ഷുഗർ (വെറും വയറ്റിൽ) 126—നു മുകളിൽ ആയിരിക്കുകയും അഥവാ ആഹാരം കഴിച്ചശേഷം അല്ലെങ്കിൽ 75 ഗ്രാം ഗ്ലൂക്കോസ് കുടിച്ച് രണ്ടു മണിക്കൂറിനുശേഷം ഉള്ള ഷുഗർ 200—നു മുകളിൽ ആയിരിക്കുകയും ചെയ്താൽ പ്രമേഹരോഗം പിടിപെട്ടു എന്നു നിശ്ചയിക്കാം. കുറേക്കൂടി കൃത്യതയുള്ള അളവ് Hb Alcയുടേതാണ്. മൂന്നു മാസത്തെ ഷുഗർനിലയുടെ ശരാശരിയാണ് ഇതിലൂടെ അറിയാൻ കഴിയുക. Hb Alc അളവ് 6.5 നു മുകളിലാണെങ്കിൽ പ്രമേഹമായി കണക്കാക്കും.

ഇതുപോലെ ഒരാളുടെ പ്രമേഹരോഗം നല്ലവണ്ണം ചികിത്സയിലാണ് എന്നു പറയണമെങ്കിൽ ഫാസ്റ്റിങ് ബ്ലഡ്ഷുഗർ 110നു താഴെയും ആഹാരം കഴിച്ചു രണ്ടു മണിക്കൂറിനുശേഷം ഉള്ള ഷുഗർ 160 നു താഴെയും ആയിരിക്കണം. കൂടാതെ മൂന്നു മാസത്തെ ശരാശരി രക്തത്തിലെ പഞ്ചസാരയുടെ അളവായ Hb Alc 6.5 ശതമാനത്തിനു താഴെ ആയിരിക്കണം.

10 പ്രമേഹപൂർവാവസ്ഥ അഥവാ പ്രീഡയബെറ്റിസ് എങ്ങനെ തിരിച്ചറിയാം?

രക്തത്തിലെ പഞ്ചസാര സാധാരണയിൽ കൂടുതലാകുകയും എന്നാൽ പ്രമേഹരോഗാവസ്ഥയുടെ അളവിൽ എത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് പ്രീഡയബെറ്റിസ്. ഫാസ്റ്റിങ് ഷുഗർ 111 മി ഗ്രാം മുതൽ 125 മി ഗ്രാം വരെയും 75 ഗ്രാം ഗ്ലൂക്കോസ് കഴിച്ചു രണ്ടു മണിക്കൂർ കഴിഞ്ഞുള്ള ഷുഗർ 141 മി ഗ്രാം മുതൽ 199 മി ഗ്രാം വരെയും ഉള്ള അവസ്ഥയെ പ്രീഡയബെറ്റിസ് എന്നു പറയും. ഇതു രണ്ടു വിധത്തിലുണ്ട്. ഫാസ്റ്റിങ് ഷുഗർ 111 മി ഗ്രാം മുതൽ 125 മി ഗ്രാം വരെയുള്ള കാലഘട്ടത്തെ Impaired Fasting Glucose (IFG)എന്നു പറയും. അതുപോലെ ഗ്ലൂക്കോസ് 75 മി ഗ്രാം കഴിച്ചു രണ്ടു മണിക്കൂറിനു ശേഷം 141 മി ഗ്രാം മുതൽ 199 മി ഗ്രാം വരെയുള്ള അവസ്ഥയെ Impaired Glucose Tolerence (IGT) എന്നു പറയും. ചുരുക്കിപറഞ്ഞാൽ പ്രീഡയബെറ്റിസ് എന്ന ഘട്ടം IFG യോ, IGTയോ, അതോ രണ്ടും കൂടിയുള്ള അവസ്ഥയോ ആയിരിക്കാം.

11 പ്രീഡയബെറ്റിക് ഘട്ടം ഏതെങ്കിലും വിധത്തിൽ അപകടകാരിയാണോ?

പ്രീ ഡയബെറ്റിസ് രോഗകാലത്തു വലിയ രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ സാധ്യത ഏറെയാണ്. അത് ഹൃദ്രോഗസാധ്യത കൂട്ടും. അതിനാൽ ആ രോഗസാധ്യത പ്രതിരോധിക്കാൻ വേണ്ടി ബ്ലഡ്ഷുഗറും കൊളസ്ട്രോളും നല്ലവണ്ണം നിയന്ത്രിക്കണം. കൂടാതെ രക്തസമ്മർദവും നിയന്ത്രിച്ചു നിർത്തണം.

നടപടിയൊന്നും എടുത്തില്ലെങ്കിൽ, പ്രീഡയബെറ്റിസ് എന്ന അവസ്ഥ ഉള്ളവരിൽ മൂന്നിലൊന്നുപേർ ഡയബറ്റിസ് രോഗികളാകുകയും മൂന്നിലൊന്നുപേർ പ്രീഡയബെറ്റിസ് എന്ന ഘട്ടത്തിൽ നിൽക്കുകയും ബാക്കിയുള്ളവർ നോർമൽ ആകുകയും ചെയ്യും. എന്നാൽ പ്രീഡയബെറ്റിസ് നല്ലവണ്ണം ചികിത്സിച്ചാൽ, 70 മുതൽ 80 ശതമാനം ആൾക്കാരെ പ്രമേഹരോഗികൾ ആകാതെ, സാധാരണ ബ്ലഡ്ഷുഗർ ഉള്ളവരായി മാറ്റാൻ സാധിക്കും.

12 പ്രമേഹരോഗി ഗർഭിണിയാകുന്നതിൽ അപകടസാധ്യതയുണ്ടോ?

പ്രമേഹരോഗിയായ സ്ത്രീയ്ക്ക് ഗർഭിണിയാകുന്നതിൽ തടസമില്ല. അവർ നല്ലവണ്ണം ബ്ലഡ് ഗ്ലൂക്കോസ് നിയന്ത്രിച്ചശേഷം ഗർഭം ധരിച്ചാൽ അവർക്ക് ആരോഗ്യമുള്ള ഒരു കുട്ടിയെ കിട്ടും. ടൈപ് 1 പ്രമേഹമുള്ളവർക്കും ഇതു ബാധകമാണ്. ഗർഭധാരണത്തിനു മുമ്പു തന്നെ പ്രമേഹത്തിൽ കൃത്യമായ നിയന്ത്രണം പ്രമേഹരോഗി പാലിക്കണം. ഇതിനു വേണ്ടി വിദേശങ്ങളിൽ പ്രീ പ്രഗ്നൻസി ക്ലീനിക്കുകൾ പോലും നിലവിലുണ്ട്.

13 ഗർഭകാലത്തുണ്ടാകുന്ന പ്രമേഹം കുഞ്ഞിനെ ബാധിക്കാതിരിക്കാൻ?

ഗർഭകാലത്ത് ആദ്യമായി പ്രത്യക്ഷപ്പെടുന്ന പ്രമേഹം രണ്ടുതരത്തിലുണ്ട്. ഒന്ന് പാരമ്പര്യമായി വരുന്ന ടൈപ് 2 ഈ പ്രമേഹം ഗർഭകാലം കഴിഞ്ഞും കാണും. രണ്ടാമതായി ഗർഭകാലത്തു വരുന്ന Gestational Diabetes Mellitus (GDM) എന്ന പ്രമേഹം. ഇതു ഗർഭകാലത്ത് ആദ്യമായി വരുകയും പ്രസവം കഴിഞ്ഞ് ആറാഴ്ച കഴിയുമ്പോൾ മാറുകയും ചെയ്യും.

ജെസ്റ്റേഷണൽ ഡയബെറ്റിസ് തിരിച്ചറിയുന്നതിനു 75 ഗ്രാം ഗ്ലൂക്കോസ് കൊടുത്ത് ഒരു GTT പരിശോധന ചെയ്യണം. ഫാസ്റ്റിങ് ഷുഗർ 95 മി ഗ്രാം കൂടുതലോ, ഒരു മണിക്കൂർ കഴിഞ്ഞുള്ള ഷുഗർ 180 മി ഗ്രാമിൽ കൂടുതലോ, രണ്ടു മണിക്കൂർ കഴിഞ്ഞുള്ള ഷുഗർ 155 മി ഗ്രാമിൽ കൂടുതലോ ഉണ്ടെങ്കിൽ ഗർഭകാല പ്രമേഹം ഉണ്ടെന്നു പറയാം.

ഗർഭകാല പ്രമേഹം നല്ലവണ്ണം നിയന്ത്രിച്ചില്ലെങ്കിൽ കുഞ്ഞിന്റെ വളർച്ചയെയും അവയവങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കും. കൂടാതെ ജനിച്ചു കഴിഞ്ഞാലും കുട്ടിക്കു പലതരം വൈകല്യങ്ങൾക്കും അസുഖങ്ങൾക്കും ഇതു കാരണമാകാം.

14 പ്രമേഹ പൂർവാവസ്ഥ തിരിച്ചറിഞ്ഞാൽ എന്തു ചെയ്യണം? പ്രമേഹം തടയാൻ മരുന്നുണ്ടോ?

പ്രീഡയബെറ്റിസ് ഘട്ടത്തിൽ ശരിയായ നടപടികൾ സ്വീകരിച്ചാൽ പ്രമേഹം വരാതിരിക്കാൻ സാധിക്കും. അതായത്, പ്രമേഹം പ്രതിരോധിക്കാനുള്ള ഒരു സുവർണാവസരമാണ് ഇത് എന്നർഥം. പ്രീഡയബെറ്റിസിന്റെ പ്രധാന ചികിത്സ ആഹാരക്രമീകരണവും വ്യായാമവും ആണ്. മധുരസാധനങ്ങളും എണ്ണയിൽ പാകം ചെയ്യുന്ന ആഹാരസാധനങ്ങളും ഉപയോഗിക്കാതിരിക്കുകയും ആഹാരത്തിന്റെ അളവു കുറയ്ക്കുകയും വേണം. ദിവസേന അരമണിക്കൂർ വ്യായാമവും അത്യാവശ്യമാണ്. ഈ ജീവിതശൈലീമാറ്റങ്ങൾകൊണ്ട് പ്രീഡയബെറ്റിസ് രോഗികളിൽ 65—70 ശതമാനം വരെ പേരിൽ രോഗം വരാതെ നോക്കാൻ സാധിക്കുമെന്നു പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. മെറ്റ്ഫോമിൻ ഉൾപ്പെടെയുള്ള ചില മരുന്നുകൾ പ്രീഡയബെറ്റിസ് ഘട്ടത്തിലും ഏറെ പ്രയോജനപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. കൂടാതെ അ കാർബോസ് (Acarbose) എന്ന മരുന്നു കൊടുത്ത് 50 മുതൽ 60 ശതമാനം വരെ പ്രീഡയബെറ്റിസ് രോഗികളെ പ്രമേഹം വരാതെ സംരക്ഷിക്കാൻ കഴിഞ്ഞതായും പഠനമുണ്ട്.

15 ഗർഭകാല പ്രമേഹത്തിനു ഇൻസുലിൻ കുത്തിവെയ്പ് ആവശ്യമാണോ?

ഗർഭകാലപ്രമേഹം ചികിത്സിക്കുമ്പോൾ ഫാസ്റ്റിങ് ഷുഗർ 95 മി ഗ്രാമിനു താഴെയും ആഹാരം കഴിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞ് ഷുഗർ 130 മി ഗ്രാമിനു താഴെയും നിർത്തിയാൽ അമ്മയ്ക്കും കുട്ടിക്കും ഒരു കുഴപ്പവും ഉണ്ടാകില്ല. പ്രസവം കഴിഞ്ഞ് ആറാഴ്ചയ്ക്കുശേഷം പ്രമേഹം മാറിയോ എന്നു നോക്കാൻ അമ്മയുടെ രക്തം പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ഗർഭകാല പ്രമേഹരോഗം ചികിത്സിക്കുന്നതിന് ആഹാരക്രമീകരണം കൂടാതെ ഇൻസുലിൻ കുത്തിവയ്പാണു പ്രധാന ചികിത്സാ രീതി. ഗുളികകൾ കൊണ്ടുള്ള ചികിത്സ, പരീക്ഷണ രൂപത്തിൽ നടക്കുന്നുണ്ടെങ്കിലും പൂർണമായി അംഗീകരിച്ചിട്ടില്ല.

16 നവജാതശിശുവിന്റെ ഭാരവും പ്രമേഹസാധ്യതയുമായി ബന്ധമുണ്ടോ?

ജനിക്കുമ്പോൾ ഭാരം 2.5 കി ഗ്രാമിൽ കുറവുള്ള കുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ, 10 ശതമാനം പേരിൽ ടൈപ് 2 പ്രമേഹം വരാൻ സാധ്യതയുണ്ട്. അതുപോലെ ജനിക്കുമ്പോൾ നാലു കിലോയിൽ കൂടുതൽ തൂക്കമുള്ള കുട്ടികൾക്കും ഭാവിയിൽ പ്രമേഹം വരാനുള്ള സാധ്യത രണ്ടുമുതൽ നാല് ഇരട്ടിയാണ്.

പ്രമേഹരോഗിയുടെ നവജാതശിശുവിന്റെ അമിതമായ തൂക്കമോ (നാലു കിലോയിൽ കൂടുതലും) തൂക്കക്കുറവോ (രണ്ടര കി ഗ്രാമിൽ കുറവും) കണ്ടാൽ പ്രമേഹരോഗ ചികിത്സ നല്ല രീതിയിൽ ആയിരുന്നില്ലെന്നു കണക്കാക്കേണ്ടി വരും.

17 പരിശോധന കൂടാതെ പ്രമേഹം മനസിലാക്കാൻ കഴിയുമോ?

പ്രമേഹം സ്ഥിരീകരിക്കുന്നതിനു രക്തപരിശോധന ആവശ്യമാണ്. എന്നാൽ പ്രമേഹത്തിന്റെ രോഗലക്ഷണങ്ങൾ കൊണ്ടു പ്രമേഹം ഉണ്ടോ എന്നു സംശയിക്കാം. ഉദാഹരണമായി, അമിതമായി ദാഹം അനുഭവപ്പെടുകയോ, കൂടുതലായി മൂത്രം ഒഴിക്കുകയോ ചെയ്താൽ പ്രമേഹത്തെപ്പറ്റി സംശയിക്കണം. അതുപോലെ ഒരാൾക്കു പെട്ടെന്നു തൂക്കം വളരെ കുറയുകയാണെങ്കിൽ പ്രമേഹപരിശോധന അത്യാവശ്യമാണ്. അതുപോലെ ലൈംഗികാവയവങ്ങളിൽ വരുന്ന ചൊറിച്ചിലും ഫംഗൽ ഇൻഫക്ഷനും പ്രമേഹ രോഗത്തിന്റെ ലക്ഷണങ്ങളാവാം. ചുരുക്കി പറഞ്ഞാൽ രോഗലക്ഷണങ്ങൾ കൊണ്ടു രോഗത്തെപ്പറ്റി സംശയിക്കാം. എന്നാൽ രക്തപരിശോധന കൊണ്ടു മാത്രമേ പ്രമേഹം സ്ഥിരീകരിക്കാൻ സാധിക്കൂ.

18 പ്രമേഹമുണ്ടെന്ന കാര്യം മറ്റുള്ളവർ അറിയേണ്ടതുണ്ടോ?

തീർച്ചയായും അറിയണം. പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാര അനിയന്ത്രിതമായി കുറഞ്ഞുപോകുന്ന ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥ ഉണ്ടാകാം. അവർക്ക് കണ്ണിലിരുട്ട് കയറുക, ക്ഷീണം, വിറയൽ, നെഞ്ചിടിപ്പ്, തലവേദന, കൈകാലുകളുടെ സ്തംഭനം, ചുഴലി, ബോധക്ഷയം എന്നീ ലക്ഷണങ്ങൾ കണ്ടെന്നു വരാം. പഞ്ചസാര അനിയന്ത്രിതമായി കുറയുന്നത് ആഹാരരീതിയിൽ മാറ്റം വരുത്തുകയോ ഇൻസുലിൻ, ഗുളികകൾ എന്നിവ കഴിച്ചശേഷം ആഹാരം കഴിക്കാൻ വിട്ടുപോവുകയോ പതിവില്ലാത്ത കായികാധ്വാനം ചെയ്യേണ്ടിവരുകയോ മരുന്നിന്റെ ഡോസ് കൂടുകയോ ചെയ്യുന്ന സന്ദർഭങ്ങളിലാണ്. പ്രമേഹമുണ്ടെന്ന കാര്യം മറ്റുള്ളവർ അറിഞ്ഞിരുന്നാൽ മാത്രമേ അടിയന്തിരചികിത്സ രോഗിക്കു നൽകുവാൻ സാധിക്കൂ. ഇത് ഇൻസുലിൻ എടുക്കുന്ന ടൈപ് 1 പ്രമേഹരോഗികൾക്കു വളരെ അത്യാവശ്യമുള്ള കാര്യമാണ്. കുട്ടികളുടെ അസുഖവിവരം സ്കൂൾ അധികാരികളെയും അടുത്ത സുഹൃത്തുക്കളെയും അറിയിക്കേണ്ടത് അത്യാവശ്യമാണ്.

19 ഉയർന്ന ബിപിയും കൊളസ്ട്രോളും പ്രമേഹം വരുത്തുമോ?

ഉയർന്ന ബിപി ഉള്ളതുകൊണ്ടും കൊളസ്ട്രോൾ കൂടിയതുകൊണ്ടും മാത്രം ഒരാൾക്ക് പ്രമേഹം വരില്ല. പക്ഷേ, ഉയർന്ന ബിപിയും കൊളസ്ട്രോളും പ്രമേഹവും എല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഒരേ വ്യക്തിക്കു വരാൻ സാധ്യതയുള്ളവയാണ്. ഇവ മൂന്നും ഒരുമിച്ചു വരുന്ന ശരീരപ്രകൃതത്തെ മെറ്റബോളിക് സിൻഡ്രോം എന്നു പറയും. ഇതിന്റെ എല്ലാം മൂലകാരണം ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാത്തതാണ്. ഒരാൾക്ക് ബിപിയും കൊളസ്ട്രോളും ഉണ്ടെങ്കിൽ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് അങ്ങനെയുള്ള വ്യക്തികൾ ആഹാരക്രമീകരണവും വ്യായാമവും ചെയ്ത് അമിതവണ്ണം വരാതെ നോക്കണം.

20 അമിതവണ്ണം പ്രമേഹ സാധ്യത കൂട്ടുന്നത് എന്തുകൊണ്ടാണ്?

ടൈപ് 2 പ്രമേഹം വരുന്നതിന് അമിതവണ്ണം പ്രധാന കാരണമാണ്. അമിതവണ്ണമുള്ളവർക്കു വ്യായാമം വളരെ കുറവായിരിക്കും. ഇവർ സാധാരണ ഉയർന്ന കലോറി ഉള്ള ആഹാരമായിരിക്കും കഴിക്കുന്നത്. ശരീരത്തിൽ കൊഴുപ്പു കൂടുതൽ ഉള്ളതുകൊണ്ട് ഇവരുടെ ശരീരത്തിൽ കൂടുതൽ ഫ്രീ ഫാറ്റിആസിഡ് (FFA) ഉണ്ടാകും. അതിനു പുറമേ വ്യായാമക്കുറവുകൊണ്ടും ഇൻസുലിൻ റസിസ്റ്റൻസ് ഉണ്ടാകും. ഇൻസുലിനോട് ശരീരത്തിന്റെ പ്രതിരോധം കൂടുമ്പോൾ ശരീരത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാനും ഉപയോഗിക്കാനുമുള്ള സംവിധാനം തകരാറിലാവുകയും പ്രമേഹം ഉണ്ടാകുകയും ചെയ്യുന്നു.

21 പ്രമേഹം പിടിപെടാൻ സാധ്യത കൂടിയ സമയം ഏതാണ്?

ലൈംഗികവളർച്ച തുടങ്ങുന്ന കാലഘട്ടമായ 11 മുതൽ 14 വയസുവരെയുള്ള സമയത്തു ടൈപ് 1 പ്രമേഹം വരാൻ സാധ്യത കൂടും. പ്രായമേറി വരുന്ന കാലത്താണ് ടൈപ് 2 പ്രമേഹം വരാൻ സാധ്യത കൂടുതൽ. എന്നാൽ ഈ രോഗം വരാൻ സാധ്യതയുള്ള സ്ത്രീകൾക്ക്, ഗർഭകാലത്തു പ്രമേഹം ഉണ്ടായെന്നു വരാം. കൂടാതെ ഏതെങ്കിലും ക്രോണിക് അസുഖങ്ങളോ, ഹാർട്ട് അറ്റാക്കോ വരുന്ന സമയത്തും ടൈപ് 2 പ്രമേഹം ആദ്യമായി പുറത്തുവരാം. കോർട്ടിസോൺ എന്ന മരുന്നു കഴിക്കുന്ന സമയത്തും ടൈപ് 2 പ്രമേഹം വരാം.

ഡോ ആർ വി ജയകുമാർ

പ്രഫസർ,

എൻഡോക്രൈനോളജി വിഭാഗം

എ ഐ എം എസ്, കൊച്ചി

Read More : Health News