Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവമായി പുത്തന്‍ കണ്ടുപിടുത്തം; രോഗം കണ്ടെത്താന്‍ 'മൈക്രോ റോബോട്ടുകളെ' ഉപയോഗിക്കുന്ന കാലമെത്തുന്നു

cancer

കാന്‍സര്‍ ചികിത്സാരംഗത്ത് പുത്തന്‍ അധ്യയമായി 'മൈക്രോ റോബോട്ടുകള്‍'. ശാസ്ത്രം പുരോഗമിച്ചതനുസരിച്ചു ചികിത്സാരംഗത്ത് ഉൾപ്പടെ റോബോട്ടുകളെ പല മേഖലകളിലും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ കാന്‍സര്‍ ചികിത്സയ്ക്ക് ഇത്തരമൊരു പരീക്ഷണം ഇതാദ്യമാണ്.

കാന്‍സര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ വഹിച്ചു കൊണ്ടു പോകുന്നതിനാണ് ഈ മൈക്രോ റോബോട്ടുകളെ ഉപയോഗിക്കുന്നത്. വളരെ സൂക്ഷ്മവും റിമോട്ട് കൺട്രോള്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതുമായ ഈ കുഞ്ഞന്‍ റോബോട്ടുകള്‍ കാന്‍സര്‍ കോശങ്ങളെ കണ്ടെത്തി ചികിത്സയ്ക്ക് സഹായകമാകുന്ന വിധമാണ് നിര്‍മിച്ചിരിക്കുന്നത്. 

'ബയോഹൈബ്രിട്സ്' എന്നാണ് ഈ കുഞ്ഞന്‍ റോബോട്ടുകളെ വിളിക്കുന്നത്‌. ജീവകോശങ്ങള്‍ കൊണ്ടാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. 

സൂക്ഷ്മമായ മാഗ്നറ്റിക് കണികകള്‍ കൂടി നല്‍കിയാണ്‌ ഇവയുടെ നിർമാണം. ഇത് മനുഷ്യശരീരത്തില്‍ സഞ്ചരിക്കാന്‍ ഇവയെ സഹായിക്കും. സ്പിരുലിന ആല്‍ഗ (spirulina algae) യില്‍ നിന്നാണ്  ഇവ നിര്‍മിക്കുന്നത്. കൃത്രിമമായി ഒരു റോബോട്ടിനെ നിര്‍മിക്കുന്നതിലും നല്ലതു  പ്രകൃതിയില്‍ നിന്നുതന്നെ അനുയോജ്യമായൊരു ഘടകത്തെ ഉപയോഗിക്കാന്‍ കഴിഞ്ഞതാണെന്ന് ഹോങ്കോങ് ചൈനീസ്‌ സര്‍വകലാശാലയിലെ  പ്രൊഫസര്‍ ലീ സാൻഗ് പറയുന്നു. 

ശരീരത്തില്‍ പ്രവേശിപ്പിക്കുന്ന ഈ റോബോട്ടുകളുടെ പ്രവര്‍ത്തനങ്ങളെ ഫ്ലൂറസെന്‍സ് ഇമേജിങ് വഴിയും മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ് വഴിയുമാണ്‌ നിയന്ത്രിക്കുന്നത്. ഇവ ഉപയോഗിച്ച് എലികളില്‍  നടത്തിയ പഠനത്തില്‍ ഗവേഷകര്‍ക്ക്‌ അവയുടെ ശരീരത്തില്‍ കടത്തി വിട്ട ഈ 'ബയോഹൈബ്രിട്സിന്റെ' പ്രവര്‍ത്തനത്തെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. കാന്‍സറിനെതിരെ പൊരുതാനുള്ള ഘടകങ്ങള്‍ ഇവ പുറത്തുവിടുകയും ചെയ്തിതു. ഇത്  ഈ രംഗത്ത് വന്‍ പ്രതീക്ഷ നല്‍കുന്നുണ്ടെന്ന് മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ നാനോ മെഡിസിന്‍ ഗവേഷകനായ പ്രൊഫസര്‍ കോസ്റ്റാസ് കോസ്ടാറിയോസ് പറയുന്നു. 

ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ വേഗത്തില്‍ തിരിച്ചറിയാനും ഈ റോബോട്ടുകള്‍ക്ക് എളുപ്പത്തില്‍ സാധിക്കും. ഇത് രോഗനിര്‍ണയരംഗത്ത് മാറ്റങ്ങള്‍ക്കു കാരണമാകുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. 

എന്നാല്‍ ഈ കണ്ടെത്തല്‍ ഇപ്പോഴും അതിന്റെ പ്രാരംഭദിശയിലാണ്. ഇനിയും നിരവധി പരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് പഠനത്തിനു നേതൃത്വം നല്‍കുന്ന ഗവേഷകര്‍ പറയുന്നു. 

മനുഷ്യശരീരത്തിനുള്ളില്‍ കടത്തി വിടുന്ന ഈ കുഞ്ഞന്‍ റോബോട്ടുകള്‍ ശരീരത്തിനു ദോഷമുണ്ടാക്കാത്ത രീതിയില്‍ സ്വയം നശിക്കുമോ അതോ ഇവ ശരീരത്തില്‍ നിന്നും ആവശ്യം കഴിഞ്ഞു നീക്കം ചെയ്യണോ എന്നു തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്. എങ്കിലും  എത്ര ശ്രമിച്ചാലും എത്തിപ്പെടാന്‍ പ്രയാസമുള്ള ശരീരത്തിലെ ചില കോണുകളിലേക്ക് നിഷ്പ്രയാസം സഞ്ചരിക്കാന്‍ കഴിയുന്ന ഇവയുടെ ശേഷി തന്നെയാണ് ചികിത്സാരംഗത്ത് ഈ  മൈക്രോ റോബോട്ടുകളെ വ്യത്യസ്തരാക്കുന്നതും.

Read More : ആരോഗ്യവാർത്തകൾ