Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടി വി കാഴ്ച കുട്ടികളെ പൊണ്ണത്തടിയന്മാരാക്കും

children

കുട്ടികൾ ടിവി കണ്ടോട്ടെ, പക്ഷേ അത് 90 മിനിറ്റിൽ കൂടാൻ പാടില്ല എന്നു മാത്രം. വരും വർഷങ്ങളിൽ നിങ്ങളുടെ കുട്ടികൾ പൊണ്ണത്തടിയന്‍മാരാകരുതെങ്കിൽ ഇപ്പോഴെ അവരുടെ ടി വി കാഴ്ച നിയന്ത്രിക്കണം എന്നാണ് പുതിയ പഠനം പറയുന്നത്.

സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗവും കുട്ടികളിലെ പൊണ്ണത്തടി വർധിപ്പിക്കുന്നതും തമ്മിൽ ശക്തമായ ബന്ധം ഉണ്ടെന്ന് കുട്ടികളുടെ ആരോഗ്യ രംഗത്തെ വിദഗ്ധരുടെ സംഘം പറയുന്നു.

ചെറുപ്രായത്തിലെ ടി വി, കംപ്യൂട്ടർ, സ്മാർട്ട്ഫോൺ, ടാബാ‌ലറ്റ് മുതലായവയുടെ ദീർഘസമയത്തെ ഉപയോഗവും പൊണ്ണത്തടിയും തമ്മിൽ ബന്ധമുണ്ടെന്ന് പഠനത്തിൽ തെളിഞ്ഞു.

നാലുവയസ്സിൽ കൂടുതലുള്ള കുട്ടിയെ ഒരു കാരണവശാലും ഒന്നര മണിക്കൂർ കൂടുതൽ ടി വി, കംപ്യൂട്ടർ മറ്റ് ഉപകരണങ്ങൾ ഇവ ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് പഠനത്തിനു നേതൃത്വം നൽകിയ ഡോ. അഡമോസ് ഹാഡ്ജിപനായിസ് പറയുന്നു. ശിശുക്കളെ ഒരു മണിക്കൂർ കുറവു മാത്രമേ ടിവി കാണിക്കാവൂ എന്നും അദ്ദേഹം പറയുന്നു.

കുട്ടികളിലെ പൊണ്ണത്തടി നിരക്ക് അപകടകരമാം വിധം കൂടിവരികയാണ്. തങ്ങളുടെ കുട്ടികളിലെ ആരോഗ്യത്തെ ഈ സമഹമാധ്യമങ്ങളുടെയും സ്ക്രീനുകളുടെയും ഉപയോഗം എത്രമാത്രം ബാധിക്കുന്നുവെന്ന് രക്ഷിതാക്കളും മനസ്സിലാക്കണം.

ഒൻപതു വയസാകുമ്പോഴേക്കും ദിവസം ഏഴുമണിക്കൂറിലധികമാണ് ഒരു കുട്ടി ടിവിക്കു മുന്നിൽ ചെലവിടുന്നത്. മറ്റ് സമയത്തോ, ഡിജിറ്റൽ മാധ്യമങ്ങളായ കംപ്യൂട്ടര്‍, മൊബൈൽഫോൺ മുതലായവയ്ക്കൊപ്പവും ചെലവഴിക്കുന്നു.

രാത്രി വളരെ വൈകിയും സമൂഹ മാധ്യമങ്ങളിൽ ചെലവിടുന്നത് ചെറുപ്പക്കാരുടെ ഉറക്കത്തെയും തടസ്സപ്പെടുത്തുന്നു. ഇത് പൊണ്ണത്തടിക്കുള്ള സാധ്യത കൂട്ടുന്നു.

രക്ഷിതാക്കൾ തങ്ങളുടെ സ്ക്രീൻ ഉപയോഗം കുറയ്ക്കണമെന്നും കുട്ടികൾക്കു മാതൃകയാകണമെന്നും ഗവേഷകർ പറയുന്നു. ഇന്ത്യയിൽ 14.4 ദശലക്ഷം കുട്ടികളാണ് അമിതവണ്ണം ഉള്ളവർ.

അമിത ഭാരമോ പൊണ്ണത്തടിയോ മൂലം ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുടെ എണ്ണം 2 ബില്യൺ വരും. കുട്ടികളും മുതിർന്നവരും ഇതിലുൾപ്പെടും. കൂടാതെ പൊണ്ണത്തടിയുമായി ബന്ധപ്പെട്ട രോഗങ്ങൾ മൂലം മരണമടയുന്നവരും നിരവധിയാണ്. ലോകത്ത് 108 ദശലക്ഷം കുട്ടികളാണ് പൊണ്ണത്തടിയന്മാര്‍ ആയുള്ളത്.

ഇനി നിങ്ങള്‍ തീരുമാനിക്കുക. നിങ്ങളുടെ കുട്ടിയെ പൊണ്ണത്തടിയനാക്കണോ എന്ന്.

Read More : Health News