Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എയ്‌ഡ്‌സ്; അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

470340344

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ കാർന്നുതിന്നുന്ന വൈറസാണ് എച്ച്‌ഐവി (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ്). ഈ വൈറസ് മൂലം മനുഷ്യശരീരത്തിന്റെ പ്രതിരോധശേഷി നശിക്കുന്ന അവസ്‌ഥയെ എയ്‌ഡ്‌സ് (അക്വേഡ് ഇമ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം) എന്നു പറയുന്നു. എയ്‌ഡ്‌സ് രോഗിയുടെ രക്‌തത്തിൽ പ്രതിരോധശക്‌തിയെ നിയന്ത്രിക്കുന്ന ഘടകമായ സിഡി 4 കോശങ്ങളുടെ അളവ് മില്ലി ലീറ്ററിൽ 200ൽ താഴെയേ കാണൂ (ആരോഗ്യവാനായ ഒരാളുടെ ഒരു മില്ലിലീറ്റർ രക്‌തത്തിൽ 500 മുതൽ 1500 വരെ സിഡി 4 കോശങ്ങളുണ്ടാകും). എച്ച്‌ഐവി ബാധിതൻ എയ്‌ഡ്‌സ് രോഗിയാകാൻ എട്ടു മുതൽ 15 വർഷംവരെയെടുക്കും. 

എച്ച്‌ഐവി ശരീരത്തിൽ പ്രവേശിച്ചാൽ ഇവയ്‌ക്കെതിരെയുള്ള ആന്റിബോഡി രക്‌തത്തിൽ പ്രവേശിക്കാൻ ആറുമാസം വരെ സമയമെടുക്കും. ഈ കാലയളവിൽ ടെസ്‌റ്റ് നടത്തിയാൽ ഫലം നെഗറ്റീവായിരിക്കും. ഈ കാലയളവാണു വിൻഡോ പീരിഡ്. 

അമ്മയിൽ നിന്ന് 

അമ്മയ്‌ക്ക് എച്ച്‌ഐവി അണുബാധ ഉണ്ടെങ്കിൽ കുഞ്ഞിനും ഉണ്ടാകാൻ 30% സാധ്യതയുണ്ട്. പ്രസവവേളയിലും കൂടുതൽ കാലം മുലയൂട്ടുന്നതിലൂടെയും അണുക്കളുടെ വ്യാപന സാധ്യത കൂടുതലാണ്. നവജാത ശിശുക്കൾ ആദ്യമാസങ്ങളിൽ ദിവസേന ശരാശരി അരലീറ്റർ മുലപ്പാൽ കുടിക്കുന്നു. അതിനാൽ അണുബാധയുള്ള അമ്മയിൽനിന്നു കുഞ്ഞിലേക്കു വൈറസ് പകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എച്ച്‌ഐവി ബാധിതയായ അമ്മ മുലയൂട്ടാതിരിക്കുകയാണു നല്ലത്. 

ഇങ്ങനെ പകരില്ല 

.കിടക്കവിരി, വസ്‌ത്രം, ശുചിമുറി, പാത്രങ്ങൾ, ഭക്ഷണം എന്നിവ പങ്കുവച്ചാൽ 

.ഹസ്‌തദാനം, ചുമ, തുമ്മൽ, രോഗീശുശ്രൂഷ, ശവസംസ്‌കാരം എന്നിവയിലൂടെ 

.വിയർപ്പ്, കണ്ണീർ, ഉമിനീർ, മലം, മൂത്രം എന്നിവയിലൂടെ 

.രോഗിയെ കടിച്ച കൊതുക്, ഈച്ച, മൂട്ട തുടങ്ങിയവ കടിച്ചാൽ. 

.ഉമിനീരിൽ വളരെ കുറഞ്ഞ അളവിലേ എച്ച്‌ഐവി വൈറസ് കാണപ്പെടുന്നുള്ളു എന്നതിനാൽ തന്നെ എച്ച്‌ഐവി ബാധിതർ കടിച്ചാലോ ചുംബനത്തിലൂടെയോ വൈറസ് പകരില്ല. ചുംബനവേളയിൽ വൈറസ് വായിൽ കടന്നെങ്കിൽത്തന്നെ അതു നശിച്ചുപോകും. എങ്കിലും വായിൽ മുറിവോ വ്രണമോ ഉണ്ടെങ്കിൽ അതിലൂടെ അണുക്കൾ പകരാം. 

ലക്ഷണങ്ങൾ 

മറ്റു പല രോഗങ്ങളുടേതിനു സമാന ലക്ഷണങ്ങളായതിനാൽ രോഗലക്ഷണങ്ങൾ കണ്ടതുകൊണ്ടു മാത്രം ഒരാൾക്ക് എയ്‌ഡ്സ് ആണെന്നു സ്‌ഥിരീകരിക്കാൻ കഴിയില്ല. ആരംഭത്തിൽ എച്ച്‌ഐവി ബാധിതരിൽ രോഗലക്ഷണങ്ങൾ കാണാറില്ല. വൈറസ് ബാധിതനു പൂർണ ആരോഗ്യത്തോടെ 10-12 വർഷം ജീവിക്കാനാകും. കാലക്രമത്തിൽ കഴുത്ത്, കക്ഷം, തുടഭാഗം എന്നിവിടങ്ങളിലെ ലിംഫ്‌ഗ്രാൻഡുകൾ വീർക്കുകയും ശരീരഭാരം പെട്ടെന്നു കുറയുകയും ചെയ്യുന്നു. ദീർഘനാളത്തെ പനി, വയറിളക്കം, വിട്ടുമാറാത്ത ചുമ എന്നിവയും ലക്ഷണങ്ങളാണ്. വായിൽ വെളുത്ത പൂപ്പലുകൾ പ്രത്യക്ഷപ്പെടും. ഓർമക്കുറവുണ്ടാകും. 

ടെസ്‌റ്റുകൾ 

എലിസ, വെസ്‌റ്റേൺ ബ്ലോട്ട് എന്നിവയാണു പ്രധാന ടെസ്‌റ്റുകൾ. സംസ്‌ഥാനത്തെ മിക്ക മെഡിക്കൽ കോളജ് ആശുപത്രികളിലും ഇതിനു സൗകര്യങ്ങളുണ്ട്. 

ചികിൽസ 

എയ്‌ഡ്‌സിനു ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ആരോഗ്യകരമായ ജീവിതശൈലി, പോഷകസമൃദ്ധമായ ആഹാരം, വ്യായാമം, യോഗ തുടങ്ങിയവയിലൂടെ ആയുർദൈർഘ്യം കൂട്ടാം. നിലവിൽ ലഭ്യമായ ചികിൽസ ആന്റി റിട്രോ വൈറൽ തെറപ്പി (എആർടി) ആണ്. ചികിൽസ തുടങ്ങിയാൽ ജീവിതാവസാനം വരെ തുടരണം. 

കുഞ്ഞുങ്ങൾ പഠിക്കട്ടെ 

എച്ച്‌ഐവി ബാധിതരായ കുട്ടികൾ ക്ലാസ്സ്മുറികളിൽ കൂടെയിരിക്കുകയോ ഒന്നിച്ചു കളിക്കുകയോ ചെയ്‌താൽ സഹപാഠികളിലേക്ക് അണുക്കൾ പകരില്ല. മറ്റുകുട്ടികൾക്കൊപ്പം എല്ലാക്കാര്യത്തിലും ഇവർക്കു തുല്യനീതി ഉറപ്പാക്കേണ്ടതു സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. 

പകരുന്നതിങ്ങനെ 

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയാണു വൈറസ് പ്രധാനമായും പകരുന്നത്. എച്ച്‌ഐവി ബാധിച്ച സ്‌ത്രീയിൽനിന്നു പുരുഷനിലേക്കു പകരുന്നതിനേക്കാൾ വേഗത്തിൽ പുരുഷനിൽനിന്നു സ്‌ത്രീയിലേക്കു പകരുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. സ്വവർഗരതിയിലൂടെയും വൈറസ് പകരും. 

ഗുണമേൻമയുള്ള ഉറ ശാസ്‌ത്രീയമായി ഉപയോഗിച്ചാൽ അണുബാധ തടയാമെങ്കിലും ഇതു പൂർണസുരക്ഷിതമല്ല. ബാർബർ ഷോപ്പുകളിൽ ഒന്നിലേറെ പേരിൽ ഉപയോഗിക്കുന്ന ബ്ലേഡുകൾ അണുവിമുക്‌തമാക്കിയില്ലെങ്കിൽ രോഗവ്യാപനത്തിനു സാധ്യതയുണ്ട് - ഇത്തരമൊരു കേസ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും. 

പകരുന്ന മറ്റു മാർഗങ്ങൾ: 

എച്ച്‌ഐവി ബാധിതന്റെ രക്‌തവും രക്‌തഘടകങ്ങളും സ്വീകരിക്കുക വഴി. 

ഒരേ സിറിഞ്ചുപയോഗിച്ചു ലഹരിമരുന്നു കുത്തിവയ്‌പിലൂടെ എച്ച്‌ഐവി ബാധിതയായ അമ്മയിൽനിന്നു കുഞ്ഞിലേക്ക് (ഗർഭാവസ്‌ഥയിലും മുലയൂട്ടുന്ന സമയത്തും അണുക്കൾ പകരാം). 

ഓർമിക്കാം 

ജീവിതപങ്കാളിയോടു വിശ്വസ്‌തത പുലർത്തുക. എച്ച്‌ഐവി ബാധിതരെ ഒറ്റപ്പെടുത്താതിരിക്കുക, സാധാരണ സമ്പർക്കങ്ങളിലൂടെ രോഗം പകരില്ലെന്നു തിരിച്ചറിയുക. എച്ച്‌ഐവി ബാധിതർക്കു മറ്റെല്ലാവരെയും പോലെ അവസരങ്ങളും അവകാശങ്ങളുമുണ്ടെന്നോർക്കുക. അവരെയും സ്‌നേഹത്തോടെ പരിചരിക്കുക 

ഡോ. മേരി ജോസഫ്, 

 

അമല റൂറൽ ഡെവലപ്‌മെന്റ് 

 

ട്രസ്‌റ്റ് ചെയർപഴ്‌സൻ, കോഴിക്കോട്. 

Read More: Health News