Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ ആ കുഞ്ഞും മരണത്തിനു കീഴടങ്ങി; ഇനി അശ്രദ്ധ അരുതേ എന്ന പ്രാർഥനയുമായി

infertility-disease

ഒടുവിൽ ആ മിടിപ്പുകളും നിലച്ചു; മരിച്ചെന്നു വിധിയെഴുതി ആശുപത്രിക്കാർ ഉപേക്ഷിച്ച നവജാതശിശു ആറുദിവസത്തിനുശേഷം മരിച്ചു. ഉത്തരവാദികളായ ഡോക്ടർമാരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിൽ ബന്ധുക്കൾ ആശുപത്രിയുടെ പുറത്തു സമരത്തിലാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണു ഷാലിമാർ ബാഗിലെ മാക്സ് ആശുപത്രിയിൽ വർഷ(21)യ്ക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്. അതിൽ പെൺകുഞ്ഞു ജനിച്ചയുടൻ മരിച്ചു. ആൺകുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ഈ കുട്ടിയും മരിച്ചതായി പിന്നീടു ഡോക്ടർമാർ അറിയിച്ചു. ഇരട്ടകളുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗുകളിലാക്കി മാതാപിതാക്കൾക്കു കൈമാറി. സംസ്കാര ചടങ്ങിനു തയാറെടുക്കുമ്പോഴാണു ഒരു കുഞ്ഞിന് അനക്കം കണ്ടത്. പിതംപുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ ജീവനുണ്ടെന്നു വ്യക്തമായി. വളർച്ചയെത്താതെ പ്രസവിച്ച കുഞ്ഞ് ഏതാനും ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ശ്വസിച്ചിരുന്നത്.

ഇന്നലെ ഉച്ചയോടെ മരണത്തിനു കീഴടങ്ങി. കുട്ടിയുടെ അമ്മ ഇപ്പോഴും മാക്സ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ ചികിൽസയ്ക്ക് 50 ലക്ഷം രൂപയുടെ ബിൽ നൽകിയെന്നു കാട്ടി പിതാവ് ആശിഷ് കുമാർ മറ്റൊരു പരാതിയും പൊലീസിനു നൽകി. സംഭവത്തെത്തുടർന്ന് ആശുപത്രി അധികൃതർ എം.പി. മേത്ത, വിശാൽ ഗുപ്ത എന്നീ ഡോക്ടർമാരെ പിരിച്ചുവിട്ടിരുന്നു.

ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കിയേക്കും

ന്യൂഡൽഹി ∙ നവജാത ശിശു മരിച്ചുവെന്നു വിധിയെഴുതിയ സംഭവത്തിൽ മാക്സ് ആശുപത്രി അധികൃതർക്കു വീഴ്ചയുണ്ടായതായി ഡൽഹി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. അന്തിമ റിപ്പോർട്ട് രണ്ടു ദിവസത്തിനുള്ളിൽ കൈമാറും. ഇതിനുശേഷം മാക്സ് ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുമെന്നാണു സൂചന. വീഴ്ചയുണ്ടെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നു സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ വ്യക്തമാക്കിയിരുന്നു.