Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണുബാധകൾ ചികിത്സിക്കാൻ വെളുത്തുള്ളി സഹായിക്കും

Garlic

ഗുരുതരമായ അണുബാധകളെ അകറ്റാൻ വെളുത്തുള്ളി സഹായിക്കുമെന്നു പഠനം. രൂക്ഷ ഗന്ധമുള്ള പച്ചക്കറികളിൽ കാണപ്പെടുന്ന സൾഫറസ് സംയുക്തമായ അജോയെൻ, ആന്റിബയോട്ടിക്കുകളുമായി ചേർത്താല്‍ ബാക്ടീരിയയുടെ പ്രതിരോധത്തെ ഇല്ലാതാക്കാൻ സഹായിക്കും.

ബാക്ടീരിയയുടെ ആശയ വിനിമയ സംവിധാനത്തെ നശിപ്പിക്കാൻ വെളുത്തുള്ളി സംയുക്തത്തിന് കഴിയുമെന്ന് കോപ്പൻ ഹേഗന്‍ സർവകലാശാലാ ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമായി. സിസ്റ്റിക് ഫൈബ്രോസിസ് പോലെയുള്ള ഗുരുതരമായ അണുബാധ ബാധിച്ച രോഗികളിൽ ചികിത്സയ്ക്കായി ഈ മാർഗം ഉപയോഗിക്കാം.

ബാക്ടീരിയകളിൽ വെളുത്തുള്ളിയുണ്ടാക്കുന്ന ഫലങ്ങളെക്കുറിച്ച് 2005 മുതൽ പഠനം നടത്തുന്ന ഗവേഷക സംഘമാണ് വെളുത്തുള്ളി അണുബാധകളെ തടയുമെന്നു കണ്ടെത്തിയത്. വെളുത്തുള്ളിയിലടങ്ങിയ സൾഫറസ് സംയുക്തമായ അജോയെൻ ആണ് ഇതിനു പിന്നിൽ എന്ന് 2012 ൽ കണ്ടെത്തിയിരുന്നു. രണ്ടിനം ബാക്ടീരിയകളിൽ റെഗുലേറ്ററി ആർ എൻ എ തന്മാത്ര തടയാനുള്ള അജോയെനിന്റെ കഴിവ് പഠനം പരിശോധിച്ചു.

സ്റ്റാഫിലോകോക്കസ് ഔറിയസ്, ന്യൂഡോമോണസ് ഏറ്യുഗിനോസ എന്നീ രണ്ടു പ്രധാനപ്പെട്ട ബാക്ടീരിയകളിലാണ് പഠനം നടത്തിയത്. ഇവ രണ്ടും വ്യത്യസ്ത ബാക്ടരിയ കുടുംബത്തിൽപ്പെട്ടതാണ്. വ്യത്യസ്ത മാർഗങ്ങളിലൂടെ പൊരുതുന്നവയുമാണ്. എന്നാൽ രണ്ടിനോടും ഒരേ സമയം പൊരുതാൻ വെളുത്തുള്ളി സംയുക്തത്തിനു കഴിഞ്ഞു. ഇതുകൊണ്ടു തന്നെ ആന്റിബയോട്ടിക്സുകളോടൊപ്പം ഉപയോഗിക്കുമ്പോൾ ഇത് ഫലപ്രദമായ മരുന്ന് ആണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഇമ്മ്യുണോളജി ആൻഡ് മൈക്രോബയോളജി അസിസ്റ്റന്റ് പ്രൊഫസറായ ‌ടിം ഹോം ജേക്കബ്സൺ പറയുന്നു.

ഏറ്റവും ശക്തമായി ബാക്ടീരിയയെ പ്രതിരോധിക്കാൻ വെളുത്തുള്ളിക്ക് കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്. ബാക്ടീരിയയിലെ ആർ എൻ എ തന്മാത്രകളെ തടയുന്നതു കൂടാതെ ബാക്ടീരിയയെ ആവരണം ചെയ്യുന്ന ബയോഫിലിം എന്നു വിളിക്കുന്ന സംരക്ഷണ കവചത്തെയും നശിപ്പിക്കുന്നു. ബയോഫിലും നശിക്കപ്പെടുമ്പോഴോ ദുർബലമാക്കപ്പെടുമ്പോഴോ ആന്റിബയോട്ടിക്കുകളും ശരീരത്തിന്റെ തന്നെ രോഗപ്രതിരോധ സംവിധാനവും ബാക്ടീരിയയെ നേരിട്ട് അക്രമിക്കുകയും അണുബാധ അകറ്റുകയും ചെയ്യും. സയന്റിഫിക് റിപ്പോർട്ട്സ് ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചു.

Read More : Health News