Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെറും 10 മിനിറ്റിനു കൊണ്ട് നടുവേദന അകറ്റാം

Woman rubbing aching back

മിക്കവരെയും സ്ഥിരമായി അലട്ടുന്നൊരു പ്രശ്നമാണ് നടുവേദന അല്ലെങ്കില്‍ ബാക്ക് പെയിന്‍. പ്രായം നാല്‍പതുകളില്‍ എത്തിയാല്‍ പിന്നെ നടുവേദന ശല്യം ചെയ്യാത്തവര്‍ ചുരുക്കം. എന്നാലിതാ നടുവേദനക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത. മരുന്നുകളും തെറാപ്പികളും വ്യായാമങ്ങളും കൊണ്ടൊന്നും മാറാത്ത നിങ്ങളുടെ നടുവേദനയ്ക്ക് ഗവേഷകര്‍ ഇതാ ഒരു പ്രതിവിധി കണ്ടെത്തിയിരിക്കുന്നു.

എണ്‍പത് ശതമാനം നടുവേദനക്കാര്‍ക്കും വെറും പത്തുമിനിറ്റു കൊണ്ട് വേദനയ്ക്ക് ശമനം ലഭിക്കുന്ന തരമൊരു ചികിത്സാരീതിയാണ് ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. മനുഷ്യന്റെ നട്ടെല്ല് നിര്‍മിച്ചിരിക്കുന്നത് കശേരുക്കള്‍കൊണ്ടാണ്. കശേരുക്കളോടൊപ്പം ഡിസ്ക് പേശികള്‍, സ്നായുക്കള്‍, ചലനവള്ളികള്‍ എന്നിവയും നട്ടെല്ലിന്റെ ഭാഗമാണ്. നട്ടെല്ലിനേല്‍ക്കുന്ന സമ്മര്‍ദം കുറയ്ക്കാന്‍ ഒരു ഷോക്ക് അബ്സോര്‍ബര്‍പോലെ ഡിസ്ക് പ്രവര്‍ത്തിക്കുന്നു. കശേരുക്കള്‍ ചേര്‍ന്നുനില്‍ക്കുമ്പോള്‍ അവയുടെ ഉള്ളിലായി രൂപപ്പെടുന്ന ദ്വാരത്തിലൂടെയാണ് സുഷുമ്നാ നാഡി കടന്നുപോകുന്നത്. ഡിസ്ക്കിന്റെ തകരാറുകളും കശേരുക്കളുടെ തേയ്മാനവും ചലനവള്ളികള്‍ക്കുണ്ടാകുന്ന വലിച്ചിലും പേശികള്‍ക്കുണ്ടാവുന്ന ഉളുക്കുമൊക്കെ നടുവേദനയ്ക്ക് കാരണമാകാമെന്ന് ഇറ്റലിയിലെ സപെന്‍സ സര്‍വകലാശാലയിലെ ഡോക്ടര്‍ അലക്സ്‌സാണ്ട്രോ നാപോളി പറയുന്നു. 

ഡിസ്ക് തേയ്മാനം ഉള്‍പ്പടെയുള്ള പ്രശ്നങ്ങളുള്ള  എണ്‍പതോളം രോഗികളില്‍ നടത്തിയ ഈ പരീക്ഷണം വന്‍ വിജയമായിരുന്നു. നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷം വേദനയ്ക്കു കുറവു വരാതിരുന്ന രോഗികള്‍ക്ക് ഈ ചികിത്സ കൊണ്ട് പരിഹാരം ലഭിച്ചിരുന്നു. 

സിടി സ്കാന്‍ സഹായത്തോടെ വേദനയ്ക്ക് കാരണമാകുന്ന ഭാഗത്തേക്ക് ഒരു സൂചി സൂക്ഷ്മതയോടെ കടത്തിവിട്ടാണ് ഈ ചികിത്സ. 

ഈ ഭാഗത്തേക്ക് ഒരു ചെറുഉപകരണത്തിന്റെ സഹായത്തോടെ പള്‍സഡ് റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ കടത്തി വിടും. ഇത് ഏകദേശം പത്തുമിനിറ്റ് നേരത്തെക്കാണ് ചെയ്യുന്നത്. തികച്ചും വേദനാരഹിതമാണ് ഈ പക്രിയ. 

ഇതിനു വിധേയരാകുന്ന രോഗികളില്‍ ഏകദേശം എൺപതുശതമാനം പേര്‍ക്കും പിന്നീട് യാതൊരുവിധ പ്രശ്നങ്ങളും ഇല്ല എന്ന് ഡോക്ടര്‍ നപ്പോളി പറയുന്നു. ചികിത്സ കഴിഞ്ഞ്  ഒരു വര്‍ഷത്തിനു ശേഷവും ഇവര്‍ക്ക് ദിനചര്യകള്‍ വേദനരഹിതമായി ചെയ്യാന്‍ കഴിയുന്നുണ്ട്. ചെറിയ ഒരു ശതമാനം ആളുകള്‍ക്ക് മാത്രമാണ് രണ്ടാമതും ഈ ചികിത്സ ആവര്‍ത്തിക്കേണ്ടി വരുന്നത്. ശാസ്ത്രക്രിയകളോ മറ്റു നടപടികളോ ഇല്ലാതെ തന്നെ നടുവേദന എന്ന അവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ ഈ ചികിത്സയ്ക്ക് സാധിക്കും എന്നാണു വിദഗ്ധര്‍ പറയുന്നത്.

Read More : ആരോഗ്യവാർത്തകൾ