Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചികിൽസയിൽ സഹായിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

artificial-intelligence

‘യുഎസിലുള്ള ഡോക്ടർ കോട്ടയം മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തീയറ്ററില്‍ കിടക്കുന്ന രോഗിക്കു ശാസ്ത്രക്രിയ നടത്തി’ എന്ന വാർത്ത കേൾക്കാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുറന്നു തരുന്ന സാധ്യതകളിലാണ് ഈ ‘അദ്ഭുത’വും

മനുഷ്യരുടെ ബുദ്ധിയെയും ചിന്താരീതികളെയും അനുകരിക്കാൻ കംപ്യൂട്ടറിനെ പരിശീലിപ്പിച്ചെടുക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) അഥവാ നിർമിത ബുദ്ധിയിൽ ചെയ്യുന്നത്.

പഠിക്കാനും വിശകലനം ചെയ്യാനുമുള്ള ശേഷി കംപ്യൂട്ടറിനു പകർന്നു നല്‍കുകയാണിവിടെ. ഇതിന്റെ സാധ്യതകൾ ആരോഗ്യ ലോകവും പ്രയോജനപ്പെടുത്തുകയാണ്.

മനുഷ്യന്റെ തലച്ചോറിനു സമാനമായ രീതിയിൽ കംപ്യൂട്ടറുകളുടെ പ്രവർത്തനം ചിട്ടപ്പെടുത്താനായി ‘ന്യൂറൽ നെറ്റ്‌വർക്’ എന്ന സംവിധാനമാണിപ്പോൾ ഉപയോഗിക്കുന്നത്. ഒരു ചിത്രം നാം കാണുമ്പോൾ അതെങ്ങനെ നമ്മുടെ തലച്ചോറിൽ റജിസ്റ്റർ ചെയ്യപ്പെടുന്നു എന്നതിനു സമാനമായ തരത്തിൽ തന്നെ ഇപ്പോള്‍ കംപ്യൂട്ടറുകളും മനസ്സിലാക്കും.

കോടിക്കണക്കിനു ചിത്രങ്ങളിൽ നിന്നു നമ്മുടെ ചിത്രം തിരിച്ചറിഞ്ഞു സ്ക്രീനിലെത്തിക്കാൻ കംപ്യൂട്ടറുകൾക്ക് നിമിഷങ്ങൾ മാത്രം മതിയാകുന്നതും എഐയുടെ കഴിവാണ്.

∙ ആരോഗ്യമേഖലയിലെ കുതിപ്പിന്

ഡിജിറ്റലായി പകർത്തുന്ന ചിത്രങ്ങൾ എഐയുടെ സഹായത്തോടെ വിശകലനം ചെയ്യുന്നത് ആരോഗ്യമേഖലയിൽ വൻമാറ്റങ്ങൾക്കു വഴിയൊരുക്കും.

എക്സ്റേകൾ, സിടി, എംആർഐ, അൾട്രാ സൗണ്ട് സ്കാൻ റിപ്പോർട്ടുകൾ അർബുദപരിശോധനാ റിപ്പോർട്ടുകൾ തുടങ്ങിയവയെല്ലാം നിമിഷവേഗത്തിൽ ഏറ്റവും നന്നായി വിലയിരുത്താൻ എഐയിലൂടെ കഴിയും.

മികച്ച റേഡിയോളജിസ്റ്റിന്റേതിനു സമാനമായ വിശകലനങ്ങളും നൽകാനാകും. മെഡിക്കൽ സേവനങ്ങൾ അധികം കടന്നു ചെല്ലാത്ത ഗ്രാമങ്ങൾക്കും മറ്റും ഇതുപയോഗപ്പെടുത്താൻ കഴിയുമെന്നതാണു മെച്ചം. ഇന്ത്യയിലെ ഏതെങ്കിലും ഗ്രാമത്തിലെ രോഗിയുടെ സ്കാൻ റിപ്പോർട്ട് അയച്ചു കിട്ടിയാൽ ഉടൻ തന്നെ അതു പഠിച്ച്, രോഗനിർണയം നടത്താനാകും.

ഇതുപോലെ രക്തസാംപിൾ വിശകലനവും (പാതോളജി സ്ലൈഡുകൾ) ത്വക്ക് രോഗചിത്രങ്ങളും ഡിജിറ്റൽ റിപ്പോർട്ടുകളാക്കി മാറ്റിയെടുത്താൽ അവയുടെ വിശദപരിശോധനയും എഐയിലൂടെ സാധിക്കും. റേഡിയോളജി, ഡെർമറ്റോളജി, പാതോളജി മേഖലകളിൽ എഐയ്ക്കു സഹായിക്കാനാകുമെന്നു ചുരുക്കം.

∙ റെറ്റിനോപ്പതി നിർണയത്തിൽ

പ്രമേഹരോഗികളിൽ കണ്ണിനുണ്ടാകുന്ന അസുഖം (റെറ്റിനോപ്പതി) കൃത്യമായി നിർണയിക്കാൻ ഇന്ത്യയിൽ പലയിടത്തും പ്രയാസം നേരിട്ടിരുന്നു. തുടർന്ന് ഗൂഗിൾ ഇന്ത്യയിലെയും യുഎസിലെയും ചില ഡോക്ടർമാരുമായി ചേർന്ന് ഈ രംഗത്തു പ്രവർത്തനം തുടങ്ങി.

ഇത്തരം രോഗികളുടെയും രോഗമില്ലാത്തവരുടെയും കണ്ണിന്റെ റെറ്റിനയുടെ ഏകദേശം 1.28 ലക്ഷം ചിത്രങ്ങൾ മികച്ച നേത്രരോഗവിദഗ്ധര്‍ വിശകലനം നടത്തി.

അവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലുണ്ടാക്കിയ ഡേറ്റാബേസ് ഉപയോഗിച്ചു കംപ്യൂട്ടറുകളെ പരിശീലിപ്പിച്ചെടുതോടെ, ഡയബറ്റിക് റെറ്റിനോപ്പതി വേഗത്തിൽ കണ്ടെത്താനാകുന്ന സംവിധാനം രൂപപ്പെടുത്താനായെന്നു ഗൂഗിൾ പറയുന്നു.

റെറ്റിനയുടെ ചിത്രങ്ങൾ ഈ കംപ്യൂട്ടറുകളിലേക്കു ഫീഡ് ചെയ്താൽ വളരെ വേഗം ഇതിലൂടെ രോഗനിർണയം സാധ്യമാകുമെന്നാണു വിദഗ്ധരുടെ അഭിപ്രായം.

∙ ശുഭവാർത്ത ഉടൻ

നിർമിത ബുദ്ധി ഗവേഷണങ്ങളിലെ പ്രമുഖരായ ഐബിഎം യുഎസിലെ 31 ആശുപത്രികളുമായി സഹകരിച്ച് മെഡിക്കൽ എഐ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

സ്കാനിങ്, പരിശോധനാ റിപ്പോർട്ടുകള്‍ കംപ്യൂട്ടറിനെ പഠിപ്പിച്ചെടുത്തതു വഴി ഹൃദ്രോഗങ്ങൾ ഉൾപ്പെടെയുള്ളവയുടെ വിശകലനം വേഗത്തിൽ നടത്താനായെന്ന് അവർ അവകാശപ്പെടുന്നു.

റോബട്ടിക് സർജറി ഇപ്പോൾ പല ആശുപത്രികളും സാധാരണയായിക്കഴിഞ്ഞു. റോബട്ടിക് സർജറിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചേർന്നാൽ വൻകുതിച്ചു ചാട്ടമാകും ഉണ്ടാകുകയെന്നാണു വിലയിരുത്തൽ.

ഇതു സാധ്യമാകുന്നതോടെ രാജ്യത്തിന്റെ അതിർത്തികളോ ദൂരമോ ഒന്നും പ്രശ്നമില്ലാതെ വരും. ആകെ വേണ്ടത് ഇതിനുള്ള സൗകര്യവും രോഗിയെ കൃത്യമായി ഒരുക്കുകയെന്നതും മാത്രം. എത്ര വിദൂരമായ സ്ഥലത്തു നിന്നും എഐ സഹായത്തോടെയുള്ള വിവരങ്ങൾ എത്തിക്കാനും കഴിയും.

വിവരങ്ങൾ : ഡോ. അജിത് ജെ. തോമസ്

 

ചീഫ് ഓഫ് സെറിബ്രോവാസ്കുലർ സർജറി ആന്‍ഡ് അസോഷ്യേറ്റ്

പ്രഫസർ ഓഫ് ന്യൂറോ സർജറി, ഹാർവഡ് സർവകലാശാല, യുഎസ്

Read More: Health News