Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൗണ്‍ സിൻഡ്രോമുമായി ജനിച്ച കുഞ്ഞിനു നേരിട്ട അവഗണന വെളിപ്പെടുത്തി മാതാപിതാക്കൾ; ഒപ്പം ഇനിയൊരാൾക്കും ഈ അവസ്ഥ ഉണ്ടാകുതേ എന്ന പ്രാർഥനയും

down-syndrome

ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിനിടയില്‍ അപ്രതീക്ഷിതമായി 37-ാമത്തെ ആഴ്ചയില്‍ കുഞ്ഞിനു ഡൗണ്‍ സിൻഡ്രോം  ഉണ്ടെന്നറിഞ്ഞാല്‍ ഏതു മാതാപിതാക്കളാണ് തളര്‍ന്നു പോകാത്തത്. ലണ്ടന്‍ സ്വദേശികളായ ബെന്നിനെയും ഹന്നയെയും ഏറെ നാളത്തെ കാത്തിരിപ്പിനിടയിലാണ് ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്നു എന്ന സന്തോഷവാര്‍ത്ത തേടിയെത്തിയത്‌.്തും ഐവിഎഫ് ചികിത്സയിലൂടെ എന്നാല്‍ പ്രസവത്തിനു വെറും മൂന്നാഴ്ച ബാക്കിയുള്ളപ്പോഴാണ് ഇരുവരെയും ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത ഡോക്ടര്‍ പറഞ്ഞത്. 

36–ാം ആഴ്ചയിലെ സ്കാനിങ്ങിലാണ് കുഞ്ഞിനു ഡൗണ്‍ സിൻഡ്രോം ഉള്ളതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ആദ്യ മാസങ്ങളിലെയോ 22–ാ മത്തെ ആഴ്ചയിലെ സ്കാനിങ്ങിലോ എന്തെങ്കിലും ആരോഗ്യപ്രശനങ്ങള്‍ ഉള്ളതായി മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് ഈ ദമ്പതികള്‍ പറയുന്നു. 

എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യപ്രശ്നമറിഞ്ഞു തളര്‍ന്നിരുന്ന ഇവര്‍ക്ക് കൂടുതല്‍ വേദനയുണ്ടാക്കിയത് എന്‍എച്ച്എസ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പ്രതികരണമായിരുന്നു. കുഞ്ഞിനെ എത്രയും വേഗം അബോര്‍ട്ട് ചെയ്തു കളയുക എന്നാണ് മുഖത്തടിച്ച പോലെ ഡോക്ടര്‍മാര്‍ പറഞ്ഞതത്രേ. ജനിക്കാന്‍ മൂന്നാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ ആണ് ഈ ക്രൂരമായ വാക്കുകള്‍ അവര്‍ക്ക് കേള്‍ക്കേണ്ടി വന്നതെന്ന് ബെന്നും ഹന്നയും പറയുന്നു. 

ഡൗണ്‍ സിൻഡ്രോം ബാധിച്ച കുട്ടികളോടുള്ള ആശുപത്രി അധികൃതരുടെ സമീപനമാണ് ഇതിലൂടെ വ്യക്തമായതെന്ന് ഇവര്‍ പറയുന്നു. കുഞ്ഞിന്റെ അവസ്ഥയറിഞ്ഞു മനസ്സ്തകര്‍ന്നിരുന്ന തങ്ങളോടു കുഞ്ഞു മന്ദബുദ്ധിയായിരിക്കും എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഡൗണ്‍ സിൻഡ്രോമിനൊപ്പം കുഞ്ഞിന്റെ ഹൃദയഭിത്തികളില്‍ സുഷിരങ്ങള്‍ കാണപ്പെടുന്ന അവസ്ഥയും ഉണ്ടായിരുന്നു. 36–ാ മത്തെ ആഴ്ചയില്‍ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ബെന്നിനും ഹന്നയ്ക്കും അതിനു കുറിച്ചു ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. 

24–ാമത്തെ ആഴ്ച വരെയുള്ള അബോര്‍ഷന്‍ ഇംഗ്ലണ്ടില്‍ നിയമവിധേയമാണ്. എന്നാല്‍ അമ്മയ്ക്കും കുഞ്ഞിനും ജീവന് അപകടം ഉണ്ടെങ്കില്‍ മാത്രം അതിനു സമയപരിധി നിശ്ചയിച്ചിട്ടില്ല. ഡൗണ്‍ സിൻഡ്രോം പോലുള്ള പ്രശ്നങ്ങള്‍ കണ്ടെത്തുന്നതു മൂലം ഇംഗ്ലണ്ടില്‍ മാത്രം ഒരു വർഷം നിരവധി ഗര്‍ഭസ്ഥശിശുക്കളെയാണ്  37 ആഴ്ചയ്ക്കുശേഷം അബോര്‍ട്ടു ചെയ്യുന്നത്. കുഞ്ഞിന് എന്തെങ്കിലും രോഗം ഉണ്ടെന്നു കണ്ടെത്തി കഴിഞ്ഞാല്‍ അതിനെ ഇല്ലായ്മ ചെയ്യാന്‍ ആശുപത്രിയില്‍ നിന്നു സമ്മര്‍ദം നല്‍കിയത് കടുത്ത മാനസികസംഘര്‍ഷമാണ് ഉണ്ടാക്കുന്നതെന്ന് ഈ ദമ്പതികള്‍ പറയുന്നു. 

ഞങ്ങളുടേത് ഒരു ഒറ്റപെട്ട സംഭവമല്ല ഇതുപോലെ നിരവധി ദമ്പതികള്‍ക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.

 എന്തു സംഭവിച്ചാലും കുഞ്ഞിനെ നശിപ്പിക്കില്ല എന്ന ഉറച്ച തീരുമാനം ഇവർ എടുത്തു. ജൂണില്‍ ഹന്ന ഐറിസിനു ജൻമം നൽകി. കുഞ്ഞിന് ഹൃദയത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തണമെന്ന് ശിശുരോഗവിദഗ്ധര്‍ പറഞ്ഞിരുന്നു. ഡൗണ്‍ സിൻഡ്രോം ഉള്ള കുഞ്ഞുങ്ങള്‍ക്ക്‌ ഹൃദയഭിത്തികളിലെ സുഷിരങ്ങള്‍ സാധാരണമായി കാണപ്പെടുന്നതാണ്. കുഞ്ഞു ജനിച്ചു മൂന്നു മാസങ്ങള്‍ക്കകം ആണ് ഇത് നടത്തേണ്ടത്. എന്നാല്‍ എന്‍എച്ച്എസ്സില്‍ നിന്നുള്ള പ്രതികരണം ഈ കാര്യത്തിലും വളരെ സാവധാനത്തിലായിരുന്നെന്ന് ഇവർ പറയുന്നു. 

നവംബര്‍ വരെ കാത്തിരിക്കാനാണ് ഹന്നയ്കും ബെന്നിനും നിര്‍ദേശം ലഭിച്ചത്. അപ്പോഴേക്കും കുഞ്ഞിനു നാലര മാസം പ്രായമായിരുന്നു. 

നവംബര്‍ നാലിന് ശസ്ത്രക്രിയയ്ക്കുള്ള തീയതി നൽകിയെങ്കിലും അതിനു മുന്‍പ് തന്നെ കടുത്ത ശ്വാസതടസ്സം കാരണം കുഞ്ഞിനെ ലണ്ടനിലെ ഇവലിന ആശുപത്രിയില്‍ പ്രവശിപ്പിച്ചു. ഐസിയുവില്‍ ബെഡ് ഒഴിവില്ല എന്ന കാരണത്താൽ കുഞ്ഞിന്റെ ശസ്ത്രക്രിയ നവംബര്‍ 25 ലേക്ക് വീണ്ടും മാറ്റി. എത്രയും വേഗം നടത്തേണ്ട ശസ്ത്രക്രിയ വൈകിയതിനാലാണ് കുഞ്ഞുമകളെ നഷ്ടമായതെന്ന് ഹന്നയും ബെന്നും വിശ്വസിക്കുന്നു.

ഓപ്പറേഷനു കാത്തുനിൽക്കാതെ കുഞ്ഞ് ഐറിസ് ഈ ലോകത്തോട്‌ വിട പറഞ്ഞു. എന്‍എച്ച്എസിലെ സ്റ്റാഫുകളില്‍ നിന്നും തങ്ങള്‍ നേരിട്ടത് കടുത്ത അവഗണനയായിരുന്നുവെന്ന് ഹന്നയും ബെന്നും പറയുന്നു. ഡൗണ്‍ സിൻഡ്രോമുള്ള കുഞ്ഞുങ്ങള്‍ക്ക്‌ ജീവിക്കാന്‍ അവകാശമില്ല എന്ന രീതിയിലായിരുന്നു അവരുടെ പെരുമാറ്റം എന്നാണു ഇവര്‍ പറയുന്നത്. ആശുപത്രിയുടെ ഈ നടപടിക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് ഇവര്‍. 

രണ്ടുമാസങ്ങള്‍ക്ക് മുന്‍പ് ഹന്ന വീണ്ടും അമ്മയായി. യാതൊരു ചികിത്സയും കൂടാതെ പൂര്‍ണാരോഗ്യവാനായൊരു കുഞ്ഞിനെയാണ് ദൈവം തങ്ങള്‍ക്കു നല്‍കിയതെന്ന് ബെന്നും ഹന്നയും പറയുന്നു. എങ്കിലും ഐറിസിന്റെ നഷ്ടം തങ്ങളെ ഒരിക്കലും വിട്ടുപോകാത്ത വേദനയാണെന്ന് ഇവര്‍ പറയുന്നു. ഇനിയൊരു അച്ഛനും അമ്മയ്ക്കും ഈ അവസ്ഥ വരരുതേ എന്നാണു തങ്ങളുടെ പ്രാര്‍ഥന എന്നും ഇവര്‍ പറയുന്നു. 

Read More : Health News