Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

40 വയസ്സിനു മുൻപുള്ള നരയും കഷണ്ടിയും സൂക്ഷിക്കണം

hair-loss

പുരുഷന്മാരിലെ അകാലനരയും കഷണ്ടിയും ഹൃദ്രോഗത്തിനുള്ള സാധ്യത അഞ്ചിരട്ടി വർധിപ്പിക്കുമെന്നു പഠനം. നാൽപ്പതു വയസ്സിനു മുൻപേ മുടി നരയ്ക്കുകയോ കഷണ്ടി കയറുകയോ ചെയ്യുന്നത് പൊണ്ണത്തടിയെക്കാൾ അപകടകരമാണത്രെ. പൊണ്ണത്തടി ഉള്ളവർക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത നാലിരട്ടിയാണ്.

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള യു എൻ മെഹ്ത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസേർച്ച് സെന്ററിലെ സച്ചീൻ പാട്ടീലിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ചെറുപ്പക്കാരിൽ വർധിച്ചു വരുന്ന കൊറോണറി ആർട്ടറി ഡിസീസിന് പരമ്പരാഗതമായ സാധ്യതാ ഘടകങ്ങൾ കാരണമാണെന്നു കണ്ടു.

അകാലനരയ്ക്കും ആൻഡ്രോജെനിക് അലോപേഷ്യ എന്ന പുരുഷന്മാരിലെ കഷണ്ടിയ്ക്കും ക്രോണോളജിക്കൽ പ്രായവുമായി ബന്ധമില്ല. എങ്കിലും വാസ്കുലാർ ഏജുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.

ഇന്ത്യയിലെ ചെറുപ്പക്കാരിൽ അകാലനരയ്ക്കും കഷണ്ടിക്കുമുള്ള ബന്ധം ഗവേഷകർ പരിശോധിച്ചു. നാൽപ്പതു വയസ്സിൽ താഴെ പ്രായമുള്ള790 പുരുഷന്മാരെ പഠനവിധേയരാക്കി. ഇവരെ കൺട്രോൾ ഗ്രൂപ്പിൽപ്പെട്ട, ഇതേ പ്രായത്തിലുള്ള ആരോഗ്യവാൻമാരായ1270 പുരുഷന്മാരുമായി താരതമ്യതപ്പെടുത്തി.

എല്ലാവരുടെയും വൈദ്യ ചരിത്രം പരിശോധിച്ചു. ഇസിജി, എക്കോ കാർഡിയോഗ്രഫി, രക്തപരിശോധന, കൊറോണറി ആൻജിയോഗ്രാം ഇവ നടത്തി.

കൺട്രോൾ ഗ്രൂപ്പിൽപ്പെട്ട 30 ശതമാനം പേരെ അപേക്ഷിച്ച് ഹൃദ്രോഗം ബാധിച്ച50 ശതമാനം ചെറുപ്പക്കാരിൽ അകാലനര ബാധിച്ചതായും 49 ശതമാനം പേർക്ക് ആരോഗ്യമുള്ള 27 ശതമാനം പേരെ അപേക്ഷിച്ച് കഷണ്ടി ബാധിച്ചതായും കണ്ടു.

പ്രായം, ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യതാ ഘടകങ്ങൾ ഇവ പരിശോധിച്ചപ്പോൾ കഷണ്ടിയുള്ളവർക്ക് കൊറോണറി ആർട്ടറി ഡിസീസ് വരാനുള്ള സാധ്യത 5.6 ഇരട്ടിയാണെന്നു കണ്ടു.

അകാലനര ഉണ്ടെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത 5.3 ഇരട്ടിയാണെന്നും കണ്ടു. കഷണ്ടിയും അകാലനരയും ഹൃദ്രോഗസാധ്യതാ ഘടകങ്ങളായി പരിഗണിക്കണമെന്ന് ഗവേഷകനായ ഡോ. കുമാർ ശർമ്മ പറയുന്നു. അകാലത്തിൽ ഹൃദ്രോഗബാധിതരാകുന്നവരുടെ എണ്ണം ഇന്ത്യയിൽ കൂടി വരികയാണെന്നു പഠനം പറയുന്നു.

കൊൽക്കത്തയിൽ നവംബർ 30 മുതൽ ഡിസംബർ 3 വരെ നടന്ന കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാർഷിക സമ്മേളനത്തിൽ ഈ ഗവേഷണഫലം അവതരിപ്പിച്ചു.

Read More: ആരോഗ്യവാർത്തകൾ