Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപസ്മാരത്തിനുള്ള ശസ്ത്രക്രിയയ്ക്ക് ഇന്‍ഷുറന്‍സ് കമ്പനി ഫണ്ട്‌ നല്‍കിയില്ല; 15 വയസ്സുകാരിക്കുണ്ടായ അനുഭവം ഇങ്ങനെ

cara

ചികിത്സാരംഗത്തണ്ടാകുന്ന പുതിയ മാറ്റങ്ങളെ വൈദ്യശാസ്ത്രം പ്രതീക്ഷയോടെ കാണുമ്പോഴും പലപ്പോഴും രോഗികള്‍ക്ക് അതിനാവശ്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ തയാറാകുന്നില്ല എന്ന പരാതി ചിലപ്പോഴൊക്കെ ഉയരാറുണ്ട്. അതിനേറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ക്യാര പ്രസ്‌മാന്‍ എന്ന ന്യൂയോര്‍ക്ക്‌ സ്വദേശിനിയായ പതിനഞ്ചുകാരിയുടേത്. 

കടുത്ത അപസ്മാരമായിരുന്നു ക്യാരയുടെ പ്രശ്നം. തലച്ചോറിലെ ചില കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ക്യാരയെ ചികിത്സിച്ച ഡോക്ടർമാര്‍ കണ്ടെത്തി. ഈ അവസ്ഥയില്‍ നിന്നും അവളെ രക്ഷിക്കാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗം ഒരു പുതിയ തരം ലേസര്‍ ശസ്ത്രക്രിയയായിരുന്നു.  ലേസര്‍ അബ്ലേഷന്‍ (Laser ablation) എന്നാണ് ഇതിനു പറയുന്നത്.

തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയെ അപേക്ഷിച്ചു വളരെ ലളിതമാണ് ഇത്. തലയോട്ടിയില്‍ ചെറിയൊരു ദ്വാരം ഉണ്ടാക്കിയ ശേഷം ലേസര്‍ രശ്മികളുടെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തുന്നത്. എന്നാല്‍ ഓപ്പറേഷന്‍ നടത്താന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ക്യാരയെയും കുടുംബത്തെയും ഞെട്ടിച്ചു കൊണ്ട് അവരുടെ ഇന്‍ഷുറന്‍സ് കമ്പനി ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുക നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നത്.

ക്യാരയുടെ ശാസ്ത്രക്രിയ വെറും പരീക്ഷണം എന്നാണ് ഇന്‍ഷുറന്‍സ് കമ്പനിയായ എറ്റ്നാ (Aetna) ക്യാരയുടെ മാതാപിതാക്കളായ ജൂലിയാനയോടും റോബര്‍ട്ടിനോടും പറഞ്ഞത്. പ്രതീക്ഷകളോടെ കാത്തിരുന്ന ആ കുടുംബത്തിനു ഈ റിപ്പോര്‍ട്ട് കടുത്ത തിരിച്ചടിയായി.  യാതൊരു കാരണവുമില്ലാതെയാണ് അവര്‍ ഈ ശസ്ത്രക്രിയയെ തള്ളികളഞ്ഞതെന്ന് ക്യാരയും കുടുംബവും പറയുന്നു. അതേസമയം തലയോട്ടി തുറന്നുള്ള ഓപ്പണ്‍ ബ്രെയിന്‍ സര്‍ജറിക്ക് കമ്പനി സഹായം ചെയ്യാമെന്നും പറയുന്നു.

യുഎസ് ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (US Food and Drug Administration) അനുമതി ഉണ്ടായിരുന്നിട്ടും ശസ്ത്രക്രിയ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്നതാണെന്നാണ് ഇന്‍ഷുറന്‍സ് കമ്പനി പറയുന്ന ന്യായം. ആളുകളുടെ സുരക്ഷയും ശസ്ത്രക്രിയയുടെ വിജയസാധ്യതയും മുന്‍നിര്‍ത്തിയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നാണ് കമ്പനിയുടെ അവകാശവാദം. 

ക്യാരയുടെ കേസു പോലെ മരുന്നുകള്‍ കൊണ്ട് പൂര്‍ണമായും സുഖപ്പെടുത്താന്‍ കഴിയാത്ത അപസ്മാരങ്ങള്‍ക്ക് ലേസര്‍ അബ്ലേഷന്‍ ഫലപ്രദമാണെന്ന് ഡോക്ടർമാര്‍ പറയുന്നു.  അതേസമയം ലോബിക്ടമി (lobectomy) അല്ലെങ്കില്‍ തലയോട്ടി തുറന്നുള്ള ശസ്ത്ര ക്രിയകള്‍ക്കു വിജയസാധ്യതയേറെ ഉണ്ടെങ്കിലും ശാസ്ത്രക്രിയയ്ക്കിടയില്‍ ഉണ്ടായേക്കാവുന്ന ചെറിയ പിഴവുകള്‍ രോഗിയുടെ കാഴ്ചശക്തിയെയും ചലനശേഷിയെയും ബാധിക്കാന്‍ സാധ്യതയുണ്ട്.  ക്യാരയുടെ ചെറിയ പ്രായവുംമറ്റും പരിഗണിച്ചാണ് ലേസര്‍ അബ്ലേഷന്‍ പോലെയൊരു ശസ്ത്രക്രിയ മുന്നോട്ടുവച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ലേസര്‍ അബ്ലേഷനെ അപേക്ഷിച്ചു ലോബിക്ടമി സര്‍ജറികള്‍ക്ക് ചെലവും കൂടുതലാണ്. 

Read More : Health News