Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈക്രോവേവ് അവ്നില്‍ മുട്ട പാകം ചെയ്താൽ?

egg

ഇന്നത്തെ കാലത്ത് ആഹാരസാധനങ്ങള്‍ പാകം ചെയ്യാനും വീണ്ടും ചൂടാക്കി ഉപയോഗിക്കാനും മിക്കവരും ഉപയോഗിക്കുന്ന ഒന്നാണ് മൈക്രോവേവ് അവ്നുകള്‍. ഭക്ഷണം വളരെ വേഗത്തിലും എല്ലാ ഭാഗങ്ങളിലും സമമായ രീതിയിലും ചൂടായി കിട്ടുന്നു എന്നതാണ് അവ്ന്റെ പ്രത്യേകത. 

എന്നാല്‍ അവ്ൻ ഉപയോഗിച്ച് എല്ലാ ഭക്ഷണങ്ങളും പാചകം ചെയ്യാനാകുമോ? പ്രത്യേകിച്ചു മുട്ട. സമയലാഭം ഉണ്ടെങ്കിലും അവ്നില്‍ മുട്ട പാകം ചെയ്യുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ അത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തലാകും. 

ഒരു യുവാവിന് യുഎസിലെ ഒരു ഹോട്ടലില്‍ നിന്നും ഉണ്ടായ അനുഭവമാണ് ഈ വിഷയത്തെ കുറിച്ചു ഗവേഷകര്‍ക്ക് കൂടുതല്‍ പഠനം നടത്താന്‍ പ്രേരണയായത്. ഹോട്ടലില്‍ നിന്നും അവ്നില്‍ തയാറാക്കിയ മുട്ട വായിൽ വച്ചപ്പോൾ പൊട്ടിത്തെറിക്കുകയും യുവാവിന്റെ കേള്‍വിശക്തിയെ ബാധിക്കുകയും ചെയ്തിരുന്നു. ഹോട്ടലിന് എതിരെ യുവാവ് കേസ് ഫയല്‍ ചെയ്തെങ്കിലും പിന്നീട് ഈ കേസ് കോടതിക്ക് പുറത്തു ഒത്തുതീര്‍പ്പാക്കി.

ഒരിക്കല്‍ വേവിച്ച മുട്ടകള്‍ അവ്നില്‍ വീണ്ടും ചൂടാക്കുമ്പോള്‍ എന്ത് സംഭവിക്കും എന്നാണു ഗവേഷകർ പഠനം നടത്തിയത്. മുട്ടകള്‍ പൊട്ടിത്തെറിക്കുന്ന യുട്യൂബിലുള്ള വിഡിയോകളും ഇവര്‍ പഠനവിധേയമാക്കി. എല്ലാ മുട്ടകളും ഇത്തരത്തില്‍ പൊട്ടിതെറിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഒരാളുടെ കേള്‍വിശേഷിയെ തകര്‍ക്കാന്‍ തക്ക ശക്തി ഇതിനുണ്ടാകുമോ എന്നത് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പഠനത്തിനു നേതൃത്വം നല്‍കിയ ആന്റണി നാഷ് പറഞ്ഞു.

പൊട്ടിത്തെറിച്ച മുട്ടകളുടെ മഞ്ഞക്കരുവിന്റെ ചൂട് പുറത്തെ അന്തരീക്ഷത്തെക്കാള്‍ വളരെയധികം കൂടുതലായിരുന്നുവെന്ന് ആന്റണി നാഷ് പറയുന്നു. മൈക്രോവേവ് അവ്നിൽ മിനിറ്റുകൾക്കുള്ളിൽ ആഹാരം വേകുന്നതിനു പ്രധാന കാരണം അതിന്റെ ഹൈപവർ എനർജി ലെവൽ ആണ്. ഒരുപക്ഷേ മുട്ടയ്ക്കുള്ളിലെ പ്രോട്ടീനുകള്‍ ചൂടാക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തെ മഞ്ഞക്കരുവിലേക്ക് വലിച്ചെടുക്കാന്‍ സാധ്യതയുണ്ട്. ഇത് വീണ്ടും അമിതഅളവില്‍ അവ്നില്‍ ചൂടാക്കുമ്പോഴാകാം ഇവ പൊട്ടിതെറിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ആവിയുടെ കൂടുതലായ മർദ്ദം മൂലമാകാം ഈ പൊട്ടിത്തെറി.

Read More : Health and Wellbeing