Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അകാല മരണത്തില്‍ നിന്നു രക്ഷപ്പെടാം, ഈ ‘സിംപിള്‍’ കാര്യം ചെയ്താല്‍ മതി!

loneliness

ദിവസവും ചുരുങ്ങിയത് 15 സിഗററ്റെങ്കിലും വലിക്കുന്ന ഒരാള്‍. രണ്ടാമത്തെയാള്‍ ദിവസവും ഒറ്റയ്ക്കാണ്. ആരുമായും കൂട്ടില്ല, ആരോടും മിണ്ടില്ല, ആകെ ഏകാന്തനായ അവസ്ഥ. ഇവരില്‍ ആരായിരിക്കും ഏറ്റവും ആരോഗ്യവാന്‍? ഒറ്റപ്പെട്ടിരിക്കുന്നയാളാണെന്ന് ഭൂരിപക്ഷം പേരും കണ്ണുംപൂട്ടി പറയും. കാരണം പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്നു കൊച്ചുകുട്ടികള്‍ക്കു വരെയറിയാം. എന്നാല്‍ ആ നിഗമനം തെറ്റാണ്. ദിവസത്തില്‍ 15 സിഗററ്റു വലിക്കുന്ന ആള്‍ക്കുണ്ടാകുന്നത്രയും ആരോഗ്യപ്രശ്‌നങ്ങളാണ് ഒറ്റപ്പെട്ട ജീവിതം നയിക്കുന്നവരെയും കാത്തിരിക്കുന്നത്. അകാല ചരമം ഉള്‍പ്പെടെ. 

പുകവലിയുടെയും പൊണ്ണത്തടിയുടെയും അതേ ദോഷഫലങ്ങളാണ് ഒറ്റയാന്‍/ഒറ്റയാള്‍ ജീവിതം നയിക്കുന്നവരെയും കാത്തിരിക്കുന്നതെന്ന പഠനറിപ്പോര്‍ട്ട് പുറത്തുവന്നത് ഇംഗ്ലണ്ടിലാണ്. അതും സര്‍ക്കാര്‍തലത്തില്‍ നടത്തിയ പഠനത്തില്‍. ഈ കണ്ടെത്തലിനെത്തുടര്‍ന്ന് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടേ മതിയാകൂ എന്ന അവസ്ഥയിലായിരിക്കുകയാണിപ്പോള്‍ അധികൃതര്‍. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ പ്രശ്‌നം അതീവഗുരുതരമാകുന്ന അവസ്ഥ. ‘സാമൂഹികമായ മഹാവ്യാധി’ എന്നാണ് ഏകാന്തജീവിതത്തെ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നതു തന്നെ!

പ്രായമേറുമ്പോഴാണു പലരും തങ്ങളുടേതായ ലോകത്തേക്കു ചുരുങ്ങിക്കൂടുന്നതെന്നായിരുന്നു നേരത്തേ ഉണ്ടായിരുന്ന നിഗമനം. എന്നാല്‍ പ്രായഭേദമന്യേ ലക്ഷക്കണക്കിനു പേര്‍ ഏകാന്തതയുടെ പ്രശ്‌നങ്ങളില്‍പ്പെട്ടുഴലുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതാകട്ടെ അവരുടെ ആരോഗ്യത്തെ അതിഭീകരമായി തകര്‍ക്കുകയാണ്. ചെറുപ്പത്തില്‍ത്തന്നെ മരണം തേടി വരുന്ന അവസ്ഥയും ഇതുവഴിയുണ്ടാകും. സര്‍ക്കാര്‍ ഇടപെടലല്ലാതെ ഈ പ്രശ്‌നത്തിനു മറ്റൊരു പരിഹാരമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മറ്റു രാജ്യങ്ങള്‍ക്കെല്ലാം മാതൃകയാക്കാവുന്ന ചില നിര്‍ദേശങ്ങളാണ് ഇംഗ്ലണ്ടില്‍ നിന്നുണ്ടായിരിക്കുന്നതും. ഏകാന്തത അനുഭവപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് അവരെ സഹായിക്കാന്‍ ഒരു പ്രത്യേക വകുപ്പും അതിനൊരു മന്ത്രിയും നിര്‍ബന്ധമാണെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. ജനങ്ങള്‍ക്കായി ബോധവത്കരണം സംഘടിപ്പിക്കണം. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുണ്ടാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ മനസ്സിലാക്കിക്കാന്‍ പ്രത്യേക ക്യാംപെയ്‌നുകളും വേണം. കുടുംബവും സമൂഹവുമായി ഓരോരുത്തരും എപ്രകാരമുള്ള ബന്ധമാണു കാത്തുസൂക്ഷിക്കുന്നതെന്നു കണ്ടെത്താന്‍ ‘ഫാമിലി ആന്‍ഡ് റിലേഷന്‍ഷിപ്‌സ് ടെസ്റ്റുകള്‍’ നിര്‍ബന്ധമാക്കണം. ഇക്കാര്യം സര്‍ക്കാര്‍ നയത്തിന്റെ തന്നെ ഭാഗമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ഏകാന്തത സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നു കാര്യമായ നീക്കങ്ങളൊന്നുമില്ല. ജനങ്ങള്‍ ഒറ്റയ്ക്കല്ലെന്ന ബോധ്യമുണ്ടാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും നിര്‍ദേശമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒറ്റയ്ക്ക് എല്ലാം ചെയ്യാനാകില്ല. മറിച്ച് വിവിധ പദ്ധതികള്‍ രൂപീകരിച്ച് അവയെ ഏകോപിപ്പിക്കുന്ന രീതി സ്വീകരിക്കാം. പദ്ധതികളുടെ പുരോഗതി കൃത്യമായി വിലയിരുത്തണം. വേണ്ട മാര്‍ഗനിര്‍ദേശങ്ങളും നല്‍കണം. 

മഞ്ഞുകാലത്താണ് ഏകാന്തതയുടെ പ്രശ്‌നങ്ങള്‍ ജനങ്ങളെ ഏറെ അലട്ടാറുള്ളത്. വിഷാദരോഗം പോലുള്ള പ്രശ്‌നങ്ങള്‍ ഏറ്റവും രൂക്ഷമാകുന്നത് മഞ്ഞുകാലത്താണെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ സമയത്ത് ആശുപത്രികളും ഡോക്ടര്‍മാരും കമ്യൂണിറ്റി സര്‍വീസ് സെന്റുകളുമെല്ലാം താങ്ങാവുന്നതിലേറെ ജോലിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്. ഇതിനു പരിഹാരം കാണാനും നയരൂപീകരണത്തിലൂടെ സര്‍ക്കാരിനു സാധിക്കും. എല്ലാറ്റിനുമുപരിയായി റിപ്പോര്‍ട്ടില്‍ ഒരു കാര്യം കൂടി പറയുന്നുണ്ട്. ഓരോരുത്തര്‍ക്കുമുള്ള നിര്‍ദേശമാണത്. തങ്ങളുടെ കുടുംബത്തോടും അയല്‍ക്കാരോടും സുഹൃത്തുക്കളോടുമെല്ലാം നല്ല ബന്ധം സ്ഥാപിക്കുകയെന്നതാണ് ആ നിര്‍ദേശം. അത്തരമൊരു ‘സിംപിൾ’ നീക്കത്തിലൂടെ ആരോഗ്യവും എന്തിനേറെ ജീവന്‍ വരെ രക്ഷപ്പെടുത്താനാകും...

Read More : Health News