Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരമ്മയുടെ എഫ്ബി പോസ്റ്റ് രക്ഷിച്ചത് മറ്റൊരു കുരുന്നിന്റെ കാഴ്ച !

babies

അപൂർവമായി കണ്ണുകളിൽ കണ്ടുവരുന്ന കാൻസറിനെക്കുറിച്ചുള്ള ഒരമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് രക്ഷിച്ചത് മറ്റൊരു കുരുന്നിന്റെ ജീവൻ. 33 വയസ്സുള്ള ഷാലെറ്റ് സലിൽസ്ബറിയാണ് തന്റെ മകൾ ഫെലിസിറ്റിയെ ബാധിച്ച രോഗാവസ്ഥ വിവരിച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റ് ഇട്ടത്.

കണ്ണുകളെ ബാധിക്കുന്ന റെറ്റിനോബ്ലാസ്റ്റോമയുമായായിരുന്നു ഫെലിസിറ്റിയുടെ ജനനം. യു.കെയിൽ 40 മുതൽ 50 കുട്ടികളിൽ വരെ ഒരുവർഷം ഈ രോഗാവസ്ഥ കണ്ടുവരുന്നുണ്ട്. നിർഭാഗ്യവശാൽ ഇതു തിരിച്ചറിയാൻ കഴിയുന്നത് ഒൻപതു മാസത്തിനു ശേഷമാണ്. 

ക്യാമറയുടെ ഫ്ലാഷ് മിന്നുമ്പോൾ മകളുടെ കണ്ണ് 'പൂച്ചകണ്ണ്' പോലെയാകുന്നത് ഷാലെറ്റ് ശ്രദ്ധിച്ചിട്ടുണ്ട്. കുഞ്ഞിന്റെ കണ്ണുകളിലെ തിളക്കമായി കരുതി ഷാലെറ്റ്  അത് അവഗണിച്ചു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട ഒരു കുടുംബ സുഹൃത്താണ് ഫെലിസിറ്റിയെ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ഷാലെറ്റിനോടു നിർദ്ദേശിച്ചത്. 

വിദഗ്ധ പരിശോധനയ്ക്കു ശേഷം ഡോക്ടർമാർ പറഞ്ഞ വാക്കുകൾ ഷാലെറ്റിനെ തകർത്തു. കുഞ്ഞിന്റെ ഓരോ കണ്ണിലും മൂന്നുവീതം ട്യൂമറുകൾ. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിപ്പോയി. കുഞ്ഞാകട്ടെ യാതൊരുവിധ അസ്വസ്ഥതകളും പ്രകടിപ്പിച്ചിട്ടുമില്ല. സാധാരണ ഒരു കുഞ്ഞിനെപ്പോലെ ഏറെ സന്തോഷവതിയായിരുന്നു അവളും. കുഞ്ഞിന്റെ കണ്ണിൽ ഷാലെറ്റ് കണ്ട ആ തിളക്കം ട്യൂമറുകളാകുമെന്ന് സ്വപ്നത്തിൽപ്പോലും ആ അമ്മ കരുതിയിരുന്നില്ല. 

ആദ്യം കുഞ്ഞിന്റെ രോഗവിവരങ്ങളെല്ലാം വളരെ രഹസ്യമായി സൂക്ഷിക്കാനായിരുന്നു ഷാലെറ്റും ഇഷ്ടപ്പെട്ടത്. വളരെ അപൂർവമായി കാണുന്ന കാൻസർ ആയതിനാലും തിരിച്ചറിയാൻ വൈകുമെന്നതിനാലുമാണ് ഫേസ്ബുക്കിൽ പോസ്റ്റ് ഇടാൻ തീരുമാനിച്ചത്– ഷാലെറ്റ് പറയുന്നു.

എന്റെ സുഹൃത്തുക്കൾക്കിടയിൽ മാത്രം പ്രചരിക്കുമെന്നു കരുതിയ പോസ്റ്റ് 65,000 തവണ ഷെയർ ചെയ്യപ്പെട്ടപ്പോഴാണ് രോഗത്തിന്റെ ഭീകരാവസ്ഥ എത്രത്തോളമാണെന്നു ബോധ്യമായത്.

ഈ പോസ്റ്റ് കണ്ടാണ് ഇരുപതുകാരിയായ തവോമി ഷാർലറ്റ് തന്റെ മകൾ ലിഡിയയെ പരിശോധനയ്ക്ക് വിധോയയാക്കിയത്. ലിഡിയയിലും ഇതേ കാൻസർ കണ്ടെത്തുകയായിരുന്നു.

എന്നാൽ ലിഡിയയുടെ ഇടതുകണ്ണിനെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും കാൻസർ വ്യാപിക്കുന്നതു തടയാൻ ഡോക്ടർമാർക്കു സാധിച്ചു. ഇൻഡ്രോകുലർ റെററിനോബ്ലാസ്റ്റോമ(  Intraocular Retinoblastoma) ആയിരുന്നു ലിഡിയയുടെ ഇടതുകണ്ണിനെ ബാധിച്ചത്. ഇത് ടൈപ്പ് ഇ എന്നാണറിയപ്പെടുന്നത്.

ട്യൂമർ വളരെ വലുതായതിനാൽ ഇടതു കണ്ണ് സംരക്ഷിക്കാൻ മറ്റ് മാർഗമൊന്നുമില്ലായിരുന്നു. കണ്ണ് എടുത്തു മാറ്റുക മാത്രമായിരുന്നു ഏകപോംവഴി. ആ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നെങ്കിൽ രോഗം തിരിച്ചറിയില്ലായിരുന്നുവെന്ന് ലിഡിയയുടെ മാതാപിതാക്കൾ പറയുന്നു. അങ്ങനെ ഒരു പോസ്റ്റ് ഇട്ടതിന് ഷാലെറ്റിനോട് ഇവർ നന്ദി പറയുന്നു.

ഇപ്പോൾ ഫെലിസിറ്റിക്ക് കീമോതെറാപ്പി ചെയ്തുകൊണ്ടിരിക്കുകയാണ്. ചികിത്സയോട് പോസിറ്റീവായി അവൾ പ്രതികരിക്കുന്നുണ്ടെന്നും ഷാലെറ്റ് പറയുന്നു. വലതുകണ്ണിന്റെ കാഴ്ച തിരികെ കിട്ടുയിട്ടുണ്ട്. ഇടതുകണ്ണിന്റെ കാഴ്ച വീണ്ടെടുക്കാനുള്ള ചികിത്സ നടന്നുവരുന്നു. 

Read More : Health News