Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവച്ച് ഒരമ്മ

Heather

ജീവിതത്തെ നമ്മള്‍ കൂടുതല്‍ കൂടുതല്‍ സ്നേഹിക്കാന്‍ തുടങ്ങുന്നത് എപ്പോഴാണ് ? മരണത്തെ മുഖാമുഖം കാണുമ്പോൾ എന്നാകും മിക്കവരുടെയും ഉത്തരം. മരണം തൊട്ടുമുന്നിലെത്തി എന്ന തിരിച്ചറിവാകും പലപ്പോഴും മനുഷ്യരെ കൂടുതല്‍ സന്തോഷത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈ ഒരു അവസ്ഥയിലൂടെയാണ്‌ ഹീത്തെര്‍ ആന്‍ നേപ്പിള്‍സ് എന്ന യുവതിയും കടന്നു പോയത്.

എന്തൊക്കെ ചികിത്സകള്‍ നടത്തിയിട്ടും ഭേദമാകാതെ പിടികൂടിയ തലവേദനയാണ് ഹീത്തെറിന്റെ ജീവിതത്തിൽ മാറ്റം വരുത്തിയത്. ഒരു രാത്രി സഹിക്കാന്‍ കഴിയാത്ത വിധം വേദന അനുഭവപ്പെട്ടു. തലച്ചോറിലെ രക്തധമനികളുടെ വീക്കമായിരുന്നു ഹീത്തറിന്റെ ഈ വേദനയുടെ കാരണം.

 ഇതേ രോഗം ബാധിച്ച് ഹീത്തറിന്റെ സുഹൃത്തിന്റെ അമ്മ അടുത്തിടെ മരിച്ചിരുന്നു. അതുകൊണ്ടുതന്നെ തനിക്കും മരണം സംഭവിക്കുമെന്ന് ഹീത്തര്‍ ഭയപ്പെട്ടു. 

ഹീത്തറിന്റെ അവസ്ഥ മോശമായത്തോടെ ഹീത്തറും ഭര്‍ത്താവും അടിയന്തരമെഡിക്കല്‍ സഹായത്തിനായി ഫോണ്‍ ചെയ്തു. വേദനകൊണ്ട് പുളയുന്നതിനിടയിൽ അടുത്ത മുറിയില്‍ നിന്നുള്ള മകളുടെ കരച്ചിൽ ഹീത്തർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 

ഉടന്‍ അവർ ഭര്‍ത്താവിന്റെ വിഡിയോ കാമറ ഓണ്‍ ചെയ്ത് മകളെക്കുറിച്ചുള്ള പ്രതീക്ഷകൾ ഹീത്തര്‍ റെക്കോര്‍ഡ്‌ ചെയ്തു. താന്‍ മരണപ്പെട്ടാലും മകള്‍ എപ്പോഴെങ്കിലും കേള്‍ക്കണം എന്ന മോഹമായിരുന്നു ഇതിനു പ്രേരിപ്പിച്ചത്.

ഭാഗ്യമെന്നു പറയട്ടെ ഹീത്തര്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു. എന്നാല്‍ ആ ഒരു ദിവസമാണ് തന്റെ ജീവിതവും ചിന്തകളും മാറ്റിമറിച്ചതെന്ന് ഹീത്തര്‍ പറയുന്നു. നീണ്ടനാളത്തെ ചികിത്സയാണ് ഹീത്തറിന് ഡോക്ടമാര്‍ നിര്‍ദേശിച്ചത്. എങ്കിലും താന്‍ ഇന്ന് സന്തോഷവതിയാണെന്ന് ഹീത്തര്‍ പറയുന്നു.

ഒരമ്മയുടെ മനസ്സ് മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയില്ല. സ്വന്തം ഹൃദയത്തിന്റെ ഒരംശം തന്നെയാണ് ഒരു കുഞ്ഞ്. ആ മകളെ ഇനി കാണാന്‍ ആകാതെ വരുമെന്ന് തോന്നിയൊരു അവസ്ഥയാണ് തന്റെ ചിന്താഗതി തന്നെ മാറ്റിയതെന്ന് ഇവര്‍ പറയുന്നു. നമ്മള്‍ മരിച്ച ശേഷം ആളുകള്‍ നമ്മളെപ്പറ്റി, നമ്മള്‍ ചെയ്ത നല്ല പ്രവര്‍ത്തികളെ കുറിച്ചു പറയണം എന്നതാണ് ഇപ്പോള്‍ ഹീത്തറിന്റെ ആഗ്രഹം. 

എത്രത്തോളം ജീവിതത്തെ സ്നേഹിക്കാം, മറ്റുള്ളവര്‍ക്ക് എങ്ങനെയൊക്കെ നല്ലതു ചെയ്യാം ഇതൊക്കെയാണ് ഇന്ന് ഹീത്തറിന്റെ ചിന്തകള്‍. തനിക്ക് ദൈവം നല്‍കിയത് ഒരു അവസരമാണ്, അതുകൊണ്ട് ആ അവസരത്തെ പരമാവധി ഉപയോഗപ്പെടുത്തണം. മൊബൈല്‍ ഫോണ്‍ സ്ക്രീനുകളില്‍ ജീവിതത്തെ തളച്ചിടാതെ കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി കൂടുതല്‍ സമയം ചെലവിടുക. സ്വയം സ്നേഹിക്കുക, എല്ലാവരോടും പുഞ്ചിരിക്കുക, മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ കഴിയുന്നത്ര സന്തോഷം നല്‍കുക, സ്വയം സ്നേഹിക്കുക. ഇതെല്ലം ജീവിതത്തില്‍ വന്നാല്‍ തന്നെ നിങ്ങളുടെ ജീവിതം മനോഹരമാകുമെന്ന് ഹീത്തര്‍ പറയുന്നു. 

Read More : Health News