Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഗികൾക്കായി സ്വന്തം വീടു തുറന്നുകൊടുത്ത ഡോക്ടർ

dr-madan-mohan

കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകളിലെ മുൻപ്രിൻസിപ്പലും പ്രമുഖ ജീവകാരുണ്യപ്രവർത്തകനുമായിരുന്ന ഡോ. മദൻ‍മോഹന്റെ മരണം കണ്ണീരിലാഴ്ത്തിയത് നൂറുകണക്കിന് കാൻസർ രോഗികളെ. 

ചികിൽസ തേടി കോട്ടയം മെഡിക്കൽ കോളജിലെത്തുന്ന നിർധനരായ കാൻസർ രോഗികളെ താമസിപ്പിക്കുന്നതിനും അനാഥരായ മുതിർന്നവരെ സംരക്ഷിക്കുന്നതിനും സ്വന്തം വീടിനോടു ചേർന്നുള്ള കണ്ണായ ഭാഗം വിറ്റാണ് ഡോ. കെ.മദൻമോഹൻ പണം കണ്ടെത്തിയത്. ഈ പണം ഉപയോഗിച്ച് രോഗികൾക്കായി  സ്വന്തം വീടിന്റെ രണ്ടു നിലകളിലായി താമസ സൗകര്യം സജ്ജമാക്കുകയും ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.

ഇതിനായി 30 ലക്ഷം രൂപയോളം ചെലവഴിച്ചു. ഒരു കോടി രൂപയോളം ചെലവുള്ള പദ്ധതിയാണ് അദ്ദേഹം വിഭാവനം ചെയ്തത്. ‘മദൻ ചാരിറ്റബിൾ ട്രസ്റ്റ്’ എന്ന പേരിൽ സന്നദ്ധ സംഘടന രൂപീകരിച്ചാണ് ഈ ജീവകാരുണ്യപദ്ധതിയുമായി അദ്ദേഹം മുന്നിട്ടിറങ്ങിയത്. സംഘടന റജിസ്റ്റർ ചെയ്യുന്നതിന്റെ നടപടികൾ പുരോഗമിക്കുമ്പോഴാണ് വിയോഗം. ഇതിനായി സ്വന്തം പണം ചെലവിടണമെന്നതും അദ്ദേഹത്തിന്റ ആഗ്രഹമായിരുന്നു.

റേഡിയേഷനും മറ്റു കാൻസർ ചികിൽസകൾക്കും മെഡിക്കൽ കോളജിൽ എത്തുന്ന കാൻസർ രോഗികളെ സഹായിക്കുന്നതിനുവേണ്ടി വിരമിച്ചശേഷം മുതിർന്ന ഡോക്ടർമാരും സാമൂഹിക പ്രവർത്തകരും ചേർന്ന് ആരംഭിച്ച കാൻസർ കെയർ ഹോമിന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു.  

പെൻഷന്റെ നല്ലൊരു ശതമാനം തുകയും കാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി നീക്കിവച്ചിരുന്നു. മൃഗസ്നേഹിയായിരുന്ന അദ്ദേഹം വീട്ടിൽ  20 നായ്ക്കളെയാണ് വളർത്തിയിരുന്നത്. ഡോ. മദൻമോഹന്റെ മരണത്തോടെ ഈ നായ്ക്കളെ മൃഗസ്നേഹികൾ ചേർന്ന് തെരുവുനായ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള ശ്രമത്തിലാണ്. 

Read More : ആരോഗ്യവാർത്തകൾ