Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യവഴിയിൽ പുതുപരീക്ഷണങ്ങളുമായ് മേയ് ഫ്രീഡൽ

may-fridel മേയ് ഫ്രീഡൽ

‘ജൈവം’ എന്ന വാക്ക് മലയാളി കേൾക്കാൻ തുടങ്ങിയിട്ട് അധികം നാളായില്ല. ജൈവപച്ചക്കറി മുതൽ ജൈവ അരി വരെ ഇന്ന് പൊതുജന ശബ്ദതാരാവലിയിൽ ഇടം നേടിയിരിക്കുന്നു. വിഷം തൊടാതെ സ്വന്തം അടുക്കളത്തോട്ടത്തിൽ നിന്നും പറിച്ചെടുക്കുന്ന പച്ചക്കറി കഴിക്കുന്നതാണ് നല്ലതെന്ന തിരിച്ചറിവിനു വഴിയൊരുക്കിയത് അർബുദ –  ജീവിതശൈലി രോഗങ്ങളുടെ പെരുപ്പമാണ്. മാരക വിഷത്തിൽ മുക്കി അന്യസംസ്ഥാനങ്ങളിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കഴിക്കുന്നത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ പുതിയ സംവാദങ്ങൾക്ക് തുടക്കമിട്ടുക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് യുഎസിൽ വേരുറപ്പിച്ച മേയ് എന്ന മലയാളിയുടെ ആരോഗ്യപരീക്ഷണങ്ങൾ നോക്കിക്കാണാൻ. 

ഇരുപതു വർഷം മുൻപ് മകനേറ്റ ഭക്ഷ്യ അലർജിയാണ് ചാന്തന്നൂർ സ്വദേശി മേയ് ഫ്രീഡലിനെ ആരോഗ്യപാചകത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. പാക്കറ്റ് ഫുഡ് ഉപയോഗമാണ് മകന്റെ ഭക്ഷ്യ അലർജിക്ക് കാരണമായതെന്നു ഡോക്ടർമാർ കണ്ടെത്തിയതോടെ പുതിയ പാചക രീതികൾ പരീക്ഷിക്കാൻ മേയ് തീരുമാനിച്ചു. അമേരിക്കൻ വിഭവങ്ങൾക്ക് പകരം തനത് കേരളീയ വിഭവങ്ങൾ തീൻമേശയിൽ അവതരിച്ചപ്പോൾ മകൻ മാത്യുവിന്റെ ആരോഗ്യത്തിൽ പ്രകടമായ മാറ്റം വന്നു. ഇത് ഈ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകാൻ ആത്മവിശ്വാസമേകി. കേരളത്തിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങൾ തിരഞ്ഞെടുത്തു പുതിയ വിഭവങ്ങൾ പരീക്ഷിച്ചു സൗഹൃദകുട്ടായ്മകളിൽ അവതരിപ്പിച്ചപ്പോൾ കിട്ടിയ പ്രോൽസാഹനം പാചകരംഗത്തേയ്ക്ക് പൂർണശ്രദ്ധയേകാൻ മേയ്ക്കു പ്രചോദനവുമായി.

''സുഗന്ധവ്യഞ്ജന കച്ചവടവുമായാണ് എന്റെ പൂർവികർ കൊല്ലം ചാത്തന്നൂരിൽ എത്തിയത്. ഞങ്ങളുടെ എസ്റ്റേറിൽ നിന്നും ലഭിക്കുന്ന വിളകളും സുഗന്ധവ്യജ്ഞനങ്ങളുമാണ് വീട്ടിൽ ഇപ്പോഴും ഉപയോഗിക്കുന്നത്. നാടൻ പാചകരീതികളും ചെറുപ്രായത്തിൽ തന്നെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എൻജിനീയറിങ് പഠനം കഴിഞ്ഞ് അമേരിക്കയിലെത്തിയിട്ടും ഒഴിവുനേരങ്ങളിൽ കേരളീയ വിഭവങ്ങൾ പരീക്ഷിക്കുമായിരുന്നു. ശുദ്ധമായ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് ഒരുക്കിയ വിഭവങ്ങൾ ഭർത്താവ് ഫ്രാങ്ക് ഫിഡിലിന്റെ മനസിലിടം നേടിയപ്പോൾ ആവേശമായി. പലപ്പോഴും നാട്ടിൽ വന്ന് നാടൻ പാചകക്കുറിപ്പുകൾ ശേഖരിച്ചു പരീക്ഷിച്ചു. നമ്മുടെ തനത് വിഭവങ്ങളെക്കുറിച്ചു ലഭിച്ച അറിവുകൾ ലോകശ്രദ്ധയിൽ കൊണ്ടു വരണമെന്ന ചിന്തയാണ് ‘പാഷൻ ഫോർ ഫുഡ്’ എന്ന വെബ് സൈറ്റ് തുടങ്ങാൻ പ്രേരിപ്പിച്ചത്. പ്രോസസഡ് ഫുഡിന്റെ ഉപയോഗമാണ് പ്രമേഹത്തിന് ഒരു കാരണമെന്ന തിരിച്ചറിവും ആരോഗ്യപാചകം എന്ന മേഖലയിൽ ശ്രദ്ധ തിരിക്കാൻ പ്രചോദനമേകി. 

cook-book

‘‘നമ്മുടെ സുഗന്ധവ്യഞ്ജനങ്ങളെല്ലാം നല്ല ഒറ്റമൂലികൾ കൂടിയാണ്. ഇവയ്ക്കു പല രോഗങ്ങൾ ശമിപ്പിക്കാനുള്ള സിദ്ധിയുമുണ്ട്. നമ്മുടെ തനത് ആരോഗ്യ പാചകക്കുറിപ്പുകൾ വിദേശീയർക്കു പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് 140 പാചകക്കുറിപ്പുകൾ സമാഹരിച്ച് ഇന്ത്യൻ ക്യൂസീൻ ഡയബറ്റീസ് കുക്ക്ബുക്ക് എന്ന പുസ്തകം പുറത്തിറക്കിയത്.’’- മേയ് പറയുന്നു

മേയുടെ ഇന്ത്യൻ ക്യൂസീൻ ഡയബറ്റീസ് കുക്ക്ബുക്ക് അമേരിക്കൻ ഡയബറ്റീസ് അസോസിയേഷൻ വിലയിരുത്തി ഉറപ്പുവരുത്തിയതാണ്. അമേരിക്കയിലെ വിവിധ സർവകലാശാലകളിലും കൂട്ടായ്മകളിലും ആരോഗ്യപാചകശൈലിയുടെ അറിവ് പകർന്നുനൽകാൻ മേയ് ക്ലാസുകൾ എടുക്കുന്നുമുണ്ട്. പാചകം ചെയ്യാൻ എറ്റവും അനുയോജ്യമായത് കാസ്റ്റ് അയൺ പാത്രങ്ങളാണെന്നാണ് മേയുടെ പക്ഷം. ഭക്ഷണത്തിന്റെ പോഷകഗുണങ്ങൾ ചോർന്നു പോകാതിരിക്കാനാണിത്. നല്ല വിഭവത്തിന്റെ മാനദണ്ഡമെന്തന്ന് ചോദിച്ചാൽ ‘കൂടുതൽ സുഗന്ധവ്യഞ്ജനം, കുറച്ചു കൊഴുപ്പ്’ എന്നാണ് മേയുടെ ഉത്തരം. ദിവസം ആരോഗ്യത്തോടെ തുടങ്ങാൻ രാവിലെ വെറുംവയറ്റിൽ ഇളം ചൂട് വെള്ളത്തിൽ പകുതി നാരങ്ങ പിഴിഞ്ഞ് കുടിച്ചാൽ മതിയാകുമെന്ന് ഇവർ പറയുന്നു. ശരീരത്തിലെ രോഗകാരണമാകുന്ന ടോക്സിനുകൾ ഇതിലൂടെ പുറംതള്ളാനാകും.

ഭക്ഷണത്തിൽ ചേരുവകളുടെ കാര്യത്തിലും ശ്രദ്ധ പുലർത്തണമെന്നും മേയ് പറയുന്നു. കടൽ ഉപ്പും ഒലിവ് എണ്ണയുമാണ് പാചകത്തിന് ഉത്തമം. സ്റ്റീം ചെയ്തു ഗ്രീൽ ചെയ്ത ടർക്കി മാംസമാണ് മേയുടെ ഇഷ്ട വിഭവം. അഞ്ചു രാജ്യങ്ങളിൽ നിന്നും ഷെഫുകളെ കണ്ടെത്തി കേരളീയ ആരോഗ്യ പാചകവിധികളും സുഗന്ധവ്യഞ്ജനങ്ങളുടെ ഒൗഷധ ഗുണങ്ങളും പരിചയപ്പെടുത്തുന്ന യാത്രാപദ്ധതിയുടെ പണിപ്പുരയിലാണ് ഇപ്പോൾ മേയ്.

Read More : Health News