Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാബില്‍ തന്നെ അണ്ഡം വികസിപ്പിക്കാം; വന്ധ്യതാ ചികിത്സാരംഗത്ത് പുത്തന്‍ കണ്ടെത്തല്‍

infertility-disease Newborn baby feet in the mother hands

വന്ധ്യതാ ചികിത്സാരംഗത്ത് പുത്തന്‍ കണ്ടെത്തലുമായി അമേരിക്കയിലെയും ബ്രിട്ടനിലെയും ഒരു സംഘം ഗവേഷകര്‍. മനുഷ്യശരീരത്തിന് പുറത്തായി അണ്ഡം വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. 

ലാബില്‍ വളര്‍ത്തിയെടുക്കുന്ന ഈ അണ്ഡം വന്ധ്യതാ പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. 

വളരെ ചെറുപ്പത്തില്‍ തന്നെ കാന്‍സര്‍ രോഗബാധയെ തുടര്‍ന്നു വന്ധ്യത ഉണ്ടാകാന്‍ സാധ്യതയുള്ള സ്ത്രീകള്‍ക്കാണ് ഇതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുന്നതെന്നും ഇവര്‍ പറയുന്നു. 

മോളിക്കുലാര്‍ ഹ്യൂമന്‍ റിപ്രൊഡക്ഷന്‍ ജേര്‍ണലില്‍ ഈ പഠനം  പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ലാബില്‍ വളര്‍ത്തിയെടുക്കുന്ന ഈ അണ്ഡത്തെ കുറിച്ച് ഇനിയും കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ട് എന്നാണ് ഇതിനു നേതൃത്വം നല്‍കുന്ന ഡോക്ടർമാര്‍ പറയുന്നത്. 

ഒരു വര്‍ഷക്കാലം യാതൊരുവിധ പ്രതിരോധനടപടികളും സ്വീകരിക്കാതെ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷവും സ്ത്രീ ഗര്‍ഭിണിയായില്ലെങ്കില്‍ ആണ് വന്ധ്യത സംശയിക്കേണ്ടത്. ഏഴില്‍ ഒരു ദമ്പതികള്‍ക്ക് വന്ധ്യതാസാധ്യത ഇന്ന് കണ്ടുവരുന്നുണ്ട്. എന്നാല്‍ വികസിത രാജ്യങ്ങളില്‍ ഇത് നാല് ദമ്പതികളില്‍ ഒരാള്‍ക്ക് എന്ന രീതിയിലാണ്. 

ലോകാരോഗ്യസംഘടനയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ലോകത്താകമാനം പത്തുശതമാനം സ്ത്രീകള്‍ക്ക് ഇന്ന് വന്ധ്യതയുണ്ട്. ഇതൊരു പുബ്ലിക് ഹെല്‍ത്ത്‌ ഇഷ്യൂ ആയിട്ടാണ് ലോകാരോഗ്യസംഘടന കാണുന്നത്.

ഗര്‍ഭാശയത്തില്‍ നിന്നും ശേഖരിക്കുന്ന കലകളില്‍ നിന്നാണ് ഈ അണ്ഡം വികസിപ്പിക്കുന്നത്. അണ്ഡവളര്‍ച്ചയെ കുറിച്ചു വിപ്ലവകരമായ ഒരു കണ്ടെത്തല്‍ കൂടിയാകും ഈ പരീക്ഷണം എന്നാണ് ഇതിനു നേതൃത്വം നല്‍കുന്ന ഡോക്ടർമാര്‍ പറയുന്നത്. അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കപ്പുറം ഈ പരീക്ഷണം നൂറുശതമാനം വിജയം കാണുമെന്നാണ് കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ പിന്നെ വന്ധ്യതാചികിത്സയുടെ ഭാഗമായി സ്ത്രീകള്‍ക്ക് മരുന്നുകള്‍ പോലും കഴിക്കേണ്ട ആവശ്യം വരുന്നില്ലെന്നും ചികിത്സയുടെ ഭാഗമായി സ്ത്രീകള്‍ നേരിടുന്ന പലപ്രശ്നങ്ങളും അതോടെ ഇല്ലാതാകുമെന്നും ഗവേഷകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

Read More : Health News