Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിളർച്ച അകറ്റാൻ ഇവ കഴിച്ചേ മതിയാകൂ...

anemia

കേരളത്തിലെ 34 ശതമാനം സ്ത്രീകളും വിളർച്ച ബാധിതരാണെന്ന‌് ദേശീയ കുടുംബാരോഗ്യ സർവേയുടെ പഠന‌ം.നമ്മുടെ അനാരോഗ്യകരമായ  ചിട്ടകളിലേക്കും ക്രമംതെറ്റിയ ഭക്ഷണശൈലിയിലേക്കും കൂടിയാണ് ഇതു വിരൽ ചൂണ്ടുന്നത്. ഇരുമ്പിന്റെ അളവ് കൂടുതലുള്ള ആഹാരം ക്രമീകരിക്കുക എന്നതാണ് വിളർച്ച ഒഴിവാക്കാനുള്ള ഏക മാർഗം

ദേശീയ കുടുംബാരോഗ്യ സർവേയുടെ ഏറ്റവും പുതിയ പഠനങ്ങൾ  പ്രകാരം ആരോഗ്യ പരിപാലനത്തിൽ കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ മുന്നിലാണ്. എന്നാൽ  ഞെട്ടിക്കുന്ന ഒരു വസ്തുതകൂടി ആ പഠനം പുറത്തുകൊണ്ടുവരുന്നു– കേരളത്തിലെ 34.2% സ്ത്രീകളും വിളർച്ച ബാധിതരാണത്രെ! ശരീരത്തിൽ ഇരുമ്പിന്റെ സാന്നിധ്യം കുറയുന്നതുമൂലം രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവു കുറയുന്നതാണ് വിളർച്ചയ്ക്കു പ്രധാന കാരണമായി ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ജനിതക പ്രശ്നങ്ങളും മറ്റു രോഗങ്ങളും വിളർച്ചയ്ക്ക് കാരണമാകുന്നുണ്ട്. എന്നാൽ ക്രമം തെറ്റിയുള്ള ഭക്ഷണരീതിയാണ് കേരളം ‘വിളർച്ചയിലേക്ക് നീങ്ങാനുള്ള’ പ്രധാന കാരണം. കേരളത്തിലെ സ്ത്രീകളിൽ 32.4 ശതമാനവും അമിതവണ്ണമുള്ളവർ എന്നതും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. (സ്ത്രീകളെ അപേക്ഷിച്ച് അമിതവണ്ണമുള്ള പുരുഷൻമാരുടെ എണ്ണം കുറവാണ്– വെറും 28.5 ശതമാനം)

എന്തുകൊണ്ട് വിളർച്ച? 

പോഷകാഹാരക്കുറവും അമിതപോഷണവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നു പറയാം. പോഷകാഹാരക്കുറവ് ദാരിദ്ര്യം സമ്മാനിക്കുമ്പോൾ അമിതപോഷണം പൊണ്ണത്തടിയിലേക്ക് നയിക്കും. ഈ വൈരുദ്ധ്യം വിരൽ ചൂണ്ടുന്നത് ഒരേ ഘടകത്തിലേക്കാണ്– വേണ്ടത് വേണ്ട അളവിൽ മലയാളി ഭക്ഷണമാക്കുന്നില്ല. ആധുനിക കേരളത്തിന്റെ ഭക്ഷ്യസംസ്കാരമാണ് സീറോ കലോറി ഫുഡ് എന്ന ഘടകം.  ആവശ്യമായ സമയത്ത് ആവശ്യമായ അളവിൽ ഇരുമ്പ് അടങ്ങിയ സമീകൃതാഹാരം ശരീരത്തിൽ എത്താത്തതാണ് പോഷകാഹാരക്കുറവിന്റെയും അമിതപോഷണത്തിന്റെയും പ്രധാന കാരണം. ഇതുമൂലമുണ്ടാകുന്ന വിളർച്ചയാകട്ടെ വ്യക്തിയുടെ പ്രവർത്തനക്ഷമത, ഉൗർജം, ഉന്മേഷം, കാര്യപ്രാപ്തി എന്നിവ ഇല്ലാതാക്കുകയും ചെയ്യും. ഇരുമ്പിന്റെ കുറവുമൂലം രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവാണ് വിളർച്ചയിലേക്ക് നയിക്കുന്നത്. ഓക്സിജനെ എല്ലാ കോശങ്ങളിലേക്കും ശരീരത്തിന്റെ എല്ലാ തലത്തിലേക്കും എത്തിക്കേണ്ട ദൗത്യം ഹീമോഗ്ലോബിന്റേതാണ്. ഇവയുടെ കുറവ് പ്രാണവായു ദാരിദ്ര്യത്തിലേക്കും അതുമൂലം തളർച്ച, ക്ഷീണം  എന്നിവയിലേക്കും നയിക്കും. തൈറോയ്ഡ്, കാൻസർ, കുടൽ രോഗങ്ങൾ, കുട്ടികളിലെ വിരരോഗങ്ങൾ എന്നിവയും വിളർച്ചമൂലം സംഭവിക്കാം. വിളർച്ച എന്ന അവസ്ഥ നീണ്ടുപോയാൽ അത് ക്രോണിക് അനീമിയ എന്ന അടുത്ത ഘട്ടത്തിലേക്കും ഹൃദയത്തെപ്പോലും ബാധിക്കുന്ന മറ്റു രോഗങ്ങളിലേക്കും നയിക്കും. ശരീരക്ഷീണം പലപ്പോഴും ഇരുമ്പിന്റെ കുറവുമൂലമുള്ള ‘മൂടിവയ്ക്കപ്പെട്ട’ രോഗമാണ്.  

ഭക്ഷണം തന്നെ ശരണം

വിളർച്ചയ്ക്ക് പരിഹാരം നല്ല ആഹാരം മാത്രമാണെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. പരമ്പരാഗത ഭക്ഷണത്തോടു മുഖം തിരിച്ചതും സംസ്കരിച്ച ആഹാരത്തിന്റെ ഉപയോഗം കൂടിയതുമാണ് കേരളത്തിന് വിളർച്ച സമ്മാനിച്ച പ്രധാന ഘടകങ്ങൾ. ഇരുമ്പ്, ആന്റി– ഓക്സിഡന്റുകൾ, ജീവകങ്ങൾ, തുടങ്ങിയ പോഷകങ്ങൾ നിറഞ്ഞ ആഹാരം നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമായേ മതിയാവൂ. ഇവ അടങ്ങിയിരിക്കുന്ന ഇലക്കറികൾ, പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങിയ ആവശ്യമായ തോതിൽ  ശരീരത്തില‌െത്തണം എന്ന് ഉറപ്പാക്കണം. ഇരുമ്പിന്റെ അംശം ലവലേശമില്ലാത്ത ജങ്ക് ഫുഡ് വിഭാഗത്തിലുള്ള ഭക്ഷണങ്ങൾ വിളർച്ചയിലേക്ക് നയിക്കും. രണ്ടു തരം ഇരുമ്പുകളാണ് ശരീരത്തിന് ആവശ്യം: ഹീം അയണും നോൺ ഹീം അയണും. ഇതിൽ ആദ്യത്തെ ഇനം ഇറച്ചി വിഭവങ്ങളിൽനിന്ന് ലഭിക്കുമ്പോൾ രണ്ടാമത്തേത് സസ്യങ്ങളിലാണ് അടങ്ങിയിരിക്കുന്നത്. യുവതികൾ, മധ്യവയസ്കരായ സ്ത്രീകൾ എന്നിവരുടെ ശരീരത്തിന്  ദിവസേന ഏതാണ്ട് 18 മി. ഗ്രാം ഇരുമ്പ് ആവശ്യമാണ്. ഗർഭിണികൾക്ക് ഇത് 27 മി. ഗ്രാം വരെയാകാം. 

അനീമിയ അകറ്റാൻ

ഇരുമ്പിന്റെ സാന്നിധ്യം ഏറെയുള്ള ഇൗന്തപ്പഴം  പോലുള്ള പഴങ്ങളും പാവയ്ക്കപോലുള്ള പച്ചക്കറികളും ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ശർക്കരയും കരിപ്പട്ടിയും കഴിച്ചാൽ ഇരുമ്പ് ധാരാളമായി ശരീരത്തിലെത്തും. ഏറെ സംസ്കരിക്കാത്ത വസ്തുക്കൾ എന്ന നിലയിൽ ശർക്കരയുടെയും കരിപ്പെട്ടിയുടേയുമൊക്കെ സ്ഥാനം പഞ്ചസാരയ്ക്ക് മുകളിലാണ്. ഇരുമ്പിന്റെ ആഗിരണത്തെ സഹായിക്കുന്ന ജീവകം സി ഏറെയുള്ള ഓറഞ്ച്, സ്ട്രോബെറി,  മാതളനാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ വിളർച്ച അകറ്റും. റെഡ് മീറ്റ് വിഭാഗങ്ങളിൽപ്പെടുന്ന ഇറച്ചികളും ഇരുമ്പിന്റെ അംശം ഏറെയുള്ള ആഹാരപദാർഥങ്ങളാണ്. എന്നാൽ ബ്രോയിലർ ചിക്കനിൽ ഇരുമ്പിന്റെ അളവ് ഏറെക്കുറവാണ്. കല്ലുമ്മക്കായ തുടങ്ങിയ കടൽ വിഭവങ്ങളിൽ  ഇരുമ്പ് ഏറെയുണ്ട്. പച്ചക്കറികളിൽ പയറുവർഗങ്ങൾ, ഉരുളക്കിഴങ്ങ്, മത്തങ്ങ, എന്നിവ ഉൾപ്പെടുത്താം. ധാന്യങ്ങൾ, നട്സ് തുടങ്ങിയവ ഇരുമ്പിന്റെ സ്രോതസാണ്. മൾബറി, ഒലിവ്, പ്രൂൺ എന്നിവയും ഇരുമ്പിനാൽ സമ്പുഷ്ടമായ വിഭവങ്ങളാണ്. ഇരുമ്പ് ഏറെയുള്ള വസ്തുക്കളാണു ഡാർക്ക് ചോക്ലേറ്റുകൾ. വിപണിയിൽ സുലഭമായിരിക്കുന്ന അയൺ ടാബ്‍ലറ്റുകളെ ആശ്രയിക്കുന്നതിനെക്കാൾ  എപ്പോഴും നല്ലത് മികച്ച ആഹാരക്രമം പുലർത്തുന്നതാണ്. 

വിവരങ്ങൾക്ക് കടപ്പാട് ഡോ. ബി. പത്മകുമാർ, പ്രഫസറും വകുപ്പുതലവനും മെഡിസിൻ വിഭാഗം, ഗവ. മെഡിക്കൽ കോളജ്, കൊല്ലം